കോട്ടയം: കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അന്താരാഷ്ട്ര വിഷയങ്ങള്‍ മറയാക്കി സര്‍ക്കാര്‍ ഒളിച്ചോടുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍.
ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും ഭീകരവാദ അജണ്ടകളും രാഷ്ട്രീയ വിവേചനവും ഭരണത്തെ ഗ്രസിച്ചു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കി. 1600 രൂപ സാമൂഹ്യ ക്ഷേമപെന്‍ഷനും രോഗികള്‍ക്കുള്ള കാരുണ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടു.
സാമൂഹ്യ ക്ഷേമപെന്ഷന് ലഭിക്കാതെ മരുന്നിനും ചികിത്സയ്ക്കുമായി വയോധികര്‍ ഭിക്ഷാടനം നടത്തുന്നത് കേരളത്തെ ലജ്ജിപ്പിക്കുന്നു. കാര്ഷികോത്പപന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയില്‍ വിറ്റ നെല്ലിന് നല്കാന് സര്‍ക്കാരിന് പണമില്ല. വന്യജീവി അക്രമങ്ങള്‍ നിത്യസംഭവമായി. സ്കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും പ്രതിസന്ധിയില്‍. വൈദ്യുതി നിരക്കും വെള്ളക്കരവും കൂട്ടി. വികസനം മുരടിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി. ഉന്നത വിദ്യാഭ്യാസമേഖലയെ പുതുതലമുറ കൈവിട്ടു.
യൂണിവേഴ്സിറ്റികളില്‍ പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ജീവിത സുരക്ഷിതത്വം ലക്ഷ്യമാക്കി വിദേശരാജ്യങ്ങളിലേക്ക് പഠിക്കാനും തൊഴിലിനും അവസരങ്ങള്‍ തേടി കേരളയുവത്വം പലായനം ചെയ്യുകയാണ്. 21,852 കോടി ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാമായിരുന്നത് അഞ്ചുമാസങ്ങള്‍ അവശേഷിച്ചിരിക്കെ 21,800 കോടിയും കടമെടുത്ത് ചെലവഴിച്ചു.
ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ അവസരം സൃഷ്ടിക്കുകയുമാണ്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളത്തിനും ധൂര്‍ത്തിനും സര്‍ക്കാരിന്റെ ആര്ഭാടത്തിനും ഖജനാവ് കാലിയാക്കി വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: