കൊല്ലം: പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീഷ് ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണ് മരിച്ചത്. സംഭവത്തിൽ മൂത്ത മകൻ സതീഷ് കുമാർ അറസ്റ്റിലായി.
പത്മിനിയമ്മ സതീഷ് കുമാർ അമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്ന് പറഞ്ഞ് ഇയാൾ അമ്മയെ നിരന്തരം മർദ്ദിച്ചിരുന്നു. നിരന്തരം മദ്യപാനവും ശല്യവും സഹിക്കാൻ കഴിയാതെ സതീഷ് കുമാറിന്റെ ഭാര്യ മാസങ്ങൾ മുൻപ് പിണങ്ങി പോയിരുന്നു. തുടർന്ന് വീട്ടിൽ വഴക്ക് പതിവായി. ഉപദ്രവം സഹിക്കാൻ കഴിയാതെ പിതാവ് ശശിധരൻ പിള്ളയും കുറച്ചു ദിവസം മുൻപ് വീടുവിട്ടിറങ്ങി.
പിന്നീട്അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി സതീഷ് പുറത്തുനിന്ന് വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയുമായി വഴക്കുണ്ടാക്കി. കട്ടിലിൽ കിടന്ന അമ്മയെ സതീഷ് തള്ളി താഴെയിട്ടു. തല പിടിച്ചു തറയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്ക്കേറ്റ ക്ഷതവുമാണ് മരണ കാരണം.
അയൽ വീട്ടിലെ യുവതി ചായയുമായി എത്തിയപ്പോഴാണ് മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. ഈ സമയം സതീഷ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അറിയാത്ത ഭാവത്തിലായിരുന്നുവെങ്കിലും നിരന്തര ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: