കോഴിക്കോട്: കേരളം 67 ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഓര്‍മ്മിക്കണം, കേരളത്തിന്റെ മണ്ണും മാറിപ്പോയി. മണ്ണിന്റെ ആരോഗ്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയിലാണ് മാറ്റം ആദ്യം വെളിപ്പെട്ടത്. മാറ്റത്തിന് കാരണങ്ങള്‍ പലതാണ്. ലക്ഷണങ്ങള്‍ ഇവയാണ്:
തെങ്ങില്‍ മച്ചിങ്ങ അകാലത്തില്‍ പൊഴിയുന്നു. മാവില്‍ വെളുത്ത ഫംഗസ് വ്യാപിക്കുന്നു. വാഴയ്ക്ക് വെള്ളക്കൂമ്പ് വരുന്നു. നെല്ലില്‍ പതിര് വര്‍ധിക്കുന്നു. പച്ചക്കറികള്‍ക്ക് രൂപം വികൃതമാകുന്നു…
കാര്‍ഷിക കേരളം എന്നൊക്കെയാണ് നമ്മുടെ പാട്ടും പറച്ചിലും. പക്ഷേ മികച്ച വിള കിട്ടാന്‍ മണ്ണില്‍ ആവശ്യമായ സിങ്ക്, പൊട്ടാസ്യം, കാല്‍ഷ്യം, മഗ്നീഷ്യം, ബോറാക്സ് തുടങ്ങിയവയുടെ സാന്നിധ്യം കേരളമണ്ണില്‍ വന്‍തോതില്‍ കുറയുകയാണെന്നാണ് കണ്ടെത്തല്‍. മലനാട്ടിലും ഇടനാട്ടിലുമാണ് കൂടുതല്‍ കുറയുന്നത്. തീരപ്രദേശത്ത് വ്യത്യസ്തമാണ്. അതായത് പോഷകാഹാരക്കുറവ് കാര്‍ഷിക മേഖലയിലും.
രണ്ട് തവണ വന്ന പ്രളയം, മഴയുടെ മാറ്റം, കാലാവസ്ഥാ ഭേദം തുടങ്ങിയവ ഈ കുറവുകള്‍ക്ക് വേഗം കൂട്ടി. കര്‍ഷകര്‍ക്ക് മികച്ച ഉപദേശങ്ങളും കാലത്തിനൊത്ത കൃഷിമാര്ഗങ്ങളും ലഭ്യമാക്കിയാലും വേണ്ടത്ര ഗുണം കാണുന്നില്ലെന്നാണ് ഫലം. കര്‍ഷകരില്‍ പലര്‍ക്കും സബ്സിഡി മതി, വിദഗ്ധോപദേശങ്ങള്‍ വേണ്ട!
കേന്ദ്ര കൃഷി മന്ത്രാലയം വിവിധ പദ്ധതികളും സഹായങ്ങളും അവതരിപ്പിക്കുന്നെങ്കിലും കര്‍ഷകരില്‍ അത് വേണ്ടതരത്തില്‍ എത്തുന്നില്ല.
എന്നാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും യഥാസമയം നല്‍കുന്നുണ്ടെന്ന് കാര്‍ഷിക ഗവേഷകരും സ്ഥാപനങ്ങളും പറയുന്നു. കേരളത്തിലെ മണ്ണില്‍നിന്ന് അവശ്യമായ പോഷക ധാതുക്കള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കര്‍ഷകര്‍ക്കായി മൈക്രോ ന്യൂട്രിയന്റ് (അതിസൂക്ഷ്മ പോഷക ധാതുക്കള്‍) അടങ്ങിയ മിശ്രിതം പട്ടാമ്പി ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ‘സമ്പൂര്‍ണ കെഎയു മള്‍ട്ടി മിക്സ്’ എന്ന ഈ മിശ്രിതത്തിന്റെ ഉപയോഗം വലിയൊരളവുവരെ വിളകള്‍ക്കാവശ്യമായ പോഷകാംശക്കുറവിന് പരിഹാരമാണ്. ഈ ഗവേഷണത്തിന് പട്ടാമ്പി കേന്ദ്രത്തിലെ സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കെമിസ്ട്രി അസോ. പ്രൊഫസര്‍ ഡോ. തുളസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പക്ഷേ, കാര്‍ഷിക മേഖലയ്ക്ക് കിട്ടുന്ന സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ കേരളം വിനിയോഗിക്കുന്നുണ്ടോ. പുനശ്ചിന്ത വേണ്ടതാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മണ്ണു പരിശോധനക്ക് 14 ജില്ലാ കേന്ദ്രങ്ങളുണ്ട്. 9 മൊബൈല്‍ യൂണിറ്റുകളുണ്ട്. 10 മറ്റ് സൗകര്യങ്ങള്‍ വേറെ. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി മണ്ണാരോഗ്യ പരിശോധനാ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മോദി സര്‍ക്കാരാണ് രാജ്യത്താദ്യമായി കര്ഷകന് അവന്റെ മണ്ണിന്റെ ആരോഗ്യം പരിശോധിച്ച് പോരായ്മ പരിഹരിക്കാന്‍ സഹായം പ്രഖ്യാപിച്ചത്, 2014-15 വര്‍ഷത്തില്‍. മറ്റ് പല സംസ്ഥാനങ്ങളും സൗകര്യം വിനിയോഗിച്ചപ്പോള്‍ കേരളം വിട്ടുനിന്നു. സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്.
കേരളത്തിന്റെ കേന്ദ്രവിരുദ്ധ നയം രാഷ്ട്രീയത്തിലെന്ന പോലെ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായും വ്യാപകമായപ്പോള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകേണ്ട നേട്ടം നഷ്ടമായി എന്നതാണ് വാസ്തവം. 2023-24 വര്‍ഷം മാത്രം മദ്ധ്യപ്രദേശ് 12,46,700 സാമ്പിള്‍ മണ്ണു പരിശോധന നടത്തി. യുപി 7.5 ലക്ഷവും ഒഡീഷ 5.7 ലക്ഷവും ആന്ധ്ര 6.47 ലക്ഷവും പരിശോധിച്ചു. കേരളം 1.36 ലക്ഷം മാത്രം. 2014-15 വര്‍ഷം തുടങ്ങിയ പദ്ധതി ഇനിയും കേരളത്തിലെ കര്‍ഷകര്‍ പകുതിപോലും വിനിയോഗിച്ചിട്ടില്ല എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: