കിളിമാനൂര്‍ : കാക്കകള്‍ അപൂര്‍വമായി മാത്രമേ മനുഷ്യരുമായി ചങ്ങാത്തം സ്ഥാപിക്കാറുള്ളൂ. എന്നാല്‍ കാക്കകളുമായി ചങ്ങാത്തം സ്ഥാപിച്ച ഗൃഹനാഥന് കിളിമാനൂരിലുണ്ട്. കാക്കകള്‍ക്ക് പതിവായി ഭക്ഷണം കൊടുത്തും, പക്ഷികള്‍ക്ക് വീട്ടുമുറ്റത്ത് തണ്ണീര്‍പന്തല്‍ ഒരുക്കിയും വ്യത്യസ്ഥനാവുകയാണ് കിളിമാനൂര്‍ തട്ടത്തുമല കിഴക്കേ വട്ടപ്പാറ നാലാര് ഭവനില്എഴുപത്തിയെട്ട് വയസുള്ള രാമചന്ദ്രന് പിള്ള.
രാമചന്ദ്രന് പിള്ളയുടെ മടിയില്‍ വരെ സൗഹൃദത്തിലായ കാക്കകള്‍ കയറിയിരിക്കും. കാക്കകള്‍ രാമചന്ദ്രന് പിള്ളയുടെ കയ്യില്‍ നിന്നും ഭയം കൂടാതെ ഭക്ഷണം കൊത്തി തിന്നുകയും ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാക്കകള്‍ കൂട്ടത്തോടെ ഒരാളെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അവയെ സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹിക്കും എന്ന ആശയം രാമചന്ദ്രന് പിള്ളക്ക് ഉടലെടുത്തത്. തുടര്‍ന്ന് പതിവായി ഭക്ഷണം കൊടുത്താണ് അവകളെ അടിപ്പിച്ചത്.
ആകെ എട്ട് സെന്റ് പുരയിടവും വീടുമുള്ള രാമചന്ദ്രന് പിള്ള പക്ഷികള്‍ക്ക് കുടിക്കാന്‍ തണ്ണീര്‍പന്തലും ഒരുക്കിയിട്ടുണ്ട്. അണ്ണാറക്കണ്ണന് മാര്‍ക്ക് ആഹാരം കൊടുത്ത് അവറ്റകളെയും സ്നേഹപൂര്‍വ്വം പരിചരിക്കുന്നുണ്ട്. കിളിമാനൂരിലെ ഒരു പ്രൊവിഷന്‍ സ്റ്റോറില്‍ സെയില്സ്മാന് ആയിരുന്നു രാമചന്ദ്രന്‍പിള്ള. തലച്ചോറ് സംബന്ധമായ അസുഖത്തില്‍ നിന്നും മോചിതനായി ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.
ഭാര്യയും രണ്ട് ആണ് മക്കളുമുള്ള പിള്ള കാക്കകളെയും മറ്റ് പക്ഷികളെയും ജീവിതകാലം മുഴുവന്‍ പരിചരിക്കുമെന്ന വൃതത്തിലാണ്.
കിളിമാനൂര്‍ ഗോവിന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: