റായ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെയും റാലികള്‍ കണ്ടാല്‍ ഗജിനി സിനിമയാണ് ഓര്‍മ്മ വരുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രണ്ട് പേര്‍ക്കും ഓര്‍മ്മക്കുറവാണ്. ഇന്നലെ വരെ പറഞ്ഞ കാര്യങ്ങളൊന്നും അവര്‍ക്ക് ഓര്‍മ്മയില്ലെന്ന് ഫഡ്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് എയര്‍ആംബുലന്‍സ് ആരംഭിക്കുമെന്ന് പറഞ്ഞത് അവരാണ്. സാധാരണ ആംബുലന്‍സുകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ട അവസ്ഥയാണ് ഇപ്പോഴും ഛത്തീസ്ഗഡില്‍.
ബാഗേലും കോണ്‍ഗ്രസ് മന്ത്രിമാരും കുടുംബക്കാര്‍ക്ക് മാത്രമാണ് ജോലി നല്‍കുന്നത്. ജോലി വേണമെങ്കില്‍ രാഷ്ട്രീയക്കാരുടെയോ ഉദ്യോഗസ്ഥരുടെയോ മക്കളാകേണ്ട അവസ്ഥയാണ് ഛത്തീസ്ഗഡില്‍. മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നല്കിയ ക്ഷേമ പദ്ധതികളെല്ലാം ഭൂപേഷ് ബാഗേല്‍ തടഞ്ഞു. പാവങ്ങള്‍ക്കായി നല്കിയ വീടുകളുടെ നിര്‍മാണം നിര്‍ത്തിവച്ചു. പകരം വേറെ പദ്ധതി കൊണ്ടുവരുമെന്നാണ് വാദം. ഒന്നും നടക്കില്ല.
ബീഹാറില്‍ ഒരാള്‍ കാലിത്തീറ്റ കഴിച്ചെന്ന് കേട്ടിരുന്നു. ഛത്തിസ്ഗഡില്‍ കിട്ടുന്നതെല്ലാം വിഴുങ്ങുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മദ്യക്കുപ്പികളില്‍ പതിക്കുന്ന വ്യാജ ഹോളോഗ്രാമുകള്‍ നിര്‍മ്മിക്കുന്നതില്‍ നിലവിലെ സര്‍ക്കാര്‍ പങ്കാളികളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. 2,000 കോടി രൂപയുടെ അനധികൃത ലാഭമാണ് അതില്‍ നിന്നുണ്ടാക്കിയത്. ആ അഴിമതിപ്പണമാണ് ബാഗേലും കൂട്ടരും തെരഞ്ഞെടുപ്പിന് ഒഴുക്കുന്നത്, ഫഡ്നാവിസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: