ശാസ്താംകോട്ട: പട്ടികജാതി വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ഭരണിക്കാവിലെ അംബേദ്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടാതെ നശിക്കുന്നു.
ലക്ഷങ്ങള്‍ മുടക്കിമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണിക്കാവിന് പടിഞ്ഞാറ് നാലുമുക്ക് റോഡരികില്‍ നിര്‍മിച്ച ഹാള്‍, നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നാളിതുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹരിജന്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്തുവില്‍ നാട്ടുകാരനായ പി.കെ. രാഘവന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. പട്ടികജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നകുടുംബങ്ങള്ക്ക് വിവാഹവും മറ്റ് ചടങ്ങുകളും നടത്താന്‍ സൗകര്യമൊരുക്കാനാണ് ഹാള്‍ നിര്‍മിച്ചത്. പാചകപ്പുരയും കിണറും ശുചി മുറികളും പൈപ്പും മറ്റും സ്ഥാപിച്ചു. എന്നാല്‍ ഹാളിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം കോടതി വരെ നീണ്ടതോടെ കമ്മ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തില്‍ ഹാളിന്റെ ഉടമസ്ഥതയും നടത്തിപ്പും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് നല്കി കോടതി വിധി വന്നു. തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഹാള്‍ മോടിപിടിപ്പിക്കുകയും ഫാനും, ലൈറ്റും, ടാപ്പുകളും സ്ഥാപിക്കുകയും ചെയ്തതോടെ ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ഹാള്‍ പ്രയോജനകരമാക്കാനുള്ള നടപടികള്‍ വൈകിയതോടെ ഹാളും പരിസരവും കാട് മൂടി നശിക്കാന്‍ തുടങ്ങി. മദ്യപരും, സാമൂഹ്യ വിരുദ്ധരും താവളമാക്കിയതോടെ ഹാളിലുണ്ടായിരുന്ന ഫാനും, ലൈറ്റും, ടാപ്പുകളും എല്ലാം കടത്തി.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹാളും പരിസരവും വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയ സ്ഥിതിയായി. മാലിന്യ നിക്ഷേപകേന്ദ്രമായ ഇവിടം, ഇഴ ജന്തുക്കളുടെതാവളമായതോടെ പരിസരവാസികളും ബുദ്ധിമുട്ടിലായി. പഞ്ചാായത്ത് വീണ്ടും അടുത്തിടെ ഹാളിന്റെ പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കി. എന്നാല്‍ ഹാള്‍ തുറക്കുന്ന കാര്യത്തില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ പട്ടികജാതി സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ശാസ്താംകോട്ട പഞ്ചായത്ത് ഭരണസമിതി ഇത് മുഖവിലക്കെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: