തിരുവനന്തപുരം: മുസ്ലീംലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദിന്റെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിലുളള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതിനാല്‍ അതിന് മുമ്പ് പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുസ്ലീംലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദ് ഭരണ സമിതി അംഗമായതില്‍ കോണ്‍ഗ്രസിനകത്തും യുഡിഎഫിലും രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്. അതേസമയം പ്രതിപക്ഷത്തെ പൊട്ടിത്തെറി ഭാവിയില്‍ വലിയ രാഷ്ട്രീയ ലാഭം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനും ഇടതുമുന്നണിക്കുമുളളത്.
സഹകരണത്തില്‍ രാഷ്ട്രീയമില്ലെന്നാണ് നേതൃത്വം പറയുന്നതെങ്കിലും മുസ്ലീം ലീഗിനകത്ത് അഭിപ്രായ ഭിന്നത രൂക്ഷമാണ്. പി അബ്ദുള്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മലപ്പുറത്തെ ലീഗ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് എംഎല്‍എ എത്തുന്നതിലെ അനൗചിത്യം യുഡിഎഫ് ഘടകക്ഷികളും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ പരസ്യ വിമര്‍ശനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം ഒഴിഞ്ഞു നില്‍ക്കുകയാണ്.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം മുസ്ലീം ലീഗിന്റെ മുന്നണി മാറ്റത്തിനുള്ള പാലമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: