ഫോണിന്റെ സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾ കുറച്ചു കൂടി വലിപ്പത്തിൽ കാണാൻ സാധിച്ചിട്ടുള്ളവരാണ് നമ്മൾ. ഫോണിൽ കാണുന്ന ദൃശ്യങ്ങൾ 100 ഇഞ്ച് വലിപ്പമുള്ള ഒരു കൂറ്റൻ സ്ക്രീനിൽ കാണാൻ സാധിക്കുന്ന സംവിധാനം എത്തിയിരിക്കുകയാണ്. സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്ന് നേരിട്ട് ഇറങ്ങി വരുന്ന തരത്തിലുള്ള ജിയോ ഗ്ലാസ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് സമ്മേളനത്തിനിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മെയ്ഡ് ഇൻ ഇന്ത്യയുടെ ഭാഗമായി പ്രദർശിപ്പിച്ച ഈ ഗ്ലാസ് വളരെ പെട്ടെന്ന് തന്നെ എല്ലാവരെയും ആകർഷിച്ചു.
എആർ-വിആർ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 69 ഗ്രാം മാത്രം ഭാരമുള്ള ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി കണ്ണടയാണ് ജിയോ ഗ്ലാസ്. രണ്ട് ലോഹ ഫ്രെയിമുകളിലായി ഉറപ്പിച്ചിരിക്കുന്ന ലെൻസാണ് ജിയോ ഗ്ലാസിന് ഉള്ളത്. എആർ-വിആർ മോഡുകളിൽ ഏത് വേണമെന്ന് ഉപയോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും. നീക്കം ചെയ്യാൻ സാധിക്കുന്ന ഫ്ളാപ്പും ഇതിനുണ്ട്. ഫ്ളാപ് ഗ്ലാസുകൾക്ക് മുകളിൽ വെക്കുന്നതോടെ ഇത് വെക്കുന്ന ആളിന്റെ കണ്ണുകൾ കാണാനാകില്ല.
വീഡിയോയിൽ പൂർണമായി ശ്രദ്ധിച്ചിരിക്കാൻ ഇത് സഹായിക്കുന്നു. 100 ഇഞ്ച് വലിപ്പമുള്ള വെർച്വൽ സ്ക്രീനിൽ 1080പി റെസല്യൂഷനിൽ വീഡിയോ കാണാനാകും. ജിയോ ഗ്ലാസ് അണിയുന്നതോടെ മികച്ച ശബ്ദാനുഭവം നൽകാൻ ചെവിക്ക് മുകളിൽ രണ്ട് സ്പീക്കറും എത്തുന്നു. ജിയോ ഗ്ലാസുകൾ ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. ജിയോഗ്ലാസിന് ബാറ്ററിയില്ല. ടൈപ്പ് സി കേബിൾ മുഖേന കണക്ട് ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണിൽ നിന്നും ബാറ്ററി ചാർജ് എടുത്താകും പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് ജിയോ ഗ്ലാസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: