കഴിഞ്ഞ മൂന്ന് ദിവസമായി ക്രിക്കറ്റ് എന്നാല്‍ ഗ്ലെന്‍ ജെയിംസ് മാക്സ്വെല് എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇനിയൊരു അല്‍ഭുതം സംഭവിക്കുംവരെ അല്ലേല്‍ ഈ ലോകകപ്പിലെ ആദ്യ സെമിവരെയെങ്കിലും അഫ്ഗാനിസ്ഥാനെതിരായ മാക്സിയുടെ പെര്‍ഫോമന്‍സ് അല്ലാതെ മറ്റൊന്നും നിറഞ്ഞുനില്‍ക്കില്ലെന്നുറപ്പ്. അത്രമാത്രം ഗാംഭീര്യവും വീര്യവും ക്ലാസ്സും മാസ്സും ഒത്തുചേര്‍ന്ന ഇന്നിങ്സായിരുന്നു അത്. കാലമേറെ കഴിഞ്ഞാലും ഒളിമങ്ങാതെ വെട്ടിത്തിളങ്ങുന്ന തകര്‍പ്പന്‍ പ്രകടനം. അത് നേരില്‍ കണ്ട സാക്ഷാല്‍ ബാറ്റിങ് ഇതിഹാസം സച്ചിന് പറഞ്ഞത് എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട മികച്ച ഏകദിന മത്സര ബാറ്റിങ് പ്രകടനമെന്നാണ്. മാക്സിയുടെ പ്രകടനത്തെ ഒറ്റവരിയിലൂടെ സച്ചിന് വിശേഷിപ്പിച്ചത് ‘മാക്സ്പ്രഷര്‍ ടു മാക്സ് പെര്‍ഫോമന്‍സ്’ എന്നാണ്.
അഞ്ചുവട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിയിലൂടെ ഈ ലോകകപ്പില്‍ നിന്നും പുറത്താക്കുവാന്‍ കഴിയുമെന്ന് അഫ്ഗാനിസ്ഥാന് സ്വപ്നം കണ്ടിടത്തുനിന്നുമാണ് മുപ്പത്തി അഞ്ചുകാരയനായ മാക്സിയുടെ മാസ്മരികത ഉയര്‍ന്നു നിന്നത്. കളിയുടെ അവസാനം ‘മാര്‍വലസ് മാക്സ്വെല്’ എന്ന് സ്കോര്‍ബോര്‍ഡില്‍ തെളിയുമ്പോള്‍ തന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ മാക്സ്വെല് ഓസ്ട്രേലിയയെ മൂന്നു വിക്കറ്റ് വിജയത്തോടെ ഐസിസി ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിച്ചുകഴിഞ്ഞിരുന്നു.
17 ഓവറില്‍ ഏഴിന് 91 എന്ന നിലിയില്‍ നിന്നും ഓസീസിനെ മാക്സി ഏഴിന് 150 എന്ന നിലിയിലേക്കെത്തിക്കുമ്പോള്‍ കാലില്‍ പേശിവലിവിന്റെ വേദന വിരിഞ്ഞുമുറുക്കി. കളിക്കാനാവില്ലെന്ന അവസ്ഥയിലായി. ഓസീസ് താരങ്ങളും ക്യാമ്പിനും ആ നിമിഷം മുന്നില്‍ കണ്ട ഫൈനല്‍ സാധ്യത എങ്ങനെയും 200 റണ്‍സിലെത്തിച്ച് പരമാവധി റണ്‍നിരക്ക് കുറഞ്ഞ പരാജയം വഴങ്ങുക, ബാക്കി ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ നോക്കാം എന്നായിരുന്നു. മാക്സി റിട്ടയേര്‍ഡ് ഹാര്‍ട്ടെടുത്താല്‍ ഇറങ്ങാന്‍ വേണ്ടി ഓസീസ് നിരയിലെ പത്താം നമ്പര്‍ ബാറ്റര്‍ ആദം സാംപ പാഡുകെട്ടി പലവട്ടം ഡഗൗട്ടില്‍ നിന്നും അതിര്‍ത്തി വരയിലേക്കെത്തി നിന്നു, മടങ്ങിപ്പോയി വീണ്ടും വന്നു. മാക്സിക്കൊപ്പം നിന്ന ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് മാക്സിയോട് പറഞ്ഞു വിഷമിക്കേണ്ട പുറത്തേക്ക് നടന്നോളൂ ബാക്കി നമുക്ക് നോക്കാം. പക്ഷെ മാക്സ് ഒരുക്കമല്ലായിരുന്നു. അയാള്‍ മുന്നില്‍ കണ്ടത് 292 എന്ന നമ്പര്‍ മാത്രമായിരുന്നു. അഫ്ഗാനെതിരെ ഓസീസിന്റെ വിജയലക്ഷ്യമായ 292 റണ്‍സ്.
കഠിനവേദനയില്‍ പുളയുന്ന സഹതാരത്തിന്റെ വാക്കിന് വിലകല്‍പ്പിച്ച് കമ്മിന്‍സ് മാക്സിക്ക് ആവുന്ന സ്വാതന്ത്ര്യം മുഴുവന്‍ നല്കി. ബാറ്റര്‍ എന്ന നിലിയല്‍ ഒരു ശരാശരി നിലവാലം പോലുമില്ലാത്ത തന്റെ ബലഹീനത മനസ്സിലാക്കിയ നായകന് ഒരു ടെസ്റ്റ് മത്സരത്തിലെന്നപോലെ നങ്കൂരമിട്ടു. സ്ട്രൈക്ക് പൊസിഷന്‍ കിട്ടുമ്പോള്‍ മാക്സ് വേണ്ടത് ഗംഭീരമായി നിര്‍വഹിച്ചുപോന്നു. ഇതായിരുന്നു രക്ഷപെടാന്‍ മാക്സിയും കമ്മിന്‍സും മുന്നില്‍ കണ്ട പോംവഴി. ഓസീസ് ഈ ലോകകപ്പില്‍ നില്‍ക്കണോ പോണോ എന്ന് നിര്‍ണയിക്കുന്ന തീരുമാനമായിരുന്നു അത്. ചിരിയും തമാശയുമായി തന്റെ കൂട്ടുകാരന്റെ വേദനയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കമ്മിന്‍സ് എക്സ്ട്രാ ജോലി കൂടി പിച്ചിനകത്ത് നിര്‍വഹിക്കേണ്ടിവന്നു. പക്ഷെ ബാറ്റുമായി വിക്കറ്റിന് മുന്നില്‍ നില്ക്കുമ്പോള് അഫ്ഗാന് തീപ്പന്തുകളെ ഭയന്നില്ല, കാലിടറി വീണില്ല. 68 പന്തുകള്‍ നേരിട്ട് കേവലം 12 റണ്‍സാണ് അടിച്ചെടുത്തത്. മാക്സിക്കൊപ്പം ഈ നായകനും അര്‍ഹിക്കുന്നു ഓസീസ് സെമി ഉറപ്പാക്കിയ തിളക്കമാര്‍ന്ന വിജയത്തിന്റെ ക്രെഡിറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: