കിറ്റെക്സ് കുഞ്ഞുടുപ്പ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയെയും കടത്തിവെട്ടും. ഇത്രയും മിടുക്കോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന സമര്‍ത്ഥനായ ഒരു വ്യവസായിയെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അന്ന് കേരളത്തിലെ സര്‍ക്കാരില്‍ നിന്നുള്ള ചില സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വന്നപ്പോഴാണ് കിറ്റെക്സ് ഉടമ സാബു എം. ജേക്കബ് കേരളം വിട്ടത്. അന്ന് ഈ മിടുക്കനായ വ്യവസായിയുടെ കേരളത്തില്‍ നിന്നുള്ള പലായനത്തിന് പകരം വീട്ടാന്‍ തെലുങ്കാനയില്‍ നടന്ന വ്യവസായ മേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ ബ്രിട്ടാസിനെയും കൂട്ടി കേരളത്തിലെ മുഖ്യമന്ത്രി തന്നെ നേരിട്ട് പോയി. കൂടുതല്‍ വ്യവസായികളെ ചാക്കിട്ട് പിടിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന് കിറ്റെക്സിന്റെ ഉടമ സാബു എം. ജേക്കബ്ബിനെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഇപ്പോഴിതാ സാബു എം ജേക്കബ് പ്രഖ്യാപിക്കുന്നു 2024 ജനവരിയില്‍ തെലുങ്കാനയിലെ കിറ്റെക്സ് ഫാക്ടറി പൂര്‍ണ്ണമായും സജ്ജമാകും. ഇതോടെ കുഞ്ഞുടുപ്പ് നിര്‍മ്മാണത്തില്‍ കിറ്റെക്സ് ചൈനയെ വെട്ടി ലോകത്തില്‍ കുഞ്ഞുടുപ്പ് നിര്‍മ്മാണത്തില്‍ നമ്പര്‍ വണ്‍ ആകും.
വാറംഗല്‍ ജില്ലയില്‍ കാകതിയയില്‍ 200 ഏക്കറില്‍ സ്ഥാപിച്ച ടെക്സൈറ്റല്‍ ഫാക്ടറിയില്‍ 11 ലക്ഷം കുഞ്ഞുടുപ്പുകള്‍ ദിവസേന നിര്‍മ്മിച്ചുതുടങ്ങും. ആഗോള തലത്തില്‍ ചൈനയിലെ കമ്പനിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായി നില്ക്കുന്ന കിറ്റെക്സ് ഇതോടെ ഒന്നാമനാകും. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനി നിര്‍മ്മിക്കുന്നത് പ്രതിദിനം 9 ലക്ഷം ഉടുപ്പുകള്‍ മാത്രമാണ്.
എറണാകുളത്തെ കിഴക്കമ്പലം ഫാക്ടറിയില്‍ ഏഴ് ലക്ഷം കുഞ്ഞുടുപ്പുകള്‍ ദിവസേന നിര്‍മ്മിക്കുന്നു. അതായത് കിറ്റെക്സിന്റെ പ്രതിദിന ഉല്പാദനം 18 ലക്ഷം കുഞ്ഞുടുപ്പുകള്‍ എന്നായി ഉയരും. ചൈനക്കാരന് സാബുവിനോട് ഇക്കാര്യത്തില്‍ അതോടെ അടുക്കാന്‍ പറ്റില്ല.
ഈ എറണാകുളം ഫാക്ടറിയിലാണ് സര്‍ക്കാര്‍ നൂറുകൂട്ടം കുറ്റങ്ങള്‍ കണ്ടെത്തി ശ്വാസം മുട്ടിച്ചത്. അഴുക്കുവെള്ളം പുറന്തള്ളുന്നതില്‍, ഫാക്ടറി തൊഴിലാളികളെ പാര്‍പ്പിക്കുന്ന തൊഴിലിടങ്ങളിലെ വൃത്തിഹീനതകളില്….അങ്ങിനെ നൂറായിരം കുറ്റങ്ങള്‍. സാബുവിന്റെ അസ്വാസ്ഥ്യം മനസ്സിലാക്കിയ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനും അവിടുത്തെ വ്യവസായമന്ത്രിയുമായ കെ.ടി.രാമറാവു ചാടി വീണു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് സാബുവിനെ കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ കേരളം വിട്ടത് നന്നായി എന്ന് അടുത്തിടപഴകുന്ന മാധ്യമപ്രവര്‍ത്തകരോടെല്ലാം പറയാന്‍ സാബു മടി കാണിക്കാറില്ല. കാരണം അവസരങ്ങളുടെ നൂറായിരം വാതിലുകളാണ് സാബുവിന് മുന്‍ പില് ഇപ്പോള്‍ തുറന്നുകിട്ടുന്നതത്രെ.
ഇനി സാബു ഒരു ഫാക്ടറി കൂടി തെലുങ്കാനയില്‍ തുടങ്ങും. ഹൈദരാബാദിലെ സീതാറാം പൂരില്‍. 250 ഏക്കറില്‍. ഈ ഫാക്ടറിയുടെ ചില വിശേഷങ്ങള്‍ കേട്ടാല്‍ മന്ത്രി പി.രാജീവ് ഞെട്ടരുത്. 1.350 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്ന് ഫാക്ടറികളാണ് ഇവിടെ ഉയരുക. ഇലോണ്‍ മസ്കിന്റെ ടെസ്ല എന്ന ഇലക്ടിക് കാര്‍ ഉണ്ടാക്കുന്ന യുഎസിലെ ഫാക്ടറിയാണ് ഇപ്പോള്‍ ഫാക്ടറിയുടെ നീളത്തിന്റെ കാര്യത്തില്‍ റെക്കോഡുമായി നില്‍ക്കുന്നത്. ഇതിന്റെ നീളം 1.165 കിലോമീറ്റര്‍ മാത്രമാണ്. ഇതിന്റെ നിര്‍മ്മാണം അടുത്ത മാസം തുടങ്ങും. ഇതുകൂടി പ്രവര്‍ത്തനക്ഷമമായാല്‍ കിറ്റെക്സ് പ്രതിദിനം 25 ലക്ഷം വരെ കുഞ്ഞുടുപ്പ് നിര്‍മ്മിക്കും. ഈ കുഞ്ഞുടുപ്പുകള്‍ കൊണ്ടുപോകുന്നത് ആരാണ്? ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയാണ്. കേരളത്തില്‍ ഇപ്പോള്‍ 11000 പേര്‍ക്ക് തൊഴില്‍ നല്കുന്ന സാബുവിനെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ മറ്റൊരു 25000 പേര്‍ക്കു കൂടി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തൊഴില്‍ നല്‍കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: