ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്നതില്‍ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറിനൊപ്പം വിരാട് കൊഹ്ലി. ലോകകപ്പില്‍ ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ നേടിയത് കരിയറിലെ 49-ാം സെഞ്ചുറി.
താരത്തിന്റെ 35-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. ലോക ക്രിക്കറ്റ് പ്രേമികള്‍ക്കാകെ മികച്ച കാഴ്ചവിരുന്നൊരുക്കിയായിരുന്നു പിറന്നാളുകാരന്റെ സമ്മാനം. ഇതേ ലോകകപ്പില്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷും പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരായ കളിയിലായിരുന്നു മാര്‍ഷിന്റെ സെഞ്ചുറി.
വേഗം കുറഞ്ഞ ഈഡന് ഗാര്‍ഡന്‍സിലെ പിച്ചില്‍ ഭാരതത്തിന് ഇന്നലെ വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ വിരാട് കോഹ്ലിയുടെ പ്രകടനം നിര്‍ണായകമായി. ബാറ്റിങ്ങിന് ദുഷ്കരമായ പിച്ചില്‍ ഭാരത ഇന്നിങ്സിന് ശക്തമായ അടിത്തറയൊരുക്കിയാണ് കോഹ്ലി ബാറ്റ് ചെയ്തത്.119-ാം പന്തില്‍ സെഞ്ചുറി തികച്ച വിരാട് കോഹ്ലി 121 പന്തുകളില്‍ പത്ത് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 289-ാം മത്സരത്തിനിറങ്ങിയ കോഹ്ലി 277-ാം ഇന്നിങ്സിലാണ് റിക്കാര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. ഇനിയൊരു സെഞ്ചുറി കൂടി നേടിയാല്‍ ഇതിഹാസത്തെ മറികടക്കുന്നതിനൊപ്പം ചരിത്രത്തില്‍ ആദ്യമായി 50 സെഞ്ചുറി തികയ്ക്കുന്ന താരമാകാനും വിരാടിന് സാധിക്കും.
സച്ചിന് തന്റെ 451-ാം ഇന്നിങ്സിലാണ് 49-ാം സെഞ്ചുറി നേടിയത്. 2012 ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ആ നേട്ടം. ടെസ്റ്റില്‍ 51 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന് നൂറ് മത്സരങ്ങളില്‍ മൂന്നക്കം തികച്ചിട്ടുണ്ട്.
വിരാട് കോഹ്ലിയാകട്ടെ ടെസ്റ്റില്‍ ഇതുവരെ 29 സെഞ്ചുറികളേ അടിച്ചിട്ടുള്ളൂ. പക്ഷെ ട്വന്റി20യില്‍ ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള വിരാടിന്റെ ആകെ സെഞ്ചുറി നേട്ടം 79 ആണ്.
ഏകദിന സെഞ്ചുറി എണ്ണത്തില്‍ സച്ചിനും കോഹ്ലിക്കും ശേഷം ഭാരത നായകന് രോഹിത് ശര്‍മ്മയാണുള്ളത്. 31 തവണയാണ് താരം നൂറിന് മേല്‍ സ്കോര്‍ ചെയ്തിട്ടുള്ളത്. രോഹിത്തിന് പിന്നില്‍ മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്ങ്(30) ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: