കോഴിക്കോട്: ട്രാക്കില്‍ നിന്ന് റഗ്ബിയിലേക്കെത്തിയ ഒരു പത്തൊന്പതുകാരന് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ജിഷ്ണുവാണ് റഗ്ബിയിലെ മികച്ച പ്രകടനത്തോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗോവ ദേശീയ ഗെയിംസ് റഗ്ബിയില്‍ കേരളം ക്വാര്‍ട്ടറില്‍ പശ്ചിമ ബംഗാളിനോട് തോറ്റെങ്കിലും മറ്റ് കളികളില്‍ ഒഡീഷ, ഹരിയാന, ബീഹാര്‍ എന്നിവര്‍ക്കെതിരെ നടത്തിയ പ്രകടനമാണ് ജിഷ്ണുവിനെ ശ്രദ്ധേയനാക്കിയത്. കേരള ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ജിഷ്ണുവായിരുന്നു. ദേശീയ ഗെയിംസിലെ പ്രകടനം കണ്ടശേഷം രാജ്യാന്തര അത്ലറ്റുകളായ ആര്. അനു, എയ്ഞ്ചല്‍ ദേവസ്യ, വനിതാ ടീം മാനേജര്‍ സി. കവിത എന്നിവര്‍ ജിഷ്ണുവിനെ അഭിനന്ദിക്കാനെത്തി.
കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്സിറ്റി റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴിസിറ്റിക്ക് വേണ്ടി ജിഷ്ണു ജേഴ്സി അണിഞ്ഞു. അന്ന് ജിഷ്ണുവിന്റെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് വെങ്കലമെഡല്‍ നേടാനായി.
2021 ല്‍ ഒഡീഷയില്‍ നടന്ന ജൂനിയര്‍ (അണ്ടര്‍ 18) റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു ജിഷ്ണു. തെലങ്കാനയില്‍ നടന്ന സബ്ജൂനിയര് (അണ്ടര്‍ 14) റഗ്ബി ചാമ്പ്യന്‍ഷിപ്പിലും ജിഷ്ണുവായിരുന്നു കേരളത്തെ നയിച്ചത്.
ട്രാക്കില്‍ നിന്നാണ് ജിഷ്ണു റഗ്്ബിയിലേക്കെത്തുന്നത്. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സില് തുടര്‍ച്ചയായ മൂന്ന് വര്‍ഷം റിലേയില്‍ സ്വര്‍ണം നേടിയ കോഴിക്കോട് ടീമില്‍ അംഗമായിരുന്നു. കൂടാതെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ വെള്ളിയും നേടിയിട്ടുണ്ട്. മീററ്റില്‍ നടന്ന സിബിഎസ്ഇ ദേശീയ സ്കൂള്‍ അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ച ജിഷ്ണു 2019-ല്‍ സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലും പങ്കെടുത്തു. പഠനത്തിലും മിടുക്കനായ ജിഷ്ണു പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് ജയിച്ചത്. ആ പഠന മികവ് പ്ലസ് ടുവിലും ആവര്‍ത്തിച്ചു. കോട്ടൂളി സരസ്വതി വിദ്യാമന്ദിറില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിഷ്ണു അത്ലറ്റ്കൂടിയായ വിനു കെ. വിശ്വനാഥന് എന്ന പരിശീലകന് കീഴില്‍ എത്തുന്നത്. വിനുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് അക്കാദമിയിലാണ് ജിഷ്ണുവിന്റെ ചിട്ടയായ പരിശീലനം. റഗ്ബിയിലേക്ക് ചുവടുമാറിയെങ്കിലും അത്ലറ്റിക്്സ് ഇപ്പോഴും ഈ മിടുക്കന് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ റഗ്ബിക്കൊപ്പം അത്ലറ്റിക്സ് പരിശീലനവും മുടങ്ങാതെ നടത്തുന്നുണ്ട്.
നേരത്തെ ഫുട്ബോളിലും ഒരുകൈ പയറ്റിയിട്ടുണ്ട് ജിഷ്ണു. കോട്ടൂളിയിലെ ഫൈറ്റേ്സ് ഫുട്ബോള്‍ അക്കാദമിയിലെ താരമായിരുന്നു. അന്ന് ജിഷ്ണുവിന്റെ ഓട്ടത്തിന്റെ വേഗത കണ്ട് കോച്ച് രതീഷാണ്് താരത്തെ അത്ലറ്റിക്സിലേക്ക് വഴിതിരിച്ചുവിട്ടത്.
മിനറല്‍ വാട്ടര്‍ വിതരണ കമ്പനിയില്‍ ജോലി ചെയ്യുന്നകോട്ടൂളി മീമ്പാലക്കുന്ന് ജയന്റെയും ടെക്സ്റ്റൈല്‍ ഷോപ്പ്് ജീവനക്കാരി ജാന്‍സിയുടെയും മകനാണ് ജിഷ്ണു. ശ്രീലക്ഷ്മി സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: