പനാജി: റൺവേയിൽ നായയെ കണ്ടതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാതെ തിരികെ പറന്നു. ഗോവയിലെ ദബോലിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട യുകെ 881 വിസ്താര വിമാനമാണ് യാത്ര തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചുപോയത്.
വിമാനത്താവളത്തിൻറെ റൺവേയിൽ നായയെ കണ്ടതിനാൽ അൽപ്പസമയം ആകാശത്ത് തുടരാൻ പൈലറ്റിന് നിർദേശം ലഭിച്ചു, എന്നാൽ ബംഗളൂരുവിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നുവെന്ന് ഗോവ വിമാനത്താവളം ഡയറക്ടർ എസ് വി ടി ധനംജയ റാവു പറഞ്ഞു. ബംഗളൂരുവിൽ തിരിച്ചെത്തിയ വിമാനം അവിടെ നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ട് സന്ധ്യയ്ക്ക് 6.15നാണ് ഗോവയിലെത്തിയത്.
അതേസമയം തെരുവ് നായ റൺവേയിൽ പ്രവേശിക്കുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഗ്രൗണ്ട് സ്റ്റാഫ് ഉടൻ തന്നെ നായയെ പുറത്താക്കി വിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യം ഒരുക്കുകയാണ് ചെയ്യാറെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: