കൊല്ലം: ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാവുകയും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായുള്ള പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും നിയമവിരുദ്ധമാവുകയും ചെയ്യുന്ന ഒരു സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസ്, ഐഎസ്ഐഎസ്, പിഎഫ്ഐ, എസ്ഡിപിഐ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നു. ഒടുവിലെ ഉദാഹരണമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ക്കും ബിജെപി നേതാക്കള്‍ക്കും എതിരെ എടുത്ത കേസുകള്‍. അതേസമയം, ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും മലപ്പുറത്ത് പരിപാടി സംഘടിപ്പിക്കുകയും ഹമാസ് ഭീകരന് സംസാരിക്കുയും ചെയ്തിട്ടും കേസ് എടുത്തില്ല. ഭീകരരുടെ മുദ്രാവാക്യത്തെ മുഖ്യമന്ത്രി അംഗീകരിക്കുന്നതിന് തുല്യമാണിത്, കൃഷ്ണദാസ് പറഞ്ഞു.
കോണ്‍ഗ്രസ് നിലപാടും വ്യത്യസ്തമല്ല. ഹമാസിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഹിന്ദു ഉന്മൂലന മുദ്രാവാക്യത്തില്‍ കോണ്‍ഗ്രസ് നിലപാടും വ്യക്തമാക്കണം. രാജീവ് ചന്ദ്രശേഖര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മലപ്പുറത്തെ പരിപാടിക്കെതിരെ അതാവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
മതേതരത്വത്തെ കുറിച്ച് വാചാലരാകുന്ന ഒരു സംഘടനയും ജമാ അത്തെയുടെ ഹിന്ദു ഉന്മൂലന മുദ്രാവാക്യത്തിനെതിരെ പ്രതികരിച്ചിട്ടില്ല. ഭീകരതയെ സഹായിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയും അടിസ്ഥാന സൗകര്യങ്ങളും നല്‍കാതെ ഭീകരവിരുദ്ധ സേനയെ മുഖ്യമന്ത്രി നിഷ്ക്രീയമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്. ഈ മത്സരത്തില്‍ തകരുന്നത് കേരളത്തിന്റെ മതേതരത്വമാണ്. മതങ്ങളെയും മതമൂല്യങ്ങളെയും അംഗീകരിക്കുന്ന ബിജെപി, മതഭീകരതയെയാണ് എതിര്‍ക്കുന്നത്, കൃഷ്ണദാസ് പറഞ്ഞു.
നവംബര്‍ നാലിന് ചേര്‍ത്തലയില്‍ സംഘടിപ്പിക്കുന്ന എന്‍ഡിഎ ശില്‍പ്പശാലയില്‍ കേരളത്തിലെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. നവംബര്‍ 10 മുതല്‍ 30വരെ സംസ്ഥാനത്ത് 2000 ജനപഞ്ചായത്തുകള് സംഘടിപ്പിച്ച് പ്രകടനവും പൊതുസമ്മേളനം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത്, വൈസ് പ്രസിഡന്റ് ബി. ശ്രീകുമാര്‍, മീഡിയ കണ്‍വീനര്‍ പ്രതിലാല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: