ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജാരാവാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഇ ഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതുമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സഞ്ജയ് സിങ് എംപിയും ജയിലില്‍ കഴിയുന്ന കേസില്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് കേജ്രിവാള് ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടു നിന്നത്. മുഖ്യമന്ത്രിക്ക് ഇ ഡി വീണ്ടും നോട്ടീസ് നല്‍കും.
മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാള് അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് തിരക്കിട്ട കൂടിയാലോചനകളാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. തുടര്‍ന്നുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പെട്ടെന്ന് സംഘടിപ്പിച്ച റോഡ് ഷോയ്ക്കായി കേജ്രിവാള് മധ്യപ്രദേശിലേക്ക് പോയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് താത്ക്കാലിക ആശ്വാസം തേടിയാണ് റോഡ് ഷോ നടത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം മധ്യപ്രദേശിലെ സിങ്ക്രൗലിയില് നടത്തിയ റോഡ് ഷോയില്‍ ഇ ഡി നോട്ടീസ് പിന്‍വലിക്കണമെന്ന് കേജ്രിവാള് ആവശ്യപ്പെട്ടു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ദല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു. കേജ്രിവാളിന്റെ ശരീരത്തെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാം, പക്ഷേ ചിന്തകളെ അറസ്റ്റ് ചെയ്യാനാവില്ല, അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ ദല്‍ഹിയില്‍ അധികാരത്തിലെത്തിയ ആപ്പ് മുഖ്യമന്ത്രി അഴിമതിക്കേസില്‍ നോട്ടീസ് ലഭിച്ചതിനെ ന്യായീകരിച്ചതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: