കിളിമാനൂര്‍: ആരാലും ശ്രദ്ധിക്കാത്ത മണിയന് എന്ന സുകുമാരന്‍ രചനാവൈഭവം കൈമുതലാക്കിയ കലാകാരനാണ്. അടുത്താല്‍ അത്ഭുതപ്പെടും. അതിനുള്ള വെടിമരുന്നുമായി കിളിമാനൂര്‍ എന്ന ഗ്രാമീണമേഖലയിലുണ്ട് ഇയാള്‍. പക്ഷേ ആ കവി ഹൃദയം ആരും കാണുന്നില്ല.
ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച കൂലിപ്പണിക്കാരനാണ് കിളിമാനൂര്‍ ചാരുപാറ ചിറ്റിലഴികം ചരുവിള വീട്ടില്‍ സ്നേഹപൂര്‍വ്വം മണിയന് എന്ന് എല്ലാവരും വിളിക്കുന്ന സുകുമാരന്‍. സുകുമാരന്റെ രചനാ വൈഭവം ആരെയും അത്ഭുതപ്പെടുത്തും. നിരവധി ഗാനങ്ങളും കവിതകളും ഇതിനോടകം എഴുതിക്കഴിഞ്ഞു. ഒന്നും പ്രസിദ്ധീകരിക്കാത്തതിനാലും അതിനുള്ള കഴിവോ അറിവോ ഇല്ലാത്തതിനാലും ആരാലും ശ്രദ്ധിക്കാതെ കുപ്പയിലെ മാണിക്യമായി കിടക്കുകയാണ്.
68 വയസുള്ള മണിയന് ഈ പ്രായത്തിലും കൂലിപ്പണിയെടുത്താണ് ഉപജീവനം കഴിക്കുന്നത്. സ്വന്തമായി രചിച്ച് ചിട്ടപ്പെടുത്തി സ്വന്തം സ്വരമാധുരിയില്‍ തന്നെ നിരവധി പാട്ടുകള്‍ പാടി നാട്ടുകാരുടെ കൈയടി വാങ്ങിയിട്ടുണ്ട്. നാട്ടിലെ ഉത്സവപ്പറമ്പുകളിലെ സ്റ്റേജുകളില്‍ സുകുമാരന്‍ പലപ്പോഴും താരമായിട്ടുണ്ട്. നിരവധി ഗാനങ്ങളും കവിതകളുമാണ് സുകുമാരന്‍ ഇതിനോടകം രചിച്ചിട്ടുള്ളത്. അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരവ് മൂലം കലാഭവന്‍ മണിയെക്കുറിച്ചും മഹാമാരിയായ കൊറോണയെ കുറിച്ചും സുകുമാരന്‍ എഴുതി പാടിയ പാട്ടുകള്‍ നാട്ടില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഭക്തിഗാനങ്ങളാണ് കൂടുതലും എഴുതിയിട്ടുള്ളത്. എത്ര ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് സുകുമാരന്‍ തന്നെ നിശ്ചയമില്ല. കൂലി പണി ചെയ്യുമ്പോഴും മൂളിപ്പാട്ട് പാടുന്നത് സുകുമാരന്റെ ഒരു ശൈലിയാണ്. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ തന്നെയാണ് പണിക്കിടയിലും പാടുന്നത്. ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. പണി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പേനയും പേപ്പറുമായി ഒരു മൂലയിലേക്ക് എഴുത്തിന്റെ ലോകത്താകുമെന്ന് വീട്ടുകാരും പറയുന്നു.
കിളിമാനൂര്‍ ഗോവിന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: