കുട്ടനാട്ടിലെ കര്ഷകന് കെ.ജി. പ്രസാദിന്റെ ദാരുണമായ ആത്മഹത്യയും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അദ്ദേഹമെഴുതിയ ആത്മഹത്യാക്കുറിപ്പും വിവേകമുള്ള ഏതു മലയാളിയുടെയും ഹൃദയം നുറുക്കുന്നതാണ്. കേരളത്തിലെ ഇസ്ലാമിക വോട്ടുബാങ്ക് സമൂഹത്തെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് ഹമാസ് ഐക്യദാര്‍ഢ്യ പ്രസംഗം നടത്തുമ്പോഴാണ് ഇവിടെ കുട്ടനാട്ടില്‍ ഒരു കര്ഷകന് പാടത്ത് വളം ഇടാനും മരുന്നടിക്കാനും പണമില്ലാതെ, ബാങ്ക് വായ്പ നിഷേധിച്ചതുമൂലം ജീവനൊടുക്കിയത്. മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും ഇത് വലിയ സംഭവമല്ല. നേരത്തെ ഉത്തരേന്ത്യയിലെ കര്‍ഷക ആത്മഹത്യയുടെ പേരില്‍ പ്രക്ഷോഭം നടത്തുകയും സര്‍ക്കാരുകളെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത സിപിഎമ്മിന്റെയും സിപിഐയുടെയും കാര്‍ഷിക സംഘടനകളെ ഇവിടെ കാണാനില്ല. ആരൊക്കെയാണ് ഈ മരണത്തിന് ഉത്തരവാദികള്‍, ആരുടെ പിഴവുകളാണ് ഈ കര്‍ഷകനെ മരണത്തിലേക്ക് നയിച്ചത്?
”എന്റെ മരണത്തിനു കാരണം കേരള സര്‍ക്കാരും എസ്ബിഐ, ഫെഡറല്‍ ബാങ്ക്, വിജയബാങ്ക് എന്നിവയുമാണ്. ഞാന്‍ 2018ല്‍ എസ്ബിഐയില്‍ നിന്ന് കൃഷിക്ക് വായ്പയെടുത്ത് കുടിശ്ശികയാവുകയും പലപ്രാവശ്യമായി 20,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. 2020ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും കഴിച്ചുള്ള തുക തിരിച്ചടച്ചു. ഇതിനുശേഷം എനിക്ക് ഒരു ബാങ്കില്‍ നിന്നും കൃഷി വായ്പ തരുന്നില്ല. ഞാന്‍ എന്റെ നെല്ലുകൊടുത്തതിന്റെ വിലയാണ് പിആര്‍എസ് വായ്പയായി പണം തന്നത്. ആയത് പലിശ സഹിതം കൊടുത്തു തീര്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. അതിനാല്‍ എന്റെ മരണത്തിന് കാരണം സര്‍ക്കാരാണ്- എന്ന് കെ.ജി.പ്രസാദ്”
പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകളാണിത്. ആഘോഷങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ അവഗണിക്കപ്പെട്ട കര്‍ഷകനും ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ഭിക്ഷതെണ്ടാനും ആത്മഹത്യയ്ക്കും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുന്നത്. കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കും, എല്ലാം ശരിയാക്കും എന്നുപറഞ്ഞു അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ പരാജയത്തിന്റെയും കെടുകാര്യസ്ഥതയുടെയും കൂടി സൂചനയാണ് ഈ ആത്മഹത്യ.
പതിവുപോലെ ഇപ്പോഴും മന്ത്രിമാര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് കൈകഴുകി. മന്ത്രിമാരായ ജി.ആര്. അനിലിനെയും പി.പ്രസാദിനെയും മാത്രം ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാക്കാനാവില്ല. ഈ രണ്ടു മന്ത്രിമാരും പലതവണ മന്ത്രിസഭായോഗത്തിലും പാര്‍ട്ടി നേതൃത്വത്തിലും ഈ പ്രശ്നം ആവര്‍ത്തിച്ച് ഉന്നയിച്ചതാണ്. കര്‍ഷകര്‍ക്ക് പണം കൊടുക്കാന്‍ കഴിയാത്ത പ്രശ്നം സംബന്ധിച്ച്, അവരുടെ കൃഷി വഴിമുട്ടിയതുസംബന്ധിച്ച് ഒരു നിലപാടെടുക്കാനോ പരിഹാരം കാണാനോ കഴിയാത്തമുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍.ബാലഗോപാലുമാണ് ഈ സംഭവത്തിലെ ഒന്നും രണ്ടും പ്രതികള്‍. സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ ഇടപെടാന്‍, വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു കൊണ്ടുവരാന്‍ പണം ആവശ്യപ്പെട്ട ഭക്ഷ്യമന്ത്രിക്ക് എന്തു മറുപടിയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കൊടുത്തത് എന്ന കാര്യം ഒരു ധവള പത്രത്തിലൂടെ പുറത്തുകൊണ്ടുവരണം. ഈ സംഭവത്തില്‍ ഇടതുമുന്നണിക്ക് മൊത്തമായും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമുള്ള ഉത്തരവാദിത്വത്തിനും ശേഷമേ ഭക്ഷ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പങ്കു വരുന്നുള്ളൂ.
സിപിഐ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം കാണാതിരുന്നുകൂട. സ്വന്തം പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക് വകുപ്പ് നടത്താനുള്ള പണം വാങ്ങി കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സിപിഐ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ശിങ്കിടിപാടി ഏറാന്‍ മൂളി നില്‍ക്കുകയാണ് സിപിഐ സെക്രട്ടറി കാനംരാജേന്ദ്രന്. ഒരു ഭരണകൂടത്തില്‍ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് അവരുടെ കഷ്ടപ്പാടിന്റെ കണ്ണുനീര് തുടച്ചു കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെങ്കില്‍ രാജിവച്ചു പുറത്തു വരാനുള്ള അന്തസ്സെങ്കിലും സിപിഐ ഇപ്പോള്‍ കാട്ടണം. ഈ കര്‍ഷക ആത്മഹത്യയില്‍ പിണറായിക്ക് ഓശാന പാടുന്ന കാനവും പ്രതിസ്ഥാനത്താണെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ. കര്‍ഷകനായ കെ.ജി. പ്രസാദിന്റെ ആത്മഹത്യയില്‍ ഏറ്റവും ഗുരുതരമായ വീഴ്ച ഉണ്ടായത് കേരളത്തിലെ ഹൈക്കോടതിയില്‍ നിന്നാണ്. ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും വീഴ്ച സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ജീവനെയും സ്വത്തിനെയും സംരക്ഷിക്കാന്‍ ആകാത്ത സാഹചര്യം സംജാതമാകുമ്പോഴും ഒരു തിരുത്തല്‍ ശക്തി എന്ന നിലയില്‍ ഇടപെടാനും നടപടിയെടുക്കാനും ഭരണകൂടത്തെ ശരിയായ വഴിയിലേക്ക് നയിക്കാനും ഉത്തരവാദിത്തപ്പെട്ട ഹൈക്കോടതി ചുമതല നിറവേറ്റിയോ എന്ന് ആലോചിക്കണം. സപ്ലൈകോ നെല്ല് സംഭരണത്തിന്റെ പണം നല്‍കാത്ത സംഭവം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതാണ്. ഇത് സംബന്ധിച്ച വാദം പലതവണ കേട്ടതാണ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഏറ്റെടുത്ത നെല്ലിന്റെ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഹൈക്കോടതി പറഞ്ഞതാണ്. സംഭരിച്ച നെല്ലിന്റെ വില ബാങ്ക് വായ്പയായി നല്കുമ്പോള് അതൊരു കെണിയായി മാറരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ കോടതിയുടെ മുന്നില്‍ എത്തിയിട്ടുപോലും നിരപരാധികളായ കര്‍ഷകരുടെ ജീവന് രക്ഷിക്കാന്‍ ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിയില്‍ നിന്ന് ഉചിതമായ നിര്‍ദ്ദേശം നല്കുന്നതില് ഹൈക്കോടതി പരാജയപ്പെട്ടില്ലേ?
ബാങ്ക് വഴി കര്‍ഷകര്‍ക്ക് പണം നല്കുമ്പോള് അവരുടെ സിബില്‍ ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിക്കരുതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടതാണ്. ഈ ഉത്തരവ് പാലിക്കാതെ ബാങ്കുകാര് വളത്തിനും കീടനാശിനി അടക്കമുള്ള മരുന്നുകള്‍ക്കും പണം നല്‍കാതെ വന്നപ്പോഴാണ് കെ.ജി.പ്രസാദ് എന്ന കര്ഷകന് ആത്മഹത്യ ചെയ്തത്. ഈ ആത്മഹത്യയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഹൈക്കോടതിക്ക് ഒഴിഞ്ഞു നില്ക്കാന് ആകുമോ. പിആര്‍എസ് വായ്പയുടെ ബാധ്യത സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചുമതലയില്‍ ആക്കിയിരുന്നെങ്കില്‍ കര്‍ഷകന്റെ വ്യക്തിഗത വായ്പയായി കണക്കാക്കപ്പെടാതെ സര്‍ക്കാരിന്റെ തലയിലേക്ക് ഇത് മാറുമായിരുന്നു. ഇത് ചെയ്യാനുള്ള ആര്‍ജവമാണ് നീതിപീഠത്തില്‍ നിന്ന് ഉണ്ടാകേണ്ടിയിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകന്റെ വായ്പയ്ക്ക് ഈട് നില്ക്കുന്ന അവസ്ഥയ്ക്ക് പകരം നെല്ലേറ്റെടുക്കുന്ന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ഇതിന്റെ ബാധ്യത ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ പ്രസാദിന്റെ ജീവന് നഷ്ടപ്പെടില്ലായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് ഇവിടെ വളരെ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റെടുക്കുന്ന നെല്ലിന് കൃഷിക്കാരന് നല്കുന്ന പണത്തിന്റെ വായ്പാബാധ്യത സംസ്ഥാന സര്‍ക്കാരിനും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും മാത്രമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയാണ് വേണ്ടത്. സ്വന്തം അധികാരപരിധിയുടെ മുന്നില്‍ എത്തിയ പാവപ്പെട്ട കര്‍ഷകന്റെ ജീവന് രക്ഷിക്കാന്‍ നീതിപീഠത്തിന് കഴിഞ്ഞില്ലെങ്കില്‍ എത്ര വിമര്‍ശനം ഉയര്‍ത്തിയിട്ടും എത്ര ഉത്തരവ് പുറപ്പെടുവിച്ചിട്ടും കാര്യമുണ്ടോ എന്ന വസ്തുത കൂടി ഹൈക്കോടതി പരിഗണിക്കണം.
കേരളത്തിലെ സാധാരണ കര്‍ഷകര്‍ക്ക് പലിശക്കാരുടെ കൊള്ളയില്‍ നിന്ന് മുക്തി നേടാനും ബാങ്ക് വായ്പയുടെ നൂലാമാലകള്‍ ഇല്ലാതെ കൃഷിക്ക്, പ്രത്യേകിച്ച് വിത്തിനും വളത്തിനും മരുന്നടിക്കാനും പണം കണ്ടെത്താനാണ് കാര്‍ഷിക സഹകരണ സംഘങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ ആയിരക്കണക്കിനു വരുന്ന കാര്‍ഷിക സഹകരണ സംഘങ്ങള്‍ കാര്‍ഷികാവശ്യത്തിനുള്ള ഇത്തരം ഹ്രസ്വകാല വായ്പകള്‍ നേരത്തെ നല്‍കിയിരുന്നതാണ്. രാഷ്ട്രീയത്തിന് അതീതമായി ഏതു മുന്നണി ഭരിച്ചാലും കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സഹകരണ മേഖലയുടെ പ്രവര്‍ത്തനത്തെ രാഷ്ട്രീയ തിമിരം അന്യായമായി ബാധിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നതല്ല സ്ഥിതി. അമിതമായ രാഷ്ട്രീയവല്‍ക്കരണവും കൊള്ളയും സഹകരണ പ്രസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് താങ്ങാവേണ്ട സഹകരണ മേഖലയെ സര്‍ക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞു.
കാലത്തിന്റെ മാറ്റവും സാങ്കേതികവിദ്യയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയിലും ഉണ്ടാകേണ്ടതാണ്. ഏറ്റവും കൂടുതല്‍ തെങ്ങുണ്ടായിരുന്ന, നാളീകേരം ഉത്പാദിപ്പിച്ചിരുന്ന കേരളം ഇന്ന് ഉല്പാദനത്തില് നാലാം സ്ഥാനത്തേക്കോ അഞ്ചാംസ്ഥാനത്തേക്കോ പോയതിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഭരിച്ച ഇതേ ഭരണമുന്നണികള്‍ക്ക് തന്നെയാണ്. ആന്ധ്രയും തെലുങ്കാനയും കര്‍ണാടകവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലും കാര്‍ഷിക മേഖലയില്‍ ശാസ്ത്ര നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുപോകുമ്പോള്‍, അതൊന്നും പ്രയോഗിക്കാനോ പ്രയോജനപ്പെടുത്താനോ ആകാതെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തളര്‍ത്തി തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. ഈ കാര്യങ്ങളിലെല്ലാം പരിവര്‍ത്തനത്തിന് പ്രസാദിന്റെ ആത്മഹത്യ വഴി തുറക്കണം. കാര്‍ഷിക രംഗത്ത് സംസ്ഥാനത്തിന്റെ തനിമ വീണ്ടെടുക്കാനും കൃഷിയെ അതിന്റെ സംശുദ്ധിയോടെ സംരക്ഷിച്ചു നിലനിര്‍ത്താനും നടപടികള്‍ ഉണ്ടാവണം. സഹകരണ മേഖല കര്ഷകന് താങ്ങായി ഒപ്പം ഉണ്ടാകുന്ന അവസ്ഥ വീണ്ടും കേരളത്തില്‍ സംജാതമാകണം. അതിനുതടസ്സം ഏതു പാര്‍ട്ടിയായാലും ഏതു രാഷ്ട്രീയമായാലും അതിനെ മാറ്റി നിര്‍ത്താന്‍ കേരളത്തിലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും കഴിഞ്ഞാലേ കേരളം രക്ഷപ്പെടു. പ്രസാദിന്റെ ജീവനും കുടുംബത്തിന്റെ കണ്ണീരിനും വിലയുണ്ടാകുമോ എന്ന കാര്യവും ഇനിയും കണ്ടറിയാം. ഗാസയിലെ ഹമാസ് ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കോഴിക്കോട് വരെ പോയ പിണറായി വിജയന് കുട്ടനാട്ടിലെ ഈ കര്‍ഷകരുടെ വീട്ടിലേക്ക് പോകുമോ എന്ന കാര്യവും കേരളം കാത്തിരുന്ന് കാണണം. ഇസ്ലാമിക വോട്ട് ബാങ്കിനെ താലോലിക്കാന്‍ മാത്രമാണ് യുഡിഎഫും എല്‍ഡിഎഫും ഒരേപോലെ ശ്രമിക്കുന്നത്. സമനില തെറ്റാത്ത കേരളത്തിലെ വോട്ടര്‍മാര്‍ അതുതിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: