നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കേരളത്തെ അവഗണിക്കുകയാണെന്നും, ഇതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അധികാരത്തിലേറിയ നാള് മുതല്‍ പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അധികാരമൊഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു പ്രചാരണം നടത്തിയിരുന്നു. ആ കുപ്രചാരണം ഏറ്റെടുത്ത് പതിന്മടങ്ങ് ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. രാജ്യ ത്ത് ഒരിടത്തു മാത്രം മാതൃകാപരമായ ഭരണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിനോട് മോദി സര്‍ക്കാര്‍ രാഷ്ട്രീയമായ പ്രതികാരം വീട്ടുകയാണെന്ന ആരോപണം കോണ്‍ഗ്രസ് പ്രചാരണത്തോട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ തെളിവുകള്‍ ഒന്നിനു പുറകെ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, അത് സ്വന്തം കെടുകാര്യസ്ഥതത കൊണ്ടല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ അവഗണന കൊണ്ടാണെന്നും, ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുകൊണ്ടാണെന്നും വരുത്തിത്തീര്‍ക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. അര്‍ദ്ധസത്യങ്ങളെയും അസത്യങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടാണ് ഈ കുപ്രചാരണം നടത്തുന്നത്. ഒരു നുണ നൂറ്റൊന്നാവര്‍ത്തിച്ച് സത്യമാക്കാമെന്നതല്ല, നുണകളുടെ പ്രളയം സൃഷ്ടിച്ച് സത്യത്തെ മുക്കിക്കളയുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ രീതി.
പിണറായി സര്‍ക്കാരിന്റെ ഈ കള്ളത്തരം മുന്‍കാല പ്രാബല്യത്തോടെ തുറന്നുകാണിച്ചിരിക്കുകയാണ് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. കേരളത്തിന് അര്‍ഹമായ ഒരു ആനുകൂല്യവും കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും, പല കാര്യങ്ങളിലും പിണറായി സര്‍ക്കാര്‍ ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി തെളിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി. ഏതെങ്കിലുമൊരു പദ്ധതിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ കേരളത്തിന് വിഹിതം ലഭിക്കാതിരിക്കുകയോ പൂര്‍ണമായി ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണക്കുകള്‍ ഹാജരാക്കാത്തതിനാലും, ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാത്തതുകൊണ്ടും, വകമാറ്റി ചെലവഴിക്കുന്നതും മറ്റും കൊണ്ടാണെന്ന് വ്യക്തമാവുന്ന വിവരങ്ങളാണ് വി. മുരളീധരന് വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത്. നെല്ലുസംഭരണം, സാമൂഹിക പെന്ഷന്, യുജിസി കുടിശിക, കേന്ദ്രാവിഷ്കൃത പദ്ധതികള്‍, ഹെല്‍ത്ത് ഗ്രാന്റ്, ദേശീയ ഭക്ഷ്യസുരക്ഷാ ഫണ്ട്, മത്സ്യ സംപദ യോജന എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വളരെ ഉദാരമായ സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ പകല്‍പോലെ വ്യക്തമാക്കുന്നു. എത്ര ഭീകരമായ കള്ളങ്ങളാണ് ഇതിനെക്കുറിച്ചൊക്കെ പിണറായി സര്‍ക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നതെന്ന് കാണുമ്പോള്‍ സാധാരണക്കാര്‍ തലയില്‍ കൈവച്ചുപോവുകയാണ്.
ലൈഫ് പാര്‍പ്പിട പദ്ധതി ചിലര്‍ അട്ടിമറിച്ചുവെന്ന് പിണറായി ആക്ഷേപിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് തന്റെ കുടുംബം നടത്തിയ അഴിമതി മൂടിവയ്ക്കുന്നതിനാണ്. കേന്ദ്രപദ്ധതികളെ അട്ടിമറിച്ച് കേരളത്തിലെ ജനങ്ങളെ പിണറായി സര്‍ക്കാര്‍ എങ്ങനെയാണ് വഞ്ചിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് മത്സ്യ സംപദ യോജനയില്‍ കിട്ടിയ ഫണ്ട് വിനിയോഗിക്കാതിരുന്നത്. 2020-23 കാലയളവിലേക്കായി കേന്ദ്രസര്‍ക്കാര്‍ 13,286 കോടി രൂപ ഇതിനായി കൈമാറിയിട്ടും 7855 കോടി മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്. അതായത് പകുതി മാത്രം. ഇത്തരം കണക്കുകള്‍ പുറത്തുവന്നതോടെ കള്ളം പ്രചരിപ്പിക്കുന്നതില്‍ മുഖ്യനായ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരംമുട്ടിയ ഈ മന്ത്രി ഇപ്പോള്‍ പറയുന്നത് കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നാണ്. അടിമ-ഉടമ ബന്ധത്തിന്റെ പ്രശ്നമല്ല ഇത്. നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നുണ്ടോ എന്നതാണ്. രാജ്യത്തെ ഒരു സംസ്ഥാനമെന്ന നിലയ്ക്ക് പൊതുനിയമങ്ങള്‍ അനുസരിക്കാന്‍ കേരളവും ബാധ്യസ്ഥമാണ്. രാജ്യത്തിന്റെ ഭരണം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പിണറായി വിജയനല്ല. ഈയൊരു ധാരണ സിപിഎമ്മുകാരനായ ധനമന്ത്രി ബാലഗോപാലിനില്ല. പിണറായിയുടെ കണക്കപ്പിള്ളയായി നിന്ന് അഴിമതിക്കും ധുര്‍ത്തിനും സ്വജനപക്ഷപാതത്തിനും കുടപിടിക്കുന്നതിനാണ് ബാലഗോപാലിനെ ആ സ്ഥാനത്ത് വച്ചിരിക്കുന്നത്. ഈ അടിമപ്പണി ബാലഗോപാല്‍ വിശ്വാസ്യതയോടെ നിര്‍വഹിക്കുന്നുമുണ്ട്. പക്ഷേ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനോ വികസനത്തിലേക്ക് നയിക്കാനോ ജനക്ഷേമ നടപടികള്‍ കൈക്കൊള്ളാനോ ഈ അടിമപ്പണികൊണ്ട് സാധ്യമല്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കേരളം സാമ്പത്തികത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിന് തടയിട്ടില്ലെങ്കില്‍ കേരളം സമ്പൂര്‍ണമായി നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: