അടിയന്തരാവസ്ഥയില്‍ മുഴുവന്‍ ഒളിപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കേരളത്തിലാകെ ചുമതലയുള്ളവരായിരുന്നു, ഭാസ്കര്‍ജി, മാധവ്ജി, ഞാന്‍ എന്നിവര്‍. ഒരു നിര്‍ദേശത്തിന്റെ കീഴില്‍ പ്രവര്‍ത്തനം എന്ന തീരുമാനമായിരുന്നു ദേശീയതലത്തില്‍. ഇന്ദിരാഗാന്ധി ബലമുള്ള ശത്രുവായിരുന്നു. അതുകൊണ്ട് കരുതലുണ്ടായിരുന്നു.
വീട് കേന്ദ്രീകരിച്ചായിരുന്നു നമ്മുടെ പ്രവര്‍ത്തനം. വീടുകളില്‍ അവരുടെ ബന്ധുക്കളായാണ് കഴിഞ്ഞിരുന്നത്. കോഴിക്കോട്ട് താമസിച്ചത് ഗണേശ് റാവുവിന്റെ വീട്ടിലാണ്. ഗണേശിന്റെ ചേട്ടന് വസന്ത് റാവുവിന്റെ അയല്ക്കാരന് ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തോട് ഞാന്‍ കാസര്‍കോട്ടുനിന്നു വന്നതാണെന്ന് പറയുമായിരുന്നു. അവിടത്തെ സ്ത്രീയുടെ എന്നോടുള്ള പെരുമാറ്റം എങ്ങനെ എന്നതും ആളുകള്‍ ശ്രദ്ധിക്കുമല്ലോ.
ഒരിക്കല്‍ അവര്‍ക്ക് പ്രസവവേദനയായി. അവര്‍ ഫോണ്‍ വിളിച്ച് ആളുകളെ വരുത്തി. പരിചയക്കാരും സ്വയംസേവകരും വന്നപ്പോള്‍ സ്ത്രീ പറഞ്ഞു, ‘കാസര്‍കോട്ടുനിന്ന് വല്യച്ഛന് വന്നിട്ടുണ്ട്, മലയാളം സംസാരിക്കാന്‍ അറിയില്ല എന്നെല്ലാം.’ ഞാന്‍ അപ്പോള്‍ മുറിക്കുള്ളില്‍ കതകടച്ചിരിക്കുകയാണ്.
ഒരിക്കല്‍ മണ്ഡലകാലസമയത്ത് ഞാന്‍ താടിയൊക്കെ വളര്‍ത്തി കറുപ്പുടുത്തു. വ്രതമൊന്നുമില്ല. സെന്റ് ആല്‍ബര്‍ട്സിന്റെ പരിസരത്ത് ബസില്‍ തൊട്ടുപിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്. എവിടേക്കെന്നു ചോദിച്ചു. ആലുവയ്ക്കെന്നു പറഞ്ഞു. അയാള്‍ കച്ചേരിപ്പടിയിലിറങ്ങി. എനിക്ക് സംശയം, അയാള്‍ പോലീസില്‍ അറിയിച്ചാലോ. ഞാന്‍ അടുത്ത സ്റ്റോപ്പിലിറങ്ങി.
നേരെ ചെറായിലേക്ക് പോയി. അവിടുന്ന് കൊടുങ്ങല്ലൂരില്‍. എനിക്ക് പാലക്കാട്ടാണ് പോകേണ്ടത്. അങ്ങനെ വടക്കാഞ്ചേരിയിലെത്തി. അവിടെയെത്തി ആദ്യം ഷേവ് ചെയ്യാന്‍ കടയില്‍ കയറി. ബാര്‍ബര്‍ എന്നോട് കെട്ട് ഇറക്കിയതും മാലയഴിച്ചതും ഒക്കെ ചോദിച്ചു. ഒരുവിധം പറഞ്ഞൊഴിഞ്ഞ് പാലക്കാട് വടക്കന്തറയില്‍ എത്തി.
മറ്റൊരവസരത്തില്‍ അകപ്പെട്ടേനെ. ഒരിക്കല്‍ യാദവ് റാവുജി, ഭാസ്കര്‍ റാവു, സേതുവേട്ടന്, കെ.ജി. വേണുഗോപാല്‍, സി.കെ. ശ്രീനിവാസന്, ഞാനും മട്ടാഞ്ചേരിയില്‍ കഷണ്ടി മുക്കിലെ ഫിയാസ് മാന്‍സില്‍ എന്നയിടത്ത്. എണ്ണക്കച്ചവടമാണ്, നോര്‍ത്ത് ഇന്ത്യയിലെ സേട്ടുവാണ്. മൂന്നോ നാലോ ടെലിഫോണുണ്ടാവും അവിടെ. ഞങ്ങള്‍ കൂടിക്കാഴ്ച അവിടെ നിശ്ചയിച്ചു. അടിവാങ്ങി ജയിലില്‍ പോയ പുരുഷോത്തമന് എന്ന ആളിനെ കാണണമെന്ന് യാദവ് റാവുജിക്ക് ആഗ്രഹം. പ്രവര്‍ത്തകര്‍ പോയി പുരുഷോത്തമനെ കൊണ്ടുവന്നു. യാദവറാവു താഴെ ഇരിക്കുന്നു.
ഞങ്ങള്‍ മുകള്‍ നിലയില്‍. ജയിലില്‍ പോയ ആളെ പിന്തുടര്ന്ന് പോലീസെത്തി. ഇന്‍സ്പെക്ടര്‍ വന്നു. സേട്ടുവിനോട് ചോദിച്ചു, ”ഇവിടെ ആര്‍എസ്എസ് മീറ്റിങ് നടക്കുന്നുവെന്ന് കേട്ടല്ലോ.”- സേട്ടു പറഞ്ഞു ”എന്ത് മീറ്റിങ്, എന്റെ ഭാര്യയുടെ അച്ഛന് വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ട് ആരെങ്കിലും ആര്‍എസ്എസ് ആയിട്ട് ധരിച്ചതാവും. ”- അപ്പോഴേക്കും ഫോണ്‍ വന്നു. അതിനിടെ പോലീസുകാരനെ പറഞ്ഞയച്ചു. പോലീസ് വന്നു പോയപ്പോള്‍ മുകളില്‍ വന്ന് കാര്യങ്ങള്‍ അറിയിച്ചു. ഞാനും കെ.ജി. വേണുവും മതിലുചാടി രക്ഷപ്പെട്ടു.
ഒരിക്കല്‍ മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പല്‍ മധുകര്‍ റാവുവിന്റെ മുന്നില്‍നിന്ന് രക്ഷപ്പെട്ട അനുഭവവുമുണ്ട്. ഞാനും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു. അന്ന് ഞാനും ജ്യേഷ്ഠന് പുരുഷോത്തമനും തമ്മില്‍ പലര്‍ക്കും തെറ്റുമായിരുന്നു.
ഒരു ദിവസം ടിഡി റോഡില്‍ കൂടി പോകുമ്പോള്‍ മധുകര്‍ റാവു സ്കൂട്ടറില്‍ എതിരെ. അദ്ദേഹം ഉറക്കെ ചോദിച്ചു; ”ഹരീ, താങ്കള്‍ പോലീസ് പിടിയിലായില്ല അല്ലേ?’ എനിക്ക് അപകടം മനസിലായി. ഞാന്‍ പറഞ്ഞു, ”സര്, അങ്ങേയ്ക്ക് തെറ്റിപ്പോയി. ഞാന്‍ പുരുഷോത്തമാണ്. ഹരി കൊല്‍ക്കത്തയിലാണ്.”- ഉടനെ ഓ, യെസ്. അടുത്ത ചോദ്യം, ”നിങ്ങള്‍ എന്തിനിവിടെ വന്നു?”- ”എന്റെ ഭാര്യ പ്രസവത്തിനിവിടെ വന്നു സര്”- എന്ന് മറുപടി പറഞ്ഞു. (ഞാന്‍ പുരുഷോത്തമാണല്ലോ). അത് സത്യമായിരുന്നു. ചേട്ടത്തിയമ്മ പ്രസവത്തിന് വന്നിരുന്നു.
എനിക്ക് തോന്നി, ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ എന്റെ വീട്ടില്‍ ചെല്ലും. ഗര്‍ഭിണിയായ ചേട്ടത്തിയമ്മയെ കാണും. അപ്പോള്‍ ചേട്ടനെ കണ്ടകാര്യം പറയും. ഞാന്‍ ഉടനെ വീട്ടിലേക്ക് ആളെ അയച്ചു. കാര്യങ്ങളൊക്കെ അറിയിച്ചു. വൈകിട്ട് കൃത്യമായി അവര്‍ വീട്ടില്‍ ചെന്നു. അങ്ങനെ മുന്‍കൂര്‍ കാര്യങ്ങള്‍ അറിയാമായിരുന്നതുകൊണ്ട് കള്ളം പറയാതെ, എന്നാല്‍ സംഭവിച്ചതും പറയാതെ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: