തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. തീര്‍ത്ഥാടനം വെളളിയാഴ്ച ആരംഭിക്കും.ജനുവരി 14 വരെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം. മറ്റന്നാള്‍ വൈകിട്ട് നട തുറക്കും.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ ഡൈനാമിക് ക്യൂ കണ്ട്രോള് സംവിധാനം ഏര്‍പ്പെടുത്തി. സന്നിധാനത്തെ തിരക്കും മറ്റും തീര്‍ത്ഥാടകര്‍ക്ക് അറിയുന്നതിനായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിഡിയോ വാളും സജ്ജമാക്കും.
ഇ- കാണിക്ക കൂടുതല്‍ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂര്‍, കുമളി, ഏറ്റുമാനൂര്‍ , പുനലൂര്‍ എന്നിവിടങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പമ്പയിലെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി.
കൂടുതല്‍ ആശുപത്രി സംവിധാനങ്ങളും സജ്ജമാക്കി. തീവ്രപരിചരണ സൗകര്യങ്ങളുള്‍പ്പെടെ പമ്പയില്‍ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും സജ്ജമാക്കി. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ ഹൃദ്രോഗ ചികിത്സാ സൗകര്യമുണ്ട്. ഇതിനു പുറമേ പമ്പ മുതല്‍ സന്നിധാനം വരെ 15 അടിയന്തിര ചികില്‍സാ കേന്ദ്രങ്ങളും ഒരുക്കി. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി സംവിധാനങ്ങള്‍ ഒരുക്കി.
കക്കിയാറില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കി. പരമ്പരാഗത വന പാതകളും വൃത്തിയാക്കി.അഴുതക്കടവ് -ചെറിയാനവട്ടം (പമ്പ ) 18 കിലോമീറ്റര്‍, സത്രം സന്നിധാനം 12 കിലോമീറ്റര്‍ പാതകളില്‍ ഇക്കോ ഷോപ്പുകളും ഉണ്ട്. ഗോത്ര വിഭാഗത്തില്‍ നിന്ന് നിയമിക്കപ്പെട്ടവരില്‍പ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളില്‍ ലഭ്യമാകും.
ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയര്‍ത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ല്‍ നിന്ന് 1000 രൂപയാക്കി.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ടൈല്‍ വിരിച്ച് വൃത്തിയാക്കി. പാര്‍ക്കിംഗിന് ഫാസ്ടാഗും ഏര്‍പ്പെടുത്തി. തപാല്‍ വകുപ്പുമായി സഹകരിച്ച് സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: