ന്യൂദല്‍ഹി:റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്ക്ക് ചൈനീസ് കറന്‍സിയായ യുവാനില്‍ പണം നല്കാന് ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി റഷ്യ. പക്ഷെ യുവാനില്‍ പണം നല്കാന് കഴിയില്ലെന്ന് ഇന്ത്യ തീര്‍ത്തുപറഞ്ഞിരിക്കുകയാണ്. വില കുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങിയാല്‍ കോടികളുടെ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെങ്കിലും രാജ്യതാല്പര്യങ്ങള് ബലി കഴിച്ചുകൊണ്ട് ഇത്തരമൊരു ലാഭം വേണ്ടെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.
ഇന്ത്യയുടെ ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനാല്‍ മോദി സര്‍ക്കാരിന് യുവാനില്‍ പണം നല്കാന് താല്പര്യമില്ല. രൂപയെ അന്താരാഷ്ട്ര കറന്‍സിയായി വളര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും എന്നതും റഷ്യയുടെ നിര്‍ദേശം തള്ളാന്‍ കാരണമായിട്ടുണ്ട്.പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കുറച്ചുനാള്‍ മുന്‍പ് റഷ്യന്‍ എണ്ണയ്ക്ക് യുവാനില്‍ പണം നല്‍കിയിരുന്നു. ഇതറിഞ്ഞ ഉടന്‍ സര്‍ക്കാര്‍ വിലക്കുകയും ചെയ്തു
റഷ്യ യുവാനില്‍ പേമെന്റ് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
ചൈനയുടെ സമ്മര്‍ദ്ദം മൂലമാണ് റഷ്യ യുവാനില്‍ പണം നല്കാന് ഇന്ത്യയെ നിര്‍ബന്ധിക്കുന്നത്. ഇതുവരെ ദിര്‍ഹത്തിലും ഡോളറിലും ഇന്ത്യന്‍ രൂപയിലുമാണ് പണം റഷ്യയ്ക്ക് നല്‍കിയിരുന്നത്. റഷ്യ ഇന്ത്യയ്ക്ക് നല്കിയ എണ്ണയ്ക്ക് രൂപയില്‍ ലഭിച്ച വരുമാനം ഇന്ത്യന്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഉപരോധം കാരണം റഷ്യ ചൈനയില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന് അവര്‍ക്ക് കൂടുതല്‍ യുവാന്‍ ആവശ്യമാണ്. അതുകൊണ്ടാണ് യുവാനില്‍ പണം നല്കാന് റഷ്യ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.
രാജ്യതാല്പര്യങ്ങള് ബലി കഴിച്ച് കോടികളുടെ ലാഭം വേണ്ട
പക്ഷെ ഇന്ത്യ അതിന് ഒരുക്കമല്ല. പാശ്ചാത്യ രാജ്യങ്ങളുടെ ഒറ്റക്കെട്ടായുള്ള എതിര്‍പ്പിനെ മറികടന്ന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയ രാജ്യമായിരുന്നു ഇന്ത്യ എന്ന കാര്യം ചൈനയുടെ സമ്മര്‍ദ്ദഫലമായി റഷ്യ മറന്നുപോയി എന്നത് ഇന്ത്യയെ വിഷമിപ്പിക്കുന്നു. റഷ്യയില്‍ നിന്നും കുറഞ്ഞ പൈസയ്ക്ക് എണ്ണ വാങ്ങുക വഴി 360 കോടി ഡോളര്‍ ലാഭം നേടിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യയില്‍ നിന്നും 388 കോടി ഡോളറിന്റെ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. സ്വകാര്യ റിഫൈനറികളും ഏകദേശം 760 കോടി ഡോളറിന്റെ ലാഭമുണ്ടാക്കി.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യയ്ക്ക് ബാരലിന് 60 ഡോളര്‍ നിരക്കിലേ എണ്ണ വില്ക്കാന് കഴിയൂ. ഇത് അന്താരാഷ്ട്ര വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണ്. കോടികളുടെ ലാഭം കിട്ടുമെങ്കിലും ചൈനയുമായുള്ള സംഘര്‍ഷം കാരണം യുവാനില്‍ പണം നല്കാന് മോദി സര്‍ക്കാര്‍ ഒരുക്കമല്ല. രാജ്യതാല്പര്യങ്ങള് ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി ബലി കഴിക്കാനാവില്ലെന്നതാണ് മോദി സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: