ഗുജറാത്തിലെ കെവാഡിയയിലുള്ള ഏകതാ പ്രതിമയ്ക്കുമുന്നില്‍ നില്ക്കുമ്പോള് താന്‍ ഭാരതീയനാണെന്ന വലിയ അഭിമാനത്തില്‍ ആഹ്ലാദഭരിതരാകാത്തവരുണ്ടാകില്ല. ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ളതാണ്. ഏകതാപ്രതിമ അതിന്റെ ഉള്ളിലും ചുറ്റുമായി നിറച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങളേക്കാളുപരി, അതിനുചുവട്ടില്‍, ആ കാല്‍പ്പാദങ്ങളോട് ചേര്‍ന്നു നില്ക്കുമ്പോള് ഇങ്ങു തെക്കേയറ്റത്ത് കൊച്ചുകേരളത്തില്നിന്നെത്തിയവര്ക്കും കശ്മീരിന്റെ മനോഹാരിതയില്‍ നിന്ന് ഗുജറാത്തുകാണാനെത്തിയവര്ക്കും ഒരേ മനസ്സാണ്, നാമെല്ലാം ഭാരതീയരാണ്. ഏകതാ പ്രതിമ ലോകത്തിനു നല്കുന്ന സന്ദേശവും അതു തന്നെയാണ്. ഭാരതം ലോകത്തെ ഒന്നായി, വലിയൊരു കുടുംബമായി കാണുന്നു.
കെവാഡിയയില്‍ ഏകതാപ്രതിമ നിര്‍മ്മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. എതിര്‍സ്വരങ്ങള്‍ കൂടുതലും ഗുജറാത്തിനുപുറത്തായിരുന്നെങ്കിലും അതെല്ലാം തെറ്റുധരിക്കപ്പെട്ട മനസ്സില്‍ നിന്നോ, അറിവില്ലാത്തവരില്‍ നിന്നോ, അതല്ലെങ്കില്‍ വെറുതേ എതിര്‍ക്കാന്‍ തീരുമാനിച്ചവരില്‍ നിന്നോ വന്നതാണ്. പട്ടേല്‍ പ്രതിമ ഉയര്ന്നുകഴിഞ്ഞുള്ള ചരിത്രം അതാണ് വെളിപ്പെടുത്തുന്നത്. കെവാഡിയ എന്ന മനോഹരഭൂമിയിലേക്കിന്ന് ലോകമെങ്ങുനിന്നും സന്ദര്‍ശകര്‍ ഓരോ ദിവസവും ഒഴുകിയെത്തുന്നു. ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന ഇടമായി കെവാഡിയ മാറി. പതിനായിരങ്ങളാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. വലിയ പ്രതിമയെന്ന ലോകാത്ഭുതവും നര്‍മ്മദാനദിയും സര്‍ദാര്‍സരോവര്‍ അണക്കെട്ടും പ്രകൃതിഭംഗിയും ആസ്വദിച്ച് മടങ്ങിപ്പോകുന്നവരല്ല സന്ദര്‍ശകരാരും. അവര്‍ പട്ടേലിനെ അറിയുന്നു, ഭാരതത്തെ അറിയുന്നു, നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടത്തെ അറിയുന്നു, അതിലെ വീരനായകരെ മനസ്സിലാക്കുന്നു. ഒരു ജനതയുടെ സംസ്കാരത്തിന്റെ ചരിത്രം 182 മീറ്റര്‍ ഉയരമുള്ള ആ മഹാപ്രതിമയിലൂടെ ലോകം അറിയുന്നു.
1991ലെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് രാജസ്ഥാനിലെ ജയ്പൂരിനടുത്ത് സംഗനര്‍ എന്ന പ്രദേശത്തുകൂടി നടക്കുമ്പോള്‍ ഒരുകാഴ്ചയില്‍ കണ്ണുടക്കി. ഒരു പ്രതിമ. നല്ല പരിചയമുള്ള മുഖം ആ പ്രതിമയ്ക്ക്. കേരളത്തില്‍ നിന്നു വളരെ അകലെ ഒരു മലയാളിയുടെ മുഖം വഴിവക്കില്‍ പ്രതിമയായി കണ്ടപ്പോള്‍ അത്ഭുതം, ഒപ്പം സന്തോഷവും. കേരളത്തില്‍ നിന്നുള്ള ഏ.കെ.ഗോപാലനെന്ന കമ്മ്യൂണിസ്റ്റിന്റെ പ്രതിമയില്‍ മാലചാര്‍ത്തി വച്ചിരിക്കുന്നു ജയ്പൂര്‍ നഗരത്തില്‍. ബിജെപി നേതാവ് ഭൈരോണ്‍സിംഗ് ഷെക്കാവത്താണ് രാജസ്ഥാന് അന്ന് ഭരിക്കുന്നതെങ്കിലും സിപിഎമ്മിന് ചില മേഖലകളില്‍ വേരുകളുണ്ടായിരുന്നു. നിയമസഭയില്‍ സിപിഎം പ്രതിനിധികളുമുണ്ടായിരുന്നു. പ്രതിമയ്ക്കടുത്തെത്തി അതില്‍ തൊട്ടുനോക്കി. അത്രയൊന്നും കൃത്യതയില്ലാതെ നിര്‍മ്മിച്ച പരുപരുത്ത പ്രതിമ. പക്ഷേ, ഏകെജിയാണെന്ന് തിരിച്ചറിയാന്‍ ഒട്ടും വിഷമമില്ല. ഒപ്പമുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ സുഹൃത്തിനോട് വളരെ സന്തോഷത്തോടെ പറഞ്ഞു, ”ഇത് ഞങ്ങളുടെ നാട്ടുകാരനാണ്, ഏ.കെ.ഗോപാലന്!”. ഞങ്ങള്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സമ്മേളനത്തിനെത്തിയതായിരുന്നു ജെയ്പൂരില്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകളുള്ള നഗരം തിരുവനന്തപുരമാണ്. ഏത് പ്രധാന ജംഗ്ഷനിലും ഒരു പ്രതിമയുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ പ്രധാനകേന്ദ്രമാണ് സ്റ്റാച്യൂ ജംഗ്ഷന്. സെക്രട്ടേറിയറ്റിനു മുന്നിലെ ജംഗ്ഷന് എന്നതിലുപരി ഒരൂ പ്രതിമയാണ് ആ പേരിനാധാരമായത്. തിരുവിതാംകൂറിലെ ഏറ്റവും മികച്ച ഭരണധികാരികളില്‍ ഒരാളായ ദിവാന് സര് ടി. മാധവറാവുവിന്റെ പ്രതിമയാണ് ആ സ്ഥലത്തിനു പേരു നല്‍കിയത്. മാധവറാവു പ്രതിമയ്ക്ക് എതിരെ തലയുയര്‍ത്തി, സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ വേലുത്തമ്പിദളവയുടെയും പ്രതിമയുണ്ട്. മാധവറാവു മുതല്‍ ഗാന്ധിജിവരെ പ്രതിമകള്‍ നിരവധിയാണ് തിരുവനന്തപുരത്ത്. ഓരോ പ്രതിമയ്ക്കും പറയാനുള്ളത് നിരവധി ചരിത്രങ്ങള്‍. എങ്കിലും, ഏറെ പ്രധാനമെന്ന് തോന്നിയത് നിയമസഭാവളപ്പിനുള്ളിലെ ഗാന്ധിജിയുടെ പ്രതിമയാണ്. കണ്ണടച്ച് തലകുനിച്ചിരിക്കുന്ന ഗാന്ധി പ്രതിമയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. കണ്ണില്‍ കുത്തുന്ന നിയമസഭാകെട്ടിടത്തിന്റെ കാഴ്ചയെ ഈ പ്രതിമ വഴിമാറ്റിവിടുന്നു. ശ്രദ്ധ ഗാന്ധിജിയിലേക്കാകുമ്പോള് മനസ്സില്‍ നിറയുന്നത് ഇത്രമാത്രം, മഹാത്മാവ് തലകുമ്പിട്ടിരിക്കുകയാണ്, ഇതൊന്നും കാണാന്‍ കെല്പില്ലാതെ. ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ കാഴ്ചകള്‍ അദ്ദേഹത്തെ അത്രയ്ക്ക് അലോസരപ്പെടുത്തുന്നുണ്ടാവാം.
പ്രതിമകള്‍ക്ക് സംസാരിക്കാനും പഠിപ്പിക്കാനുമുള്ള കഴിവുണ്ട്. ദേശത്തിന്റെയും കാലത്തിന്റെയും സംഭവങ്ങളുടെയും ചരിത്രമാണ് ഓരോ പ്രതിമയും അനാവരണം ചെയ്യുന്നത്. ഒരു കല്ലിന് നൂറായിരം കഥകള്‍ പറയാനുള്ളതുപോലെ കല്ലോ, ഇരുമ്പോ ചേര്‍ത്തുണ്ടാക്കുന്ന പ്രതിമയ്ക്കും അതിലേറെ കഥകള്‍ പറയാനുണ്ടാകും. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യസമരപ്രസ്ഥാനക്കാലത്ത് ജയില്‍വാസം അനുഷ്ഠിക്കുമ്പോള്‍ ജയിലില്‍ നിന്ന് മകള്‍ ഇന്ദിരാ പ്രിയദര്‍ശിനിക്ക് കത്തുകളെഴുതി. ഓരോ കത്തും ഓരോ പാഠങ്ങളായിരുന്നു. പുഴയുടെ അടിത്തട്ടില്‍ നിരന്തരമായ ജലപ്രവാഹമേറ്റുകിടക്കുന്ന കല്ലിന്, ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന കല്ലിന് ലോകത്തോട് പറയാന്‍ എത്രയോ കഥകളുണ്ടാകും. പുഴയൊഴുകിവരുന്ന പ്രദേശത്തിന്റെ, പുഴയെ ആശ്രയിച്ചുകഴിയുന്ന ജനതതിയുടെ ചരിത്രവും ജീവിതവും സംസ്കാരവും അതു വിവരിക്കും. നെഹ്രുവിന്റെ കത്തുകള്‍ സമാഹരിച്ച് പുസ്തകമാക്കിയപ്പോള്‍ ‘കല്ലിനുമുണ്ടൊരു കഥപറയാന്‍’ എന്നായിരുന്നു തലക്കെട്ടുനല്‍കിയത്. പ്രതിമകള്‍ നിര്‍മ്മിക്കുന്ന കല്ലിന്, മരത്തിന്, ലോഹത്തിന് എല്ലാം കഥകളേറെ പറയാനുണ്ട്.
മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ ജന്മദേശമായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമസ്ഥാപിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മതാന്ധത ബാധിച്ച ചിലര്‍ പ്രതിമാസ്ഥാപനത്തെ എതിര്‍ത്തപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. എഴുത്തച്ഛന്റെ ഓര്‍മ്മകളുടെ നിലനില്‍പ്പിനുമാത്രമല്ല അവിടെ പ്രതിമസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. കേരളീയമെന്ന ധൂര്ത്തുത്സവത്തിലൂടെ മലയാളത്തെ ബ്രാന്‍ഡ് ചെയ്യുന്നതിനും പതിന്മടങ്ങ് കൂടുതല്‍, എഴുത്തച്ഛന്റെ പ്രതിമാസ്ഥാപനത്തിലൂടെ, അതൊനൊപ്പമുള്ള വികസനത്തിലൂടെ സാധ്യമാകും. കെവാഡിയയിലെ പട്ടേല്‍ പ്രതിമ പറഞ്ഞുതരുന്നത് അതാണ്. മതംമാത്രമാണ് വലുതെന്ന് ശാഠ്യം പറയുന്ന അല്പന്മാരുടെ വാക്കിനൊപ്പം പ്രതിമ സര്‍ക്കാരിനും ഹറാമാകുമ്പോള്‍ നഷ്ടമാകുന്നത് വരുംതലമുറയ്ക്ക് എഴുത്തച്ഛനെ കുറിച്ചുള്ള പാഠങ്ങളാണ്.
മലയാള സിനിമയിലെ നിത്യഹരിതനായകന് പ്രേംനസീറിന്റെ പ്രതിമ ചിറയന്‍കീഴില്‍ സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും ‘തീവ്രന്മാര്‍’ വിലക്കുമായി വന്നു. പ്രതിമ മുസ്ലീമിന് ഹറാമാണത്രെ! പ്രേംനസീറെന്ന വലിയ കലാകാരനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍, കാലങ്ങളോളം, തലമുറകളോളം പഠനവിഷയമാക്കാന്‍ പ്രതിമയുടെയും അതുള്‍പ്പെടുന്ന സമുച്ഛയത്തിന്റെയും സ്ഥാപനത്തിലൂടെ സാധ്യമാകുമായിരുന്നു. ലോകം കാണാത്ത അല്പജ്ഞാനികളെ തിരുത്താനാവില്ല, നാലോട്ടു കിട്ടാനായി മാത്രം അവര്‍ക്കു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാരെയും. ലോകമെങ്ങും പോകേണ്ട, അവരെല്ലാം ഗുജറാത്തിലെ കെവാഡിയയിലേക്കെങ്കിലും പോയിരുന്നെങ്കില്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: