തിരുവനന്തപുരം: ‘കേരളീയം പരിപാടിക്ക് യാത്ര സൗജന്യമാണ്. കലാപരിപാടികളും ചലച്ചിത്രമേളകളും ഫ്രീ. എല്ലാവര്ക്കും എല്ലാം സൗജന്യമാക്കുമ്പോഴും പ്രസാധകര് സൗജന്യമൊന്നും ആവശ്യപ്പെടുന്നില്ല. പച്ചവെള്ളംപോലും സൗജന്യമില്ലെന്ന കാര്യം മറക്കുന്നുമില്ല…പക്ഷേ, ഒരു ലൈബ്രറിക്ക് നൂറു രൂപയുടെ പുസ്തകമെങ്കിലും വാങ്ങിക്കൂടേ… ഒരു എംഎല്‍എയ്ക്ക് ഒരു സ്റ്റാളില്‍ നിന്ന് 500 രൂപയുടെ പുസ്തകമെങ്കിലും വാങ്ങിക്കൂടേ…’ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയ ഒരു പ്രസാധകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്. പുസ്തകോത്സവത്തിനെത്തിയ ചെലവുകാശുപോലും വിറ്റുവരവില്ലാത്ത നൂറിലധികം ചെറുകിട പ്രസാധകരാണ് മേളയിലുള്ളത്.
മേളയില്‍ നിന്നു പുസ്തകങ്ങള്‍ വിറ്റുപോകാതെ വന്നതോടെ ചെറുകിട പ്രസാധകര് ശക്തമായ പ്രതിഷേധത്തിലാണ്. പ്രസാധകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശക്തമായ പ്രതിഷേധക്കുറിപ്പുകള്‍ നിറയുന്നു. ‘140 എംഎല്‍എമാര്‍, ഒരാള്‍ക്കു മൂന്നു ലക്ഷം രൂപയുടെ ഫണ്ട്, ആയിരക്കണക്കിനു ഗ്രന്ഥശാലകള്‍, പതിനായിരക്കണക്കിനു വിദ്യാലയങ്ങള്‍, വിവിധ വകുപ്പുകള്‍, അങ്ങനെയങ്ങനെ എന്തൊക്കെയായിരുന്നു…? ശ്രീനിവാസന് പറഞ്ഞതുപോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങളായി പോയല്ലോ… ഈ മേള’ എന്നാണ് ഒരു പ്രസാധകന് പുസ്തകമേളയുടെ ഗ്രൂപ്പില്‍ കുറിച്ചത്.
‘140 എംഎല്‍എമാരില്‍ നാലുപേരു പോലും നമ്മുടെ അടുത്തേക്കു വന്നില്ല. ആയിരക്കണക്കിന് ഗ്രന്ഥശാലക്കാരോ പതിനായിരക്കണക്കിന് വിദ്യാലയങ്ങളോ അവിടെ കേറിയില്ല. പിന്നെയോ? ഒരു കുട്ടിപ്രളയം രാവിലെ മുന്നിലൂടെ കടന്നുപോയി. ഒരു പുരുഷാരം വൈകുന്നേരങ്ങളില്‍ കാഴ്ച കാണാനും സെല്‍ഫിയെടുക്കാനും വന്നു മടങ്ങി. പോകുന്ന വഴിയില്‍ ആയിരങ്ങളില്‍ നൂറു പേര് തിരിഞ്ഞുനോക്കി. ഇരുപതോ മുപ്പതോ പേര് അകത്തുകയറി. നാലോ അഞ്ചോ പേര് ഓരോ പുസ്തകം വാങ്ങി. ഇതാണ് ഇന്നുച്ചവരെയുള്ള അനുഭവം. ഇനി ഒറ്റ ദിവസം കൊണ്ട് എന്തെങ്കിലും അദ്ഭുതം സംഭവിക്കുമോ? എന്ന് ഒരാള്‍ ചോദിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പുസ്തകമേളയില്‍ വിറ്റുപോയ പുസ്തകങ്ങളുടെ ഫണ്ട് ലഭിക്കാത്തവരും നിരവധിയാണ്. അതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഒരു മണ്ഡലത്തിലെ സ്കൂളുകള്‍ക്കും ഗ്രന്ഥശാലള്ക്കും പുസ്തകം വാങ്ങിക്കൊടുക്കാന്‍ മൂന്നു ലക്ഷം രൂപയാണ് എംഎല്‍എമാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. സിപിഎം എംഎല്‍എമാരുടെ ഫണ്ട് ചിന്ത പബ്ലിക്കേഷന്‍ വഴി ചെലവഴിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി നിര്‍ദേശം. ചെറുകിട പ്രസാധകരില്‍ നിന്നു വില കുറച്ച് 50-60 ശതമാനം വരെ പുസ്തകം വാങ്ങി 35 ശതമാനം ബില്ലിട്ട് നല്‍കുന്നതിലൂടെ കമ്മിഷന് ഇനത്തില്‍ മാത്രം ലക്ഷങ്ങളാണ് ചിന്തയ്ക്ക് ലഭിക്കുന്നത്. നിയമസഭയില്‍ അന്താരാഷ്ട്ര ‘പുസ്തകക്കൊള്ള’, എംഎല്‍എ ഫണ്ട് ‘ചിന്ത’വഴി മാത്രം എന്ന റിപ്പോര്‍ട്ടിലൂടെ ജന്മഭൂമി കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തു കൊണ്ടുവന്നിരുന്നു.
ചിന്ത പബ്ലിക്കേഷന്‍ വഴി എംഎല്‍എ ഫണ്ട് ചെലവഴിക്കുന്നതിനെതിരേ പ്രസാധക സംഘടന ബുക്ക് ഓര്ഗനൈസേഷന് ഓഫ് കേരള രംഗത്തെത്തി. ചിന്തയില്‍ നിന്നോ ഇടതുപക്ഷ സഹയാത്രികരായ പ്രസാധകരില്‍ നിന്നോ മാത്രം പുസ്തകമെടുക്കാന്‍ എംഎല്‍എ ഫണ്ട് നല്‍കുന്നത് മര്യാദയല്ലെന്നും അത് അവസാനിപ്പിക്കണമെന്നും ബുക്ക് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വീണ നൂറുകണക്കിന് പ്രസാധകരാണ് മേളയ്ക്കെത്തിയ ചെലവുകാശുപോലും ലഭിക്കാതെ ഇന്ന് മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: