കൊച്ചി: ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയില്‍ നിന്ന് പൂജിച്ച് എത്തിച്ച അക്ഷതകുംഭം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ സ്വീകരിച്ച് പ്രതിഷ്ഠിച്ചു.
ബജരംഗ്ദള്‍ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി, ബജരംഗ്ദള്‍ സംസ്ഥാന സഹസംയോജക് വക്കം സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതകുംഭം ക്ഷേത്രം തന്ത്രി പ്രശാന്ത് നമ്പൂതിരി, മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ജോ. സെക്രട്ടറി അഭിനു സുരേഷ്, ബജരംഗ്ദള്‍ സംസ്ഥാന സഹ സംയോജക് പ്രദീപ് അണ്ടലാടി, വിഎച്ച്പി ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ക്ഷേത്ര സമിതി ഭാരവാഹികള്‍ എന്നിവര്‍ അക്ഷതകുംഭം ക്ഷേത്രാങ്കണത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി കുംഭം ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചു. 2024 ജനുവരി ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി അക്ഷതകുംഭത്തിന്റെ ഭാഗങ്ങളും ശ്രീരാമജന്മഭൂമി ക്ഷേത്രവിവരങ്ങള്‍ അടങ്ങിയ ലഘു പുസ്തകവും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ഹിന്ദു ഭവനങ്ങളിലും എത്തിക്കുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു.
ജനുവരി 22 ന് നടക്കുന്ന ശ്രീരാമജന്മഭൂമി പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 15 മുതല്‍ പാവക്കുളം ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ രാമായണസത്രം നടത്തും. 22 ന് പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും കേന്ദ്രീകരിച്ച് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: