ആലത്തൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് അനുമതി ലഭി ച്ചിട്ടും തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണ, മേല്‍നോട്ട, കരാര്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയതായി ഓംബുഡ്സ്മാന് കണ്ടെത്തി.
മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ ചേരാമംഗലം ഇടമലക്കുന്നില്‍ പട്ടികവര്‍ഗക്കാര്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയിലെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലാണ് ഗുരുതമായ
വീഴ്ച സംഭവിച്ചതായി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് കണ്ടെത്തിയത്. 2020-2021 വര്‍ഷത്തില്‍ ഇടമലക്കുന്ന് ഉള്‍പ്പെടുന്ന ചേരാമംഗലം, കിളയല്ലൂര്, അന്താഴി വാര്‍ഡുകളില്‍ ഒരു കോടി രൂപ ചെലവഴിച്ച് 820 തൊഴിലാളികള്‍ക്കായി 20,620 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് കോളനിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതി യില്‍ 779 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 2,27,480 രൂപ മാത്രമാണ് ആകെ ചെലവഴിച്ചത്.
തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാതെ തുക നഷ്ടപ്പെടുത്തിയെന്ന് കാണിച്ചാണ് ഗ്രാമപഞ്ചായത്തംഗങ്ങളായ ജയരാമകൃഷ്ണനും, ആര്. ഷൈജുവും ഓംബുഡ്സ്മാന് പരാതി നല്‍കിയത്. തുടര്‍ന്ന് ഓംബുഡ്സ്മാന് നേരിട്ട് പരിശോധിച്ചുവെങ്കിലും തുക ചെലവഴിച്ച് നിര്‍മിച്ച മണ്‍പാത പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ പണി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സ്ഥാപിക്കേണ്ട സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡും സ്ഥാപിച്ചില്ലെന്നും കണ്ടെത്തി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വലിയ മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന തിനാലാണ് അംഗീകാരം ലഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണ,
മേല്‍നോട്ട കരാര്‍ ജീവനക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുന്നൊരുക്കമില്ലാതെ പ്രവര്‍ത്തികള്‍ തുടങ്ങുകയും, പിന്നീട് നിര്‍ത്തിവെയ്ക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയും അനാസ്ഥയുമാണെന്ന് ഓബുംഡ്സ്മാന് ഉത്തരവില്‍ പറയുന്നു.
പദ്ധതിയിലുള്‍പ്പെട്ട ഒന്നാംഘട്ടമായി പൂര്‍ത്തീകരിച്ച നടപ്പാത നിര്‍മാണത്തിന്റെ ഭാഗമായുള്ള മണ്‍പാത 60 ദിവസത്തിനുള്ളില്‍ വൃത്തിയാക്കി അതിരുകള്‍ സ്ഥാപിക്കണമെന്നും, ചെലവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഓംബുഡ്സ്മാന് ഉത്തരവിട്ടു. കൂടാതെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച മൂന്ന് പ്രവൃത്തികള്‍ 2024 മാര്‍ച്ച് 31 നും മുന്‍പും, ബാക്കിയുള്ളവ 2025 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: