തിരുവനന്തപുരം: ഭക്തരുടെ മനസിനെ വേദനിപ്പിച്ചുകൊണ്ട് ഹൈന്ദവ ആരാധനാകേന്ദ്രവും ചരിത്ര പ്രാധാന്യവുമുള്ള പൂജപ്പുരയിലെ നവരാത്രി കല്‍മണ്ഡപം സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണ വേദിയാക്കി മാറ്റുന്നു. സരസ്വതി ദേവീക്ഷേത്രത്തോടു ചേര്‍ന്ന് നവകേരള സദസിന്റെ സംഘാടക സമിതി ഓഫീസ് നിര്‍മ്മിച്ചു. ശബരിമല മണ്ഡല ഉത്സവകാലത്ത് അയ്യപ്പഭജന നടക്കുന്നിടമാണ് സിപിഎം കൈയേറിയിരിക്കുന്നത്. എതിര്‍പ്പുയര്‍ത്തിയ ഭക്തരെ ഭീഷണിപ്പെടുത്തിയാണ് സംഘടക സമിതി ഓഫീസ് ഉയര്‍ത്തിയത്.
പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് പ്രദേശവാസികളെയും ഭക്തരെയും ഭീഷണിപ്പെടുത്തി സംഘാടക സമിതി ഓഫീസ് നിര്‍മ്മിച്ചത്. മണ്ഡപം ഞങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു; ഇനി ക്ഷേത്രത്തിന് വേണ്ടി ഇവിടെ ആരും ഒന്നും ചെയ്യണ്ട’ എന്നായിരുന്നു മറ്റൊരു സിപിഎം നേതാവിന്റെ ആക്രോശം.
ക്ഷേത്രങ്ങള്‍ക്കു സമീപം കൊടികെട്ടാനോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ യോഗങ്ങള്‍ നടത്താനോ പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തി ദേവസ്വംബോര്‍ഡിനെക്കൊണ്ട് ഉത്തരവും ഇറക്കിയവരാണ് പൂജപ്പുരയിലെ ക്ഷേത്രത്തോടു ചേര്‍ന്ന് രാഷ്ട്രീയ പ്രചരണ വേദി ഉയര്‍ത്തിയിരിക്കുന്നത്.
പണികഴിപ്പിച്ചത് മാര്‍ത്താണ്ഡവര്‍മ്മ
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് മണ്ഡപവും സരസ്വതീ ക്ഷേത്രവും പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനകീയ സമതിയാണ് കാല്‍നൂറ്റാണ്ടായി ഇവിടെ പൂജവയ്പ്പ് മഹോത്സവം നടത്തുന്നത്. നവരാത്രി ആഘോഷ കാലത്ത് വെള്ളിക്കുതിരപ്പുറത്തെഴുന്നള്ളുന്ന വേളിമല കുമാരസ്വാമിയെ കുടിയിരുത്തുന്നത് പൂജപ്പുരയിലെ കല്‍മണ്ഡപത്തിലാണ്. വിജയദശമി ദിനത്തില്‍ ചെങ്കളളൂര്‍ മഹാദേവ സന്നിധിയില്‍ നിന്ന് തിരിക്കുന്ന കാവടി ഘോഷയാത്ര കല്മണ്ഡപത്തിലെത്തിയാണ് കാവടിയഭിഷേകം നടത്തുന്നത്. നവരാത്രി നാളില്‍ പ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതോത്സവം നടക്കുന്നതും ഈ കല്‍മണ്ഡപത്തിലാണ്.
മണ്ഡപത്തെ താങ്ങിനിര്‍ത്തുന്ന 28 കരിങ്കല്‍ത്തൂണുകളിലും ഇതിഹാസകഥാപാത്രങ്ങളുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. ശില്പ ചാരുതയാര്‍ന്ന ഈ മണ്ഡപമാണ് കാലാന്തരത്തില്‍ സരസ്വതീ മണ്ഡപമെന്ന് വിഖ്യാതമായത്. നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തില്‍ നടന്നു വരുന്ന ദേവീപൂജ, പൂജയെടുപ്പു മഹോത്സവമായി മാറിയത് സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. സര്‍വ വിജയങ്ങളുമരുളുന്ന ആദിപരാശക്തിയുടെ വാസസ്ഥാനമായതിനാല്‍ മണ്ഡപത്തിന് വിജയമണ്ഡപമെന്നും ജനങ്ങള്‍ വിളിക്കുന്നു.
മണ്ഡലകാല പൂജയ്ക്കും തടസം
നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം വരുന്ന മണ്ഡലകാലത്തു വൃശ്ചികം ഒന്നു മുതല്‍ നാല്‍പ്പത്തിയൊന്നു ദിവസവും കല്മണ്ഡപത്തില് അയ്യപ്പ ഭജനയും പൂജയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. നാളെ മണ്ഡലകാലമാരംഭിക്കുകയാണ്. ജനുവരി 23 നാണ് തിരുവനന്തപുരത്ത് നവകേരള സദസ് നിശ്ചയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തിവന്നിരുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജയും ഭജനയും മുടക്കുക എന്ന ഗൂഢലക്ഷ്യവും സിപിഎം നീക്കത്തിന് പിന്നിലുണ്ടെന്ന് ഭക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: