ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ അമ്പതാം സെഞ്ചുറിയോടെ വിരാട് കോഹ്ലി മറികടന്നതു റെക്കോര്‍ഡിനെ മാത്രമല്ല, ഇതിഹാസത്തെക്കൂടിയാണ്. ആ ഇതിഹാസം പിറന്നതു സച്ചിന് തെന്‍ഡുല്‍ക്കര്‍ എന്ന ഭാരതീയ താരത്തിന്റെ രൂപത്തിലായി എന്നു മാത്രം. കളിയിലെ മികവിനോട് കളത്തിനു പുറത്തെ വ്യക്തിജീവിതത്തിലൂടെ സൃഷ്ടിച്ച മാതൃകയുംകൂടി ചേര്‍ന്നാണ് സച്ചിനെ ഇതിഹാസവും അവതാരവുമാക്കിയത്. കളിക്കളങ്ങളിലെ ഹീറോകള്‍ക്കു മേല്‍ അത്ഭുത ജ്യോതിസ്സായി ആ കളിക്കാരന് നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. നേട്ടങ്ങളുടെ കൊടുമുടിയിലും എളിമയുടെ തെളിനീര് പ്രവാഹമായി നിലനില്ക്കാന് കഴിഞ്ഞതാണ് സച്ചിനെ വ്യത്യസ്തനാക്കിയതും ജനകീയനാക്കിയതും. കളത്തിലെ സച്ചിന്റെ പരിവേഷം കളംവിട്ട സച്ചിനും നിലനിര്‍ത്താന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ. കാലത്തിന്റെ മാറ്റം കളികളേയും കളിക്കളങ്ങളേയും ബാധിച്ചുകൊണ്ടിരിക്കും. ഡോണ്‍ ബ്രാഡ്മാന്റെ കാലമായിരുന്നില്ല സച്ചിന്റെ കാലം. പെലെയുടെ കാലമായിരുന്നില്ല മറഡോണയുടേയും മെസ്സിയുടേയും കാലം. കളിക്കളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കും. അതു കാലത്തിന്റെ നിയമമാണ്.
ക്രിക്കറ്റില്‍ ഇതു കോഹ്ലി എന്ന മുപ്പത്തഞ്ചുകാരന്റെ കാലമാണ്. അത്ഭുതങ്ങള്‍ പിറക്കുകയല്ല. അവതരിക്കുകയാണ് ചെയ്യുന്നത്. കോഹ്ലി പിറന്നിട്ടു വര്‍ഷം മുപ്പത്തിയഞ്ച് ആയെങ്കിലും അത്ഭുതമായി അവതാരമെടുത്തത് കടന്നു പോയ നീണ്ട വര്‍ഷങ്ങളിലൂടെയാണല്ലോ. മുള്‍വഴികളിലൂടെ കടന്നു പോരുന്ന ഒരു കാലം ഏതു പ്രതിഭയുടേയും ജീവിതത്തിലുണ്ടാകും. അതു കലയിലായാലും കളിയിലായാലും മറ്റു മേഖലകളിലായാലും. അവിടെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണ ബുദ്ധിയും പോരാട്ടവീര്യവുമാണ് നിര്‍ണായകമാവുക. നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും ആഘോഷങ്ങളുടെ നിറപ്പകിട്ടും ആരവവും ഉണ്ടാകുമെങ്കിലും അതു ലഭിക്കുന്നവരുടെ ജീവിതം കഠിനതപസ്യയുടെ വിയര്‍പ്പും സഹനവും നിറഞ്ഞതായിരിക്കും. കോഹ്ലിയുടെ കാര്യവും അങ്ങനെ തന്നെ. ലോക ക്രിക്കറ്റിലെ ഈ കാലഘട്ടത്തിന്റെ രാജ പ്രതിനിധിയാണ് ഈ ഭാരത താരം. ഇന്ത്യന്‍ കായിക രംഗത്തിന്റെ വെന്നിക്കൊടിയും ചെങ്കോലുമാണ് മുംബൈയിലെ വാങ്ഖഡെ സ്റ്റേഡിയത്തില്‍ നിന്നുകൊണ്ട് കോഹ്ലി ഇരുകൈകളിലുമായി ഉയര്‍ത്തിപ്പിടിച്ച ബാറ്റും ഹെല്‍മറ്റും. ആ എവറസ്റ്റിനു മുകളില്‍ നില്‍ക്കുമ്പോഴും തന്റെ മുന്‍ഗാമിയായ സച്ചിന്റെ സാന്നിദ്ധ്യം അംഗീകരിക്കാനും നമിക്കാനും കാണിച്ച മനസ്സാണ് ഭാരത കായിക രംഗത്തിന്റെ വിലപ്പെട്ട കൈമുതല്‍. പരംവൈഭവത്തിലേയ്ക്കു നീങ്ങുന്ന ഈ രാഷ്ട്രത്തിന്റെ, കളിക്കളത്തിലെ കൊടിയടയാളങ്ങളാണ് അതു രണ്ടും. ഒളിംപിക്സും ഏഷ്യന്‍ ഗെയിംസും അടക്കമുള്ള കായിക വേദിയിലെ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി വേണം ഈ നേട്ടത്തേയും കാണാന്‍. കോഹ്ലി ഇവിടെ ഒരു വ്യക്തയല്ല, പ്രതിനിധിയാണ്; ഉയിര്ത്തെഴുനേല്പിന്റെ പ്രതിനിധി.
വ്യക്തിപരമായ മികവിനൊപ്പം കരുത്തുറ്റതും ആത്മവിശ്വാസമേകുന്നതുമായ നേതൃത്വവും കൂടിച്ചേരുമ്പോഴാണ് നേട്ടങ്ങള്‍ പിറക്കുന്നത്. തതാഴേത്തട്ടില് കിടന്നു ശ്വാസംമുട്ടിയിരുന്ന നമ്മുടെ ക്രിക്കറ്റ് ടീമിനെ നേരെ ലോകകിരീടത്തിലേയ്ക്കു നയിച്ച കപില്‍ ദേവാണ് ഭാരത ക്രിക്കറ്റിനെ ആദ്യം കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് മഹാരഥന്മാര് പലരും വന്നു. അസ്ഹറുദ്ദീനും സച്ചിനും ഗാംഗുലിയും ധോണിയും കോഹ്ലി തന്നെയും ഇപ്പോള്‍ രോഹിത് ശര്‍മയും. കളിക്കളത്തിലെ അവരുടെ നേതൃത്വത്തിനു പിന്ബലമേകാന് രാജ്യത്തിന്റ ഭരണതലത്തിലും കരുത്തുറ്റ സംവിധാനം വന്നു. അതു സ്വാഭാവികമായും നേട്ടങ്ങളില്‍ പ്രതിഫലിക്കും.
ക്രിക്കറ്റ് പോലൊരു കളിയില്‍ 35 വയസ്സ് അത്ര വലിയ പ്രായമല്ല. കോഹ്ലിക്ക് ഇനിയും സമയം ബാക്കിയുണ്ടെന്നര്‍ഥം. സച്ചിന് സൃഷ്ടിച്ച വന്മല ഇനിയും മുന്നിലുണ്ടുതാനും. ഈ ചെറുപ്പക്കാരനില്‍ നിന്ന് കൂടുതല്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. അതിന്റെ പകിട്ടിനപ്പുറം, അതു മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന ചലനങ്ങളും സ്വാധീനവുമാണ് ഇത്തരം റെക്കോര്‍ഡുകളുടെ വലിയ സംഭാവന. കോഹ്ലിയുടെ റെക്കോര്‍ഡു നേട്ടം ഭാരത ക്രിക്കറ്റിനെ പുതിയ തലത്തിലേയ്ക്ക് ഉയര്‍ത്തും. കാലം മാറും. പുതിയ താരങ്ങള്‍ പിറക്കും. റെക്കോര്‍ഡുകള്‍ ചിരംജീവികളല്ല. അവ പുതിയവരെ കാത്തിരിക്കും. കളികളില്‍ അസാധ്യം എന്നൊന്ന് ഉണ്ടോ എന്നു സംശയമാണ്. വരുംകാലം അതു തെളിയിക്കും. കടന്നു വരുന്ന പുത്തന്‍ തലമുറയ്ക്കുള്ള ആശീര്വാദംകൂടിയാണ് കോഹ്ലിയുടെ ഉയര്‍ത്തിയ കരങ്ങള്‍. ക്രിക്കറ്റിലെ ആ മഹാപോരാളിക്ക് അഭിവാദ്യങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: