ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഭാരതത്തില്‍ 13-ാം ക്രിക്കറ്റ് ലോകകപ്പ് കളിക്കാനെത്തിയ ആറ് ടീമുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം. ഇവരില്‍ ചിലര്‍ പ്രൗഢിയോടെയാണ് ഭാരതം വിടുന്നത്. തലയുയര്‍ത്തിപിടിക്കാവുന്ന ജയക്കണക്കുകള്‍ കൈക്കലാക്കിയാണ് അവരുടെ മടക്കം. ഏഷ്യന്‍ ക്രിക്കറ്റിലെ കരുത്തന് നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാന് ഇനിയൊരു അട്ടിമറിക്കാരല്ല. ആരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ള വമ്പന്‍മാരായാണ് തിരിച്ചുപോകുന്നത്. ലോകകപ്പിലെ 39-ാം മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെലിന്റെ രണ്ട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ഈ ടീം ഒരുപക്ഷെ മറ്റന്നാള്‍ ഭാരതത്തെ വാംഖഡെയില്‍ നേരിടുന്ന എതിരാളികളായേനെ.
ലോകകപ്പ് തുടങ്ങും മുമ്പുള്ള കണക്കുകൂട്ടല്‍ ഹഷ്മത്തുള്ള ഷാഹിദിക്ക് കീഴിലുള്ള അഫ്ഗാനിസ്ഥാന് ടീം നെതര്‍ലന്‍ഡ്സിനെ ഉറപ്പായിട്ടും തോല്‍പ്പിക്കും പിന്നെ ബംഗ്ലാദേശിനെയും മെരുക്കാന്‍ പ്രാപ്തിയുണ്ട്, പിന്നെ സാഹസം കാണിക്കുമോയെന്ന സംശയവുമായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് മാന്യമായി തോറ്റു. രണ്ടാം കളിയില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി. മൂന്നാം കളിയില്‍ സാഹസത്തിന് തുടക്കമിട്ടു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് അട്ടിമറിച്ചു.
ആകെ ലോകകപ്പുകളില്‍ ടീം നേടുന്ന രണ്ടാം ജയം മാത്രമായിരുന്നു ഇത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 284 റണ്‍സെടുത്ത് പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 215 റണ്‍സില്‍ പുറത്താക്കി സാഹസം തെളിയിച്ചു. 28 റണ്‍സെടുക്കുകയും ഇംഗ്ലണ്ടിന്റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത മുജീബ് ഉര് റഹ്മാന് കളിയിലെ താരമായി. അത് വെറുമൊരു അട്ടിമറിയായിരുന്നില്ല. അഫ്ഗാനിസ്ഥാന് ഒരു അട്ടിമറി ടീമും അല്ല. കരുത്തന്മാരെ നേരിടാന്‍ പ്രാപ്തമായ സംഘമെന്ന് അടിവരയിട്ട് പിന്നീട് തുടര്‍ച്ചയായ രണ്ട് വിലപ്പെട്ട വിജയം കൂടി അവര്‍ സ്വന്തമാക്കി. മുന്‍ ലോക ചാമ്പ്യന്മാരായ പാകിസ്ഥാനെയും മറ്റൊരു മുന്‍ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയെയും സ്കോര്‍ പിന്തുടര്ന്ന് തോല്‍പ്പിച്ചു.
രണ്ടാമത് ബാറ്റ് ചെയ്തുള്ള വിജയത്തിനും കെല്‍പ്പുണ്ടെന്ന് തെളിയിച്ചതിലൂടെ ലോകക്രിക്കറ്റും ഉള്‍ക്കൊള്ളുകയാണ് അഫ്ഗാന് കരുത്തുറ്റ ടീം എന്ന്. അട്ടിമറി ജയത്തില്‍ അല്‍ഭുതം കണ്ട ടീം പിന്നീട് സെമി സ്വപ്നത്തിന് അരികെ വരെ എത്തുന്ന കാഴ്ചയാണ് ലോകകപ്പ് പ്രാഥമിക ഘട്ടം കണ്ടത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ടീം ജയം ഉറപ്പിച്ചതാണ്. പക്ഷെ പരിചയസമ്പത്തും ഇച്ഛാശക്തിയും ഒന്നുചേര്‍ന്ന ഗ്ലെന്‍ മാക്സ്വെലിന്റെ തകര്‍പ്പന്‍ പ്രകടനം അടുത്ത ദിവസങ്ങളില്‍ വാഴ്ത്തപ്പെടുകയായിരുന്നു. ഈ വമ്പന്‍ താരത്തെ പിടികൂടാനുള്ള അവസരങ്ങള്‍ വിട്ടുകളഞ്ഞ് സ്വന്തം കുഴി തോണ്ടിയത് അഫ്ഗാന് ടീം തന്നെയാണ്. പടിക്കല്‍ കലമുടയ്ക്കുന്ന വിധത്തിലാണ് ആ വിലപ്പെട്ട ക്യാച്ചുകള്‍ ടീം മിസ്സാക്കിയത്. എന്നാലും മൊത്തത്തിലുള്ള പ്രകടനമികവില്‍ ഉയര്‍ന്ന ഗ്രാഫ് സ്വന്തമാക്കിയാണ് അഫ്ഗാന് ടീം 13-ാം ലോകകപ്പ് വേദിയോട് വിടപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: