കൊച്ചി: സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്. ഹരിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏകാന്തത്തില്‍ സാധകനും ലോകര്‍ക്കിടയില്‍ സംഘാടകനുമായിരുന്നു അദ്ദേഹം. ആര്‍ജിച്ച സാധനയത്രയും സംഘടനയ്ക്കായി, രാഷ്ട്രത്തിനായി അദ്ദേഹം സമര്‍പ്പിച്ചു, ഹൊസബാളെ പറഞ്ഞു.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന സഭയില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തെ പിന്നിട്ട വര്‍ഷങ്ങളിലത്രയും ഹരിയേട്ടന് ആവിഷ്കരിക്കുകയായിരുന്നു. ഉന്നതമായ ലക്ഷ്യത്തിനായി നമ്മുടെ സാംസ്കാരിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും അദ്ദേഹം ആധുനികതയ്ക്ക് എതിരായിരുന്നില്ല. സുഹൃത്ത്, താത്വികാചാര്യന്‍, കര്‍മ്മയോഗി തുടങ്ങി എല്ലാ അര്‍ത്ഥത്തിലും ഋഷിതുല്യ ജീവിതമായിരുന്നു ഹരിയേട്ടന്റേത്. അസാമാന്യ ജ്ഞാനി ആയിരുന്ന ഹരിയേട്ടന്റെ പ്രസംഗത്തിനായി ദല്‍ഹിയില്‍ സീനിയര്‍ ഐഎഎസ് ഓഫീസര്‍മാര്‍ കാത്തുനിന്നിട്ടുണ്ട്.
ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ച് ഹരിയേട്ടന്റെ ക്ലാസുകള്‍ വ്യത്യസ്തമായിരുന്നു. ഉദാഹരണങ്ങള്‍ ഓരോ സ്ഥലത്തും ഓരോന്നായിരിക്കും. ഭാസ്കര്‍ റാവുവിനെ പോലുള്ള പ്രചാരകന്റെ പിന്‍ഗാമിയാവുക വലിയ കാര്യമാണ്. ഭാസ്കര്‍ റാവു തന്റെ ദൗത്യം അര്‍ഹമായ കൈകളില്‍ തന്നെയാണ് ഏല്പിച്ചത്. നാഗ്പൂര്‍ കോളജില്‍ നടന്ന ഒരു പ്രഭാഷണത്തില്‍ ഖലീല്‍ ജിബ്രാന്റെ കൃതികളെക്കുറിച്ച് ഹരിയേട്ടന് നടത്തിയ ആധികാരികമായ പ്രഭാഷണം സദസിനെ ആകെ അത്ഭുതപ്പെടുത്തിയെന്ന് ഹൊസബാളെ പറഞ്ഞു.
സാംസ്കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായി. പ്രൊഫ. എം.കെ. സാനു, സങ്കല്പ് ദല്‍ഹി ചെയര്മാന് സന്തോഷ് തനേജ, സ്വാമി വിവിക്താനന്ദസരസ്വതി(ചിന്മയ മിഷന്), സ്വാമി നന്ദാത്മജാനന്ദ (രാമകൃഷ്ണമിഷന്‍), സ്വാമി അനഘാമൃതാനന്ദ പുരി (മാതാ അമൃതാനന്ദമയി മഠം), മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.വി. ബെന്നി, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, ഹരിയേട്ടന്റെ അനുജന്റെ മകള്‍ സുസ്മിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: