കുഞ്ഞു പിറന്നാല്‍ വിധിപ്രകാരം നടത്തേണ്ട ചടങ്ങുകള്‍ പലതാണ്. അവയില്‍ കാലഹരണപ്പെട്ടവയും ഇന്നും ചിട്ടയോടെ തുടരുന്നവയുമുണ്ട്.
നവജാതശിശുവിന് പൊക്കിള്‍ക്കൊടി വേര്‍പെടും മുമ്പേ നടത്തുന്ന ചടങ്ങാണ് നെയ്യും തേനുമെടുത്ത് അതില്‍ സ്വര്‍ണം അരച്ചു ചേര്‍ത്ത് നാവില്‍ തേയ്ക്കുന്നത്. ബുദ്ധിവര്ധനയ്ക്കാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. വാക്കിനും നാക്കിനും ശുദ്ധികിട്ടാന് വയമ്പും സ്വര്‍ണവും തേനിലരച്ചു കൊടുക്കുന്ന ചടങ്ങുമുണ്ട്.
ആദ്യമായി കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുന്നത് മുഹൂര്‍ത്തം നോക്കി, വിഷ്ണുഭഗവാനെ ധ്യാനിച്ചു കൊണ്ടാവണം. അതും അനന്തശായിയായ മഹാവിഷ്ണുവിനെ. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ ചടങ്ങ് നടത്താറില്ല.
കാലികപ്രാധാന്യമില്ലാത്തൊരു ചടങ്ങാണ് വാതില്‍ പുറപ്പാട്. മുന്‍ കാലങ്ങളില്‍, കുഞ്ഞുങ്ങളെ ആദ്യമായി വാതിലിനു പുറത്തേക്ക് കൊണ്ടു വരുന്ന ചടങ്ങ്. ഇക്കാലത്ത് ഇതിന് വലിയ പ്രാധാന്യമില്ല. ജനിച്ച് മൂന്നു മാസം പിന്നിടുമ്പോള്‍ കുഞ്ഞിനെ സൂര്യനേയും നാലാംമാസത്തില്‍ ചന്ദ്രനെയും കാണിക്കണമെന്നാണ് വിധി. പുലര്‍വേളയില്‍ കുഞ്ഞിന് സൂര്യരശ്മി ഏല്‍പ്പിക്കണം. അതുപോലെ സന്ധ്യയാവുമ്പോള്‍ ചന്ദ്രരശ്മിയും.
കുഞ്ഞിന് ആദ്യമായി അരിയാഹാരം നല്‍കുന്നതിന് അഥവാ ചോറൂണ് നടത്തുന്നതിനുമുണ്ട് ചില നിഷ്കര്‍ഷകള്‍. ആണ്‍കുട്ടികള്‍ക്ക് 6,8,10 തുടങ്ങിയ മാസങ്ങളാണ് ചോറൂണിന് നല്ലത്. പെണ്‍കുട്ടികള്‍ക്ക് 5,7,9 മാസങ്ങള്‍ ചോറൂണിന് വിശിഷ്ടമായി കരുതുന്നു. ശുഭമുഹൂര്‍ത്തം നോക്കിയാവണം ചടങ്ങ് നടത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: