ന്യൂദല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിനിടെയാണ് സംഭവം.
ഷാക്കിബ് അല്‍ ഹസന് എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തില്‍ മഹ്മൂദുള്ള പിടിച്ച് സമരവിക്രമ പുറത്തായതോടെ ആഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ഒരു ബാറ്റര്‍ പുറത്തായാല്‍ രണ്ട് മിനിട്ടിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തണമെന്നാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയാറെടുക്കവെ ഹെല്‍മറ്റ് മാറിപ്പോയെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെല്‍മറ്റ് ആവശ്യപ്പെട്ടു.
എന്നാല്‍, പുതിയ ഹെല്‍മറ്റുമായി സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ എത്തിയപ്പോഴേക്കും രണ്ട് മിനിട്ട് കഴിഞ്ഞു. ബംഗ്ലാദേശ് ടീമും ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ടൈം ഔട്ട് ആവശ്യപ്പെട്ടു. അപ്പീല്‍ പിന്‍വലിക്കാന്‍ ഷാക്കിബ് കൂട്ടാക്കാതിരുന്നതോടെ നിയമം കണക്കിലെടുത്ത് അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയായിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിട്ടുണ്ട്.
കുശാല്‍ പെരേര (4), പാത്തും നിസങ്ക (41), കുശാല്‍ മെന്‍ഡിസ് (19), സദീര സമരവിക്രമ (41), ആഞ്ചലോ മാത്യൂസ് (0) എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിനായി ഷാക്കിബ് രണ്ട് വിക്കറ്റ് വീഴ്ത്തി. ചരിത് അസലങ്കയും ധനഞ്ജയ ഡിസില്‍വയും ക്രീസില്‍ തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: