ഈണങ്ങളൂറുന്ന ചുണ്ടിലെ മൂളി-
പ്പാട്ടുകള്‍ പിന്തുടര്‍ന്നോടുന്ന കാലം.
ചന്തം തികഞ്ഞ നല്ലോര്മ്മകളുള്ളം
തള്ളിത്തുറന്നെന്തോ ചൊല്ലുന്നു കാതില്‍.
പാലാഴി നീന്തിക്കടന്നുവന്നെത്തും
ഓണനിലാവൊളി പുഞ്ചിരിച്ചെത്തി.
ആദിത്യനാദ്യകരിണങ്ങളെയ്തീ-
തൂമഞ്ഞു തുള്ളിയെ തൊട്ടുണര്‍ത്തുന്നു.
കാലും കലപ്പയും കാളക്കു പിന്നില്‍
ചാലുകള്‍ തീര്‍ത്തു മുന്നേറും പ്രഭാതം.
മന്ദസമീരന്റെ സംഗീതമോര്ക്കേ
പൊന്‍വെയില്‍ ചായുന്ന പാടത്തിനിമ്പം.
കാവിലെ പൂരത്തിന് താളമേളങ്ങള്‍
മാടിവിളിക്കും രാപ്പാടികള്‍ പാട്ടില്‍
താളത്തിലോളം പകുത്തു ചാഞ്ചാടി
ഈണത്തിലുള്ളം തുളുമ്പുന്ന തോണി.
കോരിത്തരിപ്പായ് വിയര്പ്പെഴും മെയ്യില്‍
വാരിച്ചൊരിയുന്നണര്വ്വിന്റെ പൂക്കള്‍.
ചേലൊത്ത മാരനായ് നോമ്പു നോറ്റെന്നും
കാലൊച്ച കാതോര്ത്തുണരും പ്രഭാതം.
കോഴികള്‍ കൂകി ഉണര്‍ത്തുന്ന നാട്ടില്‍
തോളൊത്തു ചേര്ന്നുയിര് കാക്കുന്ന നന്മ.
സ്വപ്നങ്ങള്‍ പങ്കിടാന്‍ വെമ്പുന്ന നെഞ്ചില്‍
സ്വര്‍ഗ്ഗങ്ങള്‍ തീര്ക്കുന്നുറച്ച നിശ്വാസം.
തുള്ളിക്കൊരുകുടം വര്ഷപ്പെരുക്കം
ഉള്ളിലൊരാര്പ്പിന്റെ ആഘോഷമെത്തി.
ഓടിക്കിതപ്പു മാഞ്ഞാറ്റില്ക്കുളിച്ചും
മാടിവിളിച്ചുള്ളില് പൂത്തു വസന്തം.
സ്വപ്നം വിതച്ചും നനച്ചുമുള്ക്കാഴ്ച
നന്മതന് നാവേറുമായന്തരംഗം.
താളങ്ങള്‍ തെറ്റാതുയിരെടുത്തോണ-
നാളിന്റെ നന്മവിരിയുന്ന സ്വപ്നം.
വേലിപ്പടര്‍പ്പിന്റെ വേര്‍പെടല്‍ മായ്ച്ചും
കാലപ്പകര്ച്ചതന്നമ്പരപ്പാറ്റി
മാവേലി നാടിന്റെ നന്മകളോര്‍ത്തും
ആവണി നാളുകളാഘോഷമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: