തൃശൂര്‍: നഗരത്തില്‍ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണം തുടര്‍ക്കഥയാകുമ്പോഴും പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നു. റെയില്‍വേ സ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
നഗരത്തില്‍ പല കുറ്റകൃത്യങ്ങളും നടന്നു കഴിഞ്ഞ ശേഷമാണു പോലീസ് വിവരമറിയുന്നത്. നഗരത്തില്‍ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വര്‍ധിക്കുന്നതിന് പിന്നില്‍ പോലീസിന്റെ അനാസ്ഥയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
റെയില്‍വേ സ്റ്റേഷന് പരിസരത്ത് സമീപകാലത്തായി പിടിച്ചുപറി, ദേഹോപദ്രവം, വധശ്രമം തുടങ്ങിയവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷവും പോലീസിന്റെ ഭാഗത്തു നിന്നു കൃത്യമായ നിരീക്ഷണമോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ലഹരി ഉപയോഗവും വില്പനയും അടിപിടിയുമൊക്കെ നടത്തുന്ന സംഘം മുഴുവന്‍സമയ ഗുണ്ടകളായി മാറി നഗരത്തില്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്.
പൂത്തോള്‍, ദിവാന്‍ജിമൂല, വഞ്ചിക്കുളം, കൊക്കാലെ, പാസ്പോര്‍ട്ട് ഓഫിസിനു മുന്‍വശം എന്നിവിടങ്ങളിലാണ് ഗുണ്ടാസംഘങ്ങള്‍ താവളമടിക്കുന്നത്. ഏതാനും മാസം മുന്‍പു ദിവാന്‍ജിമൂല ഭാഗത്തു തമിഴ്നാട് സ്വദേശിയെ പതിനഞ്ചുകാരന് കുത്തിയത് നിസ്സാര കാര്യത്തിനാണ്. പതിനഞ്ചുകാരന് മതിലില്‍ മൂത്രമൊഴിച്ചത് തമിഴ്നാട് സ്വദേശി ചോദ്യംചെയ്തതാണ് പ്രകോപനമായത്. തമിഴ്നാട് സ്വദേശിയുടെ പുറത്തു കത്തി കുത്തിയിറക്കിയശേഷം വലിച്ചൂരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പ്രതി സിനിമാ സ്റ്റൈലില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി നിസ്സാര ഭാവത്തില്‍ കീഴടങ്ങുകയായിരുന്നു.
ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികളാകുന്ന പലരും 25 വയസ്സില്‍ താഴെയുള്ളവരാണ്. കഞ്ചാവ് ഉപയോഗവും വില്പനയും ഇവര്‍ നടത്തുന്നു എന്നും സൂചനയുണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ രാത്രിയില്‍ ട്രെയിന്‍ ഇറങ്ങുന്ന യാത്രക്കാര്‍ കൊക്കാലെ, പൂത്തോള്‍ ഭാഗങ്ങളിലേക്ക് ഭയത്തോടെയാണു നടന്നുപോകാറുള്ളത്. ഇവിടങ്ങളില്‍ ബൈക്കിലും കാറിലും മറ്റുമായി തമ്പടിക്കുന്ന ലഹരിസംഘങ്ങള്‍ കയ്യേറ്റത്തിനു ശ്രമിച്ച സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ചില ഭക്ഷണവില്പനശാലകള്ക്കു സമീപത്തും ഗുണ്ടാ ആക്രമണങ്ങള്‍ പതിവാണ്.
ദീര്‍ഘദൂര ബസുകളിലെത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് യാത്രക്കാരില്‍ പലരും രാത്രി വൈകിയാണ് ദിവാന്ജിമൂലയ്ക്കു സമീപമിറങ്ങാറുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇങ്ങനെയെത്തുന്നു. പോലീസിന്റെ പട്രോളിങ് വാഹനങ്ങള്‍ ഇതുവഴി റോന്തുചുറ്റുന്ന പതിവുണ്ടെങ്കിലും പലപ്പോഴും കുറ്റവാളികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ കഴിയുന്നില്ല. അതിനിടെ ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി പോലീസിന്റെ ഓപ്പറേഷന് റേഞ്ചര്‍ പരിശോധന തൃശൂരില്‍ പാളിയതായി ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: