2024-ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുമ്പോള്‍ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധമുള്ള മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ദേശിയ, പ്രാദേശിക പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ‘ഇന്ത്യ’ യെന്ന മുന്നണി രൂപീകരിച്ച് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനായി തീവ്ര പരിശ്രമം നടത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളെ സംബന്ധിച്ച് ഇന്നിത് എത്രത്തോളം സാധ്യമാണ്. 1980, 1991, 2004 വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറിയതുപോലെ 2024ലും ഇത് സാധ്യമാണോ? മറ്റ് കക്ഷികള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്പിച്ച 1977, 1989 തെരഞ്ഞെടുപ്പുകള്‍ പോലെ ചെറു പാര്‍ട്ടികള്‍ക്ക് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുവാന്‍ സാധിക്കുമോ? ഇല്ല എന്ന് നിസംശയം പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം നല്കുന്ന സൂചന അപ്രകാരമാണ്.
സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും കോണ്‍ഗ്രസ് രൂപപ്പെടുത്തിയ രാഷ്ട്രീയ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയാണ് ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രാപഥത്തെ തീരുമാനിച്ചത്. സ്വാതന്ത്ര്യസമര പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയായി മാറി. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ‘ആധികാരിക’തയോടെ രാജ്യത്തിന്റെ പ്രതിനിധിയാകുവാനും അഭിപ്രായങ്ങള്‍ പറയുവാനും ‘മാറ്റ’ത്തിന്റെ മൂല ശക്തിയായി സ്വയം അവതരിക്കുവാനും കോണ്‍ഗ്രസിന് സാധിച്ചു.
1937 മുതല്‍ കോണ്‍ഗ്രസിന്റെ വിദേശകാര്യവിഭാഗം കൈകാര്യം ചെയ്യുമ്പോള്‍ നെഹ്റു തയ്യാറാക്കിയ വിദേശനയമാണ് സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ വിദേശനയമായി മാറിയത്. 1936-ല്‍ ലക്നൗവില്‍ നെഹ്റു അദ്ധ്യക്ഷനായ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ച സോഷ്യലിസ്റ്റ് പാതയിലെ സാമ്പത്തിക വികസനമായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സാമ്പത്തിക വീക്ഷണമായത്. ഇന്നും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഭരണഘടനയുടെ ആമുഖം ഭരണഘടനാനിര്‍മാണ സഭയില്‍ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമായിയിരുന്നു. പിന്നീട് 1976ല്‍ ഇന്ദിരഗാന്ധി മതേതരത്വവും സോഷ്യലിസവും അതില്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍തന്നെ സ്വാതന്ത്ര്യാനന്തര ഭാരതമെന്നാല്‍ ഒരു കോണ്‍ഗ്രസ് വ്യവസ്ഥയായിരുന്നു. കോണ്‍ഗ്രസിനെ ചുറ്റിയാണ് ഈ കാലഘട്ടത്തില്‍ ഉദ്യോഗസ്ഥവൃന്ദമടക്കമുള്ള രാജ്യത്തിന്റെ വിവിധ മേഖലകള്‍ ചലിച്ചിരുന്നത്. ഇതിന്റെയൊക്കെ ഫലമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസിന്റെ ആധിപത്യം പ്രകടമായി. അതുവഴി നിയമനിര്‍മ്മാണ സഭയിലും ഈ ആധിപത്യം നേടി.
കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് ആദ്യ ഭീഷണിയുണ്ടായത് 1967ലാണ്. കോണ്‍ഗ്രസ് പിളര്‍ന്നു. ആ വര്‍ഷം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി. 1962ല്‍ 508 അംഗ സഭയില്‍ തെരഞ്ഞെടുപ്പ് നടന്ന 494സീറ്റില്‍ 362സീറ്റും 44.7% വോട്ടും നേടി ആധിപത്യം തെളിയിച്ച കോണ്‍ഗ്രസ് 1967ല്‍ ആകെയുള്ള 523ലെ 520 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 41% വോട്ട് നേടി 283 സീറ്റുകളിലേക്ക് ചരുങ്ങി. കൂടാതെ എട്ട് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായി. ഒരു മാസത്തിന് ശേഷം ഉത്തര്‍പ്രദേശും കൈവിട്ടു. ഇതില്‍ ആറിടങ്ങളില്‍ മുന്‍ കോണ്‍ഗ്രസ്സുകാരായിരുന്നു കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെങ്കിലും കോണ്‍ഗ്രസ് വ്യവസ്ഥയ്ക്ക് അപ്പോഴും ഒരു കോട്ടവും തട്ടിയില്ല. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ രാജ്യത്ത് രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം അധികാരത്തിലെത്തിയതൊഴിച്ചാല് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശിഥിലമായി കൊണ്ടിരുന്നു. ബഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1971ല്‍ ഇന്ദിരകോണ്ഗ്രസ്സ് 43.7% വോട്ടും 352 സീറ്റുമായി മുന്നേറ്റമുണ്ടാക്കി. എന്നാല്‍ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം 154 സീറ്റിലേക്കും 34% വോട്ടിലേക്കും പാര്‍ട്ടി നിലംപതിച്ചു. പിന്നീട് 1980ല്‍ 353 (42.7%), 1984 ല്‍ 415 (48%), എന്നിങ്ങനെ സീറ്റും വോട്ടും നേടി. ഇതില്‍ 1977 മുതല്‍ 1980 വരെ നീണ്ടുനിന്ന മോറാര്‍ജി ദേശായിയുടെയും ചരണ്‍ സിങ്ങിന്റയും ദുര്‍ബലമായ കൂട്ടുകക്ഷി ഭരണമാണ് 1980ല്‍ ഇന്ദിരയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഇന്ദിരയുടെ കൊലപാതകമുണ്ടാക്കിയ സഹതാപ തരംഗമാണ് 1984ല്‍ 415 സീറ്റോടെ രാജീവ് കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം നല്‍കിയത്. എന്നാല്‍ 1989ല്‍ 197(39%) സീറ്റുമായി കോണ്‍ഗ്രസ് വീണ്ടും നിലംപതിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് രണ്ട് കാര്യങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായി. ഒന്ന്, 1975 മുതല്‍ അധികാര രാഷ്ട്രീയത്തില്‍ പുത്രനായ സഞ്ജയ് ഗാന്ധിക്ക് ഇടം നല്കി കോണ്‍ഗ്രസില്‍ ഇന്ദിര പാകിയ കുടുബാധിപത്യവിത്ത് ഫലപ്രാപ്തിയിലെത്തി. രണ്ടാമതായി, കോണ്‍ഗ്രസിന് ബദലായി ബിജെപി വളരുവാന്‍ തുടങ്ങി. 1984ലെ രണ്ടുസീറ്റില്‍ നിന്നും 1989ല്‍ 85 സീറ്റും 11.1% ശതമാനം വോട്ടും ബിജെപി നേടി. എന്നാല്‍ 1989 മുതല്‍ 1999 വരെയുള്ള കാലഘട്ടം ജാതി-മത -പ്രാദേശിക പാര്‍ട്ടികള്‍ വളരുകയും കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാകുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് എന്ന ശക്തിയെ അവഗണിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. 1989 മുതല്‍ 1991 വരെ മാത്രമേ വി.പി.സിംഗ് മന്ത്രിസഭയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. 1991ല്‍ കോണ്‍ഗ്രസിന്റെ 244 സീറ്റ് നേട്ടത്തോടെ നരസിംഹറാവൂ അധികാരത്തിലേറി. രാജീവ് ഗാന്ധി വധമുണ്ടാക്കിയ സഹതാപം കോണ്‍ഗ്രസിന് സഹായകരമായി. എന്നാല്‍ 1991ല്‍ അധികാരത്തിലേറിയ നരസിംഹറാവു നവ-ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിലൂടെ ഭരണഘടനയുടെ ആമുഖത്തെ നെഹ്റുവിയന്‍ സോഷ്യലിസം അപ്രസക്തമായി. ചേരിചേരാ നയത്തിലൂടെ നെഹ്റു അടച്ചിട്ടിരുന്ന രാജ്യത്തിന്റെ വിദേശനയത്തിന്റെ വാതിലുകള്‍ റാവു തുറന്നു. പാശ്ചാത്യ രാജ്യങ്ങളുമായും, ഇസ്രായേല്‍, തെക്ക് കിഴക്കന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഭാരതം അടുത്തു. ലോക വ്യാപാര സംഘടന അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക ക്രമത്തോടുള്ള നെഹ്റുവിയന്‍ അയിത്തം ഇല്ലാതാക്കുകയും അത്തരം സ്ഥാപനങ്ങളില്‍ രാജ്യം അംഗ്വത്വമെടുക്കുകയും ചെയ്തു. പുതിയ വ്യവസായിക നയമുള്‍പ്പടെ വിവിധ പരിഷകാരങ്ങള്‍ നടപ്പിലാക്കി. അത്യന്തികമായി രാജ്യത്തെ കോണ്‍ഗ്രസ് വ്യവസ്ഥയില്‍ ഇതിളക്കമുണ്ടാക്കി. ഇതോടെ നെഹ്റുവിന്റെ കാലംമുതല്‍ ജനങ്ങളുടെ മനസ്സില്‍ നിരന്തരമായി സന്നിവേശിപ്പിച്ച പല വിശ്വാസങ്ങളും തെറ്റാണെന്ന് തെളിഞ്ഞു.
മരണശേഷം റാവുവിന്റെ ഭൗതിക ശരീരത്തോടുവരെ കോണ്‍ഗ്രസ് അതിന്റെ പക തീര്‍ത്തു. ഈ കാലഘട്ടത്തില്‍ ഒരു പ്രധാന ശക്തിയായി മാറിയ ബിജെപി 1991ല്‍ 120 സീറ്റും 1996ല്‍ കോണ്‍ഗ്രസിനെ മറികടന്നു 161 സീറ്റും 1998 ലും 1999 ലും 182 സീറ്റും നേടി. 1999 മുതല്‍ 2004 വരെ അധികാരവും ലഭിച്ചു. കോണ്‍ഗ്രസ്സാവട്ടെ 1996, 1998, 1999 വര്‍ഷങ്ങളില്‍ യഥാക്രമം 140, 141, 114 സീറ്റുകളിലേക്ക് ചുരുങ്ങി. അങ്ങനെ 1967 വരെ ഏകശക്തിയായും ശേഷം 1991 വരെ അധികാരത്തിന്റെ കേന്ദ്ര സ്ഥാനത്ത് കോണ്‍ഗ്രസുണ്ടായിരുന്നു. എന്നാല്‍ 1967മുതല്‍ കുറഞ്ഞു വന്ന കോണ്‍ഗ്രസിന്റെ വോട്ടുനില, പാര്‍ട്ടിയുടെ അധിപത്യത്തില്‍ നിന്നും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്ന സൂചന നല്കുന്നു.
രാഷ്ട്രത്തിന്റെ ഹിന്ദുത്വസ്വത്വബോധം വീണ്ടെടുത്തും ഒരു ബദല്‍ രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാട് ഉയര്‍ത്തിയുമുള്ള ബിജെപിയുടെ വളര്‍ച്ചയുടെ കാരണം കോണ്‍ഗ്രസ് വ്യവസ്ഥയോട് ജനങ്ങള്‍ക്കുണ്ടായ വെറുപ്പുകൂടിയായിയുന്നു. ഇത് 2004മുതല്‍ ബിജെപിയും കോണ്ഗ്രസ്സുമുള്ള ഇരുധ്രുവ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചു. 2004ല്‍ ബിജെപിയും കൂട്ടുകക്ഷികളും അധികാരത്തില്‍ നിന്നും പുറത്തായെങ്കിലും കോണ്‍ഗ്രസും (145 സീറ്റ്) ബിജെപി (138)യും തമ്മിലുണ്ടായിരുന്നത് ഏഴ് സീറ്റിന്റയും 4.3% വോട്ടിന്റെയും വ്യത്യാസം മാത്രമായിരുന്നു. എന്നാല്‍ 2009ല്‍ 204സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 116 സീറ്റില്‍ ചുരുങ്ങി. പത്ത് ശതമാനം വോട്ടിന്റെ വ്യത്യാസം ഇരു പാര്‍ട്ടികള്‍ക്കും ഇടയിലുണ്ടായി. എന്നാല്‍ ഈ കാലം കൊണ്ട് കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപാര്‍ട്ടി ഒരു കുടുബത്തിന്റെ കൈകളില്‍ ഞെരുങ്ങിയമര്‍ന്നു. തൊണ്ണൂറുകളില്‍ സോണിയയില്‍ എത്തിയ അധികാരം രാഹുലിലേക്കും പ്രിയങ്കയിലേക്കും ഭര്‍ത്താവായ റോബര്‍ട്ട് വദ്രയടക്കമുള്ള മാഫിയകളിലേക്കുമെത്തി. മറ്റ് ചെറുകുടുംബ പാര്‍ട്ടികളും ചേര്‍ന്ന് യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതിയും ആധാര്‍മികതയും അരക്ഷിതാവസ്ഥയും നിറഞ്ഞ ഭരണം, ബിജെപിയുടെ കൈകളില്‍ വീണ്ടും രാജ്യഭരണമെത്തിച്ചു.
2014-ലെ തെരഞ്ഞെടുപ്പ് ഭാരത രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചു. കേന്ദ്രത്തിലും ഇരുപതോളം സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്ത ബിജെപി ഇരുധ്രുവ പാര്‍ട്ടി വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ചു. 282സീറ്റും 31.3% വോട്ടുമായി ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറിയപ്പോള്‍ 44സീറ്റും 19.5% വോട്ടുമായി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി. 2019ലും ഇതാവര്‍ത്തിക്കുകയും താത്കാലിക പ്രതിഭാസമല്ലയെന്ന് തെളിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ 303 സീറ്റു(37.7%) മായി ബിജെപി വിജയിച്ചപ്പോള്‍ 52 സീറ്റു(19.7%) മായി കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നു. രണ്ട് കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി സംഭവിച്ചു. മുന്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തെ കോണ്‍ഗ്രസ് വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരുവാന്‍ ബിജെപി ശ്രമിക്കുകയും പല വിഷയങ്ങളിലും വിജയിക്കുകയും ചെയ്തു. ദേശിയതയിലും ഹിന്ദുത്വത്തിലും ഊന്നിയ ബിജെപിയുടെ പ്രഖ്യാപിതനയങ്ങള്‍ നടപ്പിലാക്കി. മുത്തലാഖ് നിരോധനവും, കശ്മീരീന്റെ പ്രത്യേക പദവി റദ്ദാക്കലും, അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണവുമെല്ലാം വിജയകരമായി. ഒപ്പം വിവിധ ജാതി-മത വിഭാഗങ്ങളെ ദേശിയതയ്ക്ക് കീഴില്‍ ഏകീകരിക്കുവാനും, മാവോയിസ്റ്റ്, പിഎഫ്ഐ തുടങ്ങിയ വിഘടനവാദ ശക്തികളുടെ വേരോട്ടം അവസാനിപ്പിക്കുവാനും സാധിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരത രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവെന്ന സ്ഥാനവും പ്രാധാന്യവും കോണ്‍ഗ്രസിന് നഷ്ടമായി. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക കക്ഷികള്‍ക്കു പോലും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ചിലയിടങ്ങളില്‍ പ്രാദേശിക കക്ഷിയുടെ നിഴലായി പാര്‍ട്ടിമാറി. ഇപ്പോഴിതാ 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുവാനായി രൂപപ്പെട്ട സഖ്യത്തില്‍ കോണ്‍ഗ്രസുണ്ടെങ്കിലും പാര്‍ട്ടിക്ക് കേന്ദ്രസ്ഥാനമില്ല.
കോണ്‍ഗ്രസ് വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ രൂപപ്പെടുകയും തകരുകയും ചെയ്ത കോണ്‍ഗ്രസിതര മുന്നിണികള്‍ നേരിട്ട സമാനമായ സാഹചര്യം ഇന്നത്തെ പ്രതിപക്ഷ മുന്നണിയും നേരിടുന്നു. രാജ്യത്താകമാനം സാന്നിധ്യമുള്ള ഒരു ശക്തി പ്രതിപക്ഷത്ത് അന്നുണ്ടായിരുന്നില്ല. ഇന്നും അങ്ങനെയൊരു ശക്തി പ്രതിപക്ഷത്തില്ല. മാത്രമല്ല, ഉയര്ത്തിക്കാട്ടുവാന് നേതാവുമില്ല, ഏക അഭിപ്രായവുമില്ല. പല സംസ്ഥാനങ്ങളിലും തമ്മില്‍ പോരാടേണ്ട അവസ്ഥയാണ് പ്രതിപക്ഷ മുന്നണിക്കുള്ളത്. പ്രധാനമന്ത്രിയാവാന്‍ നടക്കുന്ന രാഹുലിനുപോലും മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ വയനാട്ടില്‍ മത്സരിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. ചെറുകക്ഷികളെ കൂട്ടുപിടിച്ച്, ഏച്ചുകെട്ടിയുണ്ടാക്കിയ മുന്നണിക്ക് വിശ്വാസ്യതയോ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമോ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയുള്ള കുറച്ചുമാസങ്ങള്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ 2024ലെ തെരഞ്ഞെടുപ്പും ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് നിസ്സംശയം പറയാം.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: