തീര്‍ച്ചയും മൂര്‍ച്ചയുള്ള സംഘടനാകുശലതയുടെ പേരായിരുന്നു ഹരിയേട്ടന്. അക്ഷരാര്‍ത്ഥത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സംഘാടകന്‍. തമാശകളിലൂടെ വലിയ സംഘടനാതത്വങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അസാമാന്യമായ വൈദഗ്ധ്യം, അതിശയിപ്പിക്കുന്ന ഓര്‍മ്മശക്തി, ഏത് പ്രതിസന്ധിയിലും സംഘാദര്‍ശത്തെ മുറുകെപ്പിടിച്ച് ദിശ കാട്ടുന്ന ജ്യേഷ്ഠ പ്രചാരകന്… ഹരിയേട്ടന് ഇതൊക്കെയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ച ആദ്യകാലഘട്ടം മുതല്‍ സ്വയംസേവകനാകാന്‍ ഭാഗ്യമുണ്ടായ ആളാണ് അദ്ദേഹം.
48ല്‍ ഗാന്ധിവധം ആരോപിച്ച് ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ അദ്ദേഹം ബിഎസ്സി വിദ്യാര്‍ത്ഥിയായിരുന്നു. നിരോധനത്തിനെതിരെ സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ പോയി മടങ്ങിവന്നപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ കോളജ് അധികൃതര്‍ അനുവദിച്ചില്ല. പിന്നെ ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിഎ എടുത്തു, പ്രത്യേകമായി സംസ്കൃതവും പഠിച്ചു. തിരിച്ചടികളെ അവസരമാക്കുന്നതിന്റെ ശീലം അദ്ദേഹത്തില്‍ ആ കാലം തന്നെ പ്രകടമാണ്.
1951ല്‍ പ്രചാരകനായി. ആലുവ, തൃശ്ശൂര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം പാലക്കാട് 1957ലാണ് ഹരിയേട്ടന് എത്തുന്നത്. കല്പാത്തി രഥോത്സവ കാലത്തെ ഒരു അനുഭവമുണ്ട്. രഥോത്സവത്തില്‍ പങ്കെടുക്കാന്‍ സ്വയംസേവകര്‍ക്ക് ആഗ്രഹം. വൈകിട്ട് നടക്കേണ്ട ശാഖ അന്ന് രാവിലെയാക്കിക്കോട്ടെ എന്ന് ഞങ്ങള്‍ ഹരിയേട്ടനോട് ചോദിച്ചു.
‘അത് സൗകര്യസേവാസംഘം, ഇത് രാഷ്ട്രീയ സ്വയംസേവകസംഘം’ എന്നായിരുന്നു മറുപടി. പിന്നെന്ത് ചെയ്യാന്‍? ഞങ്ങള്‍ എത്തിയ മൂന്ന് നാലുപേരുമായി വൈകിട്ട് തന്നെ ശാഖയെടുത്തു. ഹരിയേട്ടനും അന്ന് ശാഖയിലെത്തി. ശാഖയ്ക്കുശേഷം എല്ലാവരെയും കൂട്ടി അദ്ദേഹം തന്നെ രഥോത്സവത്തിന് പോയി. ശാഖയുടെ സ്വഭാവത്തെക്കുറിച്ചുള്ള നല്ല പാഠമായിരുന്നു അത്.
മാധവ്ജിയുടെ അനുജനും മറ്റും പാലക്കാട് ഐടിഐയില്‍ പഠിക്കുകയായിരുന്നു.
ഹരിയേട്ടനും ചില സ്വയംസേവകരും ചേര്‍ന്ന് അവരെ കാണാന്‍ ഐടിഐ കാമ്പസില്‍ പോയി. അവിടെ സ്റ്റീഫന്‍ എന്ന് പേരുള്ള ഒരു വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ചിലര്‍ കൂടിനിന്ന് കളിയാക്കി. രാഷ്ട്രീയ ഷേവിങ് സെറ്റ് എന്നായിരുന്നു പരിഹാസം. ഒന്നും മിണ്ടാതെ മടങ്ങി. സ്റ്റീഫനെ തേടി പ്രവര്‍ത്തകര്‍ പോയി.
ഒടുവില്‍ അയാള്‍ ഹരിയേട്ടനെ വന്നുകണ്ടു. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന് അച്ചടിച്ച ഒരു കടലാസ് ഹരിയേട്ടന് സ്റ്റീഫന്റെ കൈയില്‍ കൊടുത്തു. പതിനഞ്ച് തവണ അക്ഷരം തെറ്റാതെ അത് വായിച്ച് പഠിക്കാന്‍ പറഞ്ഞു. അറിയാത്ത ഫുള്‍ഫോം പഠിച്ച് അറിയണമെന്ന് പറഞ്ഞ് അയാളെ മടക്കി, പ്രശ്നങ്ങളോട് ഓരോന്നിനോടും അതാതിന് അനുസരിച്ചുള്ള പ്രതിവിധി ഹരിയേട്ടന്റെ പക്കലുണ്ടായിരുന്നു.
1966ല്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രാന്തശിബിരം കോഴിക്കോട് നടക്കുമ്പോള്‍ ഹരിയേട്ടനായിരുന്നു അവിടെ വിഭാഗ് പ്രചാരക്. ആ ശിബിരത്തിന്റെ സംഘാടന വ്യവസ്ഥ പൂര്‍ണമായും നിര്‍വഹിച്ചത് അദ്ദേഹമാണ്. തൊട്ടടുത്ത വര്‍ഷം ഭാരതീയ ജനസംഘത്തിന്റെ ദേശീയസമ്മേളനത്തിന് കോഴിക്കോട് വേദിയായപ്പോഴും ഹരിയേട്ടന് തന്നെയായിരുന്നു വ്യവസ്ഥയുടെ ചുക്കാന്‍. അന്നത്തെ സര്‍ക്കാര്‍, സമ്മേളനത്തിന് റേഷന്‍ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചതിനെ ഹരിയേട്ടന് മറികടന്നത് എല്ലാ വീടുകളില്‍ നിന്നും വിഭവങ്ങള്‍ എത്തിച്ചാണ്. അതുകണ്ട് അമ്പരന്നുപോയ സര്‍ക്കാരിന് തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ടിവന്നത് ചരിത്രം.
പിന്നീട് പാലക്കാട് വ്യാസവിദ്യാപീഠം സ്ഥാപിച്ചപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിന് സാമ്പത്തികസമാഹരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും അദ്ദേഹമാണ്. ആയിരം രൂപ വച്ച് ഓരോ ആളില്‍ നിന്ന് കടം വാങ്ങി. എല്ലാം കഴിഞ്ഞപ്പോള്‍ കടം വാങ്ങിയ പണം തിരികെ നല്‍കണമല്ലോ. ഓരോരുത്തരെയും നേരില്‍ കണ്ടു. സംസാരിച്ചു. പണം തന്നവര്‍ ഏതാണ്ടെല്ലാം തന്നെ കടമായി തന്നത് സംഭാവനയായി പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞു.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ഹരിയേട്ടന്റെ പ്രവര്‍ത്തനകേന്ദ്രം എറണാകുളമായിരുന്നു. ഒളിവിലായിരുന്നെങ്കിലും അദ്ദേഹം സാധാരണപോലെ പ്രവര്‍ത്തിച്ചു. പൊതുജനങ്ങളുടെയിടയില്‍ കുരുക്ഷേത്രമായും പ്രവര്‍ത്തകര്‍ക്കിടയില്‍ സുദര്‍ശനമായും പ്രചരിച്ച സാഹിത്യങ്ങളുടെ പിന്നില്‍ ഹരിയേട്ടനായിരുന്നു. എന്ത് പ്രചരിപ്പിക്കണം എന്ന് മാത്രമല്ല, എങ്ങനെ പ്രചരിപ്പിക്കണം എന്നുവരെ അദ്ദേഹം വ്യവസ്ഥ ചെയ്തു. ജയിലില്‍ നിന്നുള്ള അദ്വാനിജിയുടെയും മറ്റും കത്തുകള്‍, ലേഖനങ്ങള്‍ എല്ലാ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു.
എ.കെ. ഗോപാലന് അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയ പ്രസംഗം മാര്‍ക്സിസ്റ്റുകാര്‍ പോലും വായിച്ചത് കുരുക്ഷേത്രത്തിലൂടെയായിരുന്നു. തീയറ്ററുകളിലും ബസ് സ്റ്റാന്‍ഡുകളിലും ആളുകൂടുന്ന ഇടങ്ങളിലൊക്കെ സര്‍ക്കാരിനെ പരിഭ്രാന്തിയിലാക്കി ഇവ തുടര്‍ച്ചയായി പ്രചരിച്ചുകൊണ്ടിരുന്നു. ജയിലില്‍ പോയവരുടെ കുടുംബങ്ങളുടെ സാഹചര്യം, സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ അന്വേഷണത്തിലുണ്ടാകുമായിരുന്നു. എല്ലായിടത്തും സമൂഹത്തിലെ പ്രമുഖരുമായി ഹരിയേട്ടന് ബന്ധങ്ങള്‍ സൃഷ്ടിച്ചു. പുത്തേഴത്ത് രാമന് മേനോന്, ബാരിസ്റ്റര്‍ നാരായണ മേനോന്, അഡ്വ. ഈച്ചരമേനോന് തുടങ്ങി നിരവധി പേര്…
അസാമാന്യമായ ഓര്‍മ്മശക്തിയാണ് ഹരിയേട്ടന്. അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരിക്കെ വിശ്വവിഭാഗിന്റെ പ്രഭാരി എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആ കാലത്താണ് നേപ്പാളിലെ യാത്രയ്ക്കിടെ വാഹനാപകടത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റത്. അതിന്റെ ഫലമെന്നോണം 2004ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പാടെ മറഞ്ഞു. നാലഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യുമായിരുന്ന ഹരിയേട്ടന് അതും മറന്നു. നിത്യേന ചൊല്ലുമായിരുന്ന നരസിംഹസ്തുതി പോലും മറന്നു. അന്നാണ് അദ്ദേഹത്തെ കണ്ണുനിറഞ്ഞുകണ്ട അനുഭവം എനിക്കുള്ളത്. പക്ഷേ ആരെയും അതിശയിപ്പിക്കും വിധം ഹരിയേട്ടന് തിരിച്ചെത്തി. മറവിയിലേക്ക് മറഞ്ഞതെല്ലാം നിരന്തരപ്രയത്നത്തിലൂടെ വീണ്ടെടുത്തു.
ശ്രീഗുരുജിഗോള്വല്ക്കറുടെ സമ്പൂര്‍ണ സാഹിത്യം സമാഹരിച്ച് പ്രസിദ്ധീകരിച്ച ‘ഗുരുജി സമഗ്ര’ എന്ന വലിയ പ്രവര്‍ത്തനം ഹരിയേട്ടന് ഏറ്റെടുത്ത് വിജയിപ്പിച്ചത് അത്ഭുതകരമാം വിധമായിരുന്നു. ഒടുവില്‍ രോഗക്കിടക്കയില്‍ കാണാനെത്തിയ പലരെയും അവരുടെ നാടും വീടും നാട്ടുകാരുടെ പേരുമടക്കം പറഞ്ഞ് ഹരിയേട്ടന് വിസ്മയിപ്പിച്ചു. പരിചയങ്ങള്‍ ഹരിയേട്ടന് ഹൃദയത്തില്‍ പകര്‍ത്തി സൂക്ഷിക്കുമെന്ന് വേണം പറയാന്‍. ഒരിക്കല്‍ പരിചയപ്പെട്ട ആരെയും അദ്ദേഹം മറന്നില്ല.
ഹരിയേട്ടനെ ആദരിക്കണം, പുരസ്കരിക്കണം എന്ന് കരുതിയ പലരുമുണ്ട്. അദ്ദേഹം പക്ഷേ അതിന് നിന്നില്ല. അത്തരം അവസരങ്ങള്‍ സ്നേഹത്തോടെ നിരസിച്ചു. ബംഗാളിലുള്ള ഒരു സംഘടന പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിനോട് ഇക്കാര്യം ഹരിയേട്ടന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായം തേടി. അപ്പോഴും ഹരിയേട്ടന് ഞാനൊരു സാധാരണ സ്വയംസേവകനാണ് എന്ന് പറഞ്ഞ് അത് നിരസിക്കുകയായിരുന്നു. സംഘത്തിന് വേണ്ടി മാത്രം ഉഴിഞ്ഞുവച്ച, വാക്കിലും പ്രവര്‍ത്തിയിലും സംഘം മാത്രം നിറഞ്ഞുനിന്ന ഹരിയേട്ടന്റെ ജീവിതം അനേകര്‍ക്ക് മാതൃകയും പ്രേരണയുമായി ഓര്‍മ്മകളില്‍ എന്നും നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: