ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടപദി ആലപിയ്ക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറന്നുവെന്നാണ് ആക്ഷേപം . ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായാണ് അഷ്ടപദി ആലപിക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറക്കേണ്ടി വന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിര്മ്മാല്ല്യത്തിനുശേഷമുള്ള മലര്‍നിവേദ്യ സമയത്താണ് അഷ്ടപദി ഗാനമാലപിയ്ക്കാതെ നട തുറക്കേണ്ടി വന്നത്. പഴമക്കാരുടെ അറിവനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായുള്ള ആചാരമാണ് പൂജാവേളയിലെ അഷ്ടപദി. ക്ഷേത്രത്തില്‍ ദിവസം അഞ്ചുനേരമാണ് ഏറെ താന്ത്രിക പ്രാധാന്യമുള്ള അഷ്ടപദി ഗാനാലാപനം.
രാവിലെ നിര്മ്മാല്ല്യത്തിനുശേഷം മലര് നിവേദ്യ സമയത്തും, ഉഷ:പൂജ സമയത്തും പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും രാത്രി അത്താഴപൂജയ്ക്കും അഷ്ടപദി ആലപിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണിത്. ഇതില്‍ ചില പൂജകള്‍ക്ക് ഇടയ്ക്കയോടുകൂടിയാണ് അഷ്ടപദി ആലാപനം.
അഷ്ടപദിയില്ലാതെ പൂജ നടന്നത് നാലമ്പലത്തിനകത്തെ ക്ഷേത്രം അടിയന്തിര പ്രവര്‍ത്തിക്കാര്‍, ക്ഷേത്രം അസി: മാനേജരെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം മാനേജര്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 20ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. വീഴ്ച്ച വരുത്തിയ ജീവനക്കാരനെതിരെ ഭരണസമിതി നടപടിയെടുത്തില്ലെങ്കില്‍, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് നീങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: