ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് നിയന്ത്രണരേഖയ്ക്ക് സമീപം 41 രാഷ്ട്രീയ റൈഫിള്‍സില്‍ (മറാഠ എല്‍ഐ) ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ചേര്‍ന്ന് പ്രതിമ അനാച്ഛാദനം ചെയ്തു.
ജമ്മു കശ്മീരില്‍ ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിച്ചത് അഭിമാനകരമാണെന്നും സൈനികള്‍ക്ക് ഇത് പ്രചോദനമാണെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ സാംസ്കാരിക മന്ത്രി സുധീര്മുന്ഗന്തിവാറും ചടങ്ങില്‍ പങ്കെടുത്തു.
ഒക്ടോബര്‍ 20ന് മുംബൈയില്‍ നിന്നാണ് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും വഹിച്ചുള്ള യാത്ര കശ്മീരിലേക്ക് പുറപ്പെട്ടത്. ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, സാംസ്കാരിക മന്ത്രി സുധീര്‍ മുന്ഗന്തിവാര് എന്നിവര്‍ ചേര്‍ന്നാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
സൈനികര്‍ ശിവജിയുടെ പ്രതിമ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാഴ്ചകൊണ്ട് 2200 കിലോമീറ്റര്‍ താണ്ടിയാണ് ശിവജി പ്രതിമ ജമ്മു കശ്മീരില്‍ എത്തിച്ചത്. ശിവനേരി, തോര്‍ണ, രാജ്ഗഡ്, പ്രതാപ്ഗഡ്, റായ്ഗഡ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിമയുടെ നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: