തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സംഘം തട്ടിപ്പില്‍ ഇ ഡി ശേഖരിച്ച രേഖകള്‍ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് നടപടി അസാധാരണം. കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ അഭിപ്രായം.
രേഖകള്‍ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടു. കരുവന്നൂരില്‍ നിന്ന് നേരത്തെ ക്രൈംബ്രാഞ്ചും സഹ. വകുപ്പും ശേഖരിച്ച രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിട്ടും കൈമാറാന്‍ തയാറായിട്ടില്ല. കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കുകയും രണ്ടാംഘട്ടത്തില്‍ അന്വേഷണം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലേക്ക് നീങ്ങുകയും ചെയ്യുന്ന സമയത്താണ് ക്രൈംബ്രാഞ്ച് രേഖകള്‍ ആവശ്യപ്പെടുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും താത്പര്യപ്രകാരം പ്രതികളെ സഹായിക്കാനുള്ള നീക്കമെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പൂര്‍ണമായും നിസഹകരിച്ചിട്ടും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും പ്രധാന പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനും ഇ ഡിക്ക് സാധിച്ചു.
സംസ്ഥാന സര്‍ക്കാരിനും ക്രൈംബ്രാഞ്ചിനും ഇത് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഇ ഡി സ്വന്തം നിലയ്ക്ക് ശേഖരിച്ച തെളിവുകളാണ് ഇപ്പോള്‍ കേസ് ശക്തമാകാന്‍ കാരണം. ആദ്യ കുറ്റപത്രത്തില്‍ തന്നെ 55 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ പി. സതീഷ്കുമാറും പി.ആര്. അരവിന്ദാക്ഷനും ഇതിലുള്‍പ്പെടുന്നു. ഈ പ്രതികളെയെല്ലാം ക്രൈംബ്രാഞ്ച് ഒഴിവാക്കിയതായിരുന്നു. സിപിഎം നേതൃത്വവുമായുള്ള അടുപ്പമാണ് പ്രതികളെ ക്രൈംബ്രാഞ്ച് ഒഴിവാക്കാന്‍ കാരണമെന്നും ഇ ഡി കോടതിയില്‍ നല്കിയ മറുപടിയില്‍ പറയുന്നു. ഇത് തമ്മിലടിക്കാനുള്ള നേരമല്ല.
ക്രൈംബ്രാഞ്ച് നടപടി അപക്വമാണ്. നിക്ഷേപകര്‍ സൊസൈറ്റികള്‍ക്ക് മുന്നില്‍ യാചിക്കുകയാണ്. ജീവിതസമ്പാദ്യം നഷ്ടമായവരാണിവര്‍. ഇ ഡി അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ്. 55 പേര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. 90 കോടി കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇനി തുടരന്വേഷണം പൂര്‍ത്തിയാക്കണം. ഈ സമയത്ത് രേഖകള്‍ കൈമാറുന്നത് അന്വേഷണത്തെ തടസപ്പെടുത്തും.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന ഏജന്‍സികളുടെ ശ്രമം ശ്രദ്ധയില്‍പെട്ടതായും ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: