തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വിശദീകരണം തേടി. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം വിശദീകരണം നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടതായും സഞ്ജയ് കൗള്‍ പറഞ്ഞു.
പഴയ ഐഡികള്‍ നിര്‍ത്തി, ഹോളോഗ്രാം മാര്‍ക്കോട് കൂടിയ പുതിയ വോട്ടര്‍ ഐഡികള്‍ ഇറക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. അതിന്റെ വ്യാജന് നിര്‍മിക്കുക പ്രയാസമാണ്. ഇവിടെ പഴയ മാതൃകയിലെ വ്യാജ ഐഡികളാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പില്‍ ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കാരണം വോട്ടര്‍ പട്ടികയില്‍ ഈ പേരുകള്‍ ഉണ്ടാവില്ല. തുടര്‍ നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സ്വീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ അധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെളിപ്പെടുത്തിയിരുന്നു. സ്നാപ്പ്സീഡ് ആപ് ഉപയോഗിച്ചാണ് കാര്‍ഡ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക എടുത്ത് ബൂത്ത് തിരിച്ചു ആളെ കണ്ടെത്തിയാണ് കാര്‍ഡ് ഉണ്ടാക്കിയതെന്ന് സ്വകാര്യ ചാനലിനോടാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് വെളിപ്പെടുത്തിയത്.
വ്യാജ വോട്ടര്‍ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നും പാലക്കാടുളള എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രന് പറഞ്ഞു. ഇവര്‍ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. പരാതി കിട്ടിയിട്ടും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും ബംഗലൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഗുരുതരമായ സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നടന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിലും ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: