പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ഭാവി നിര്‍ണയിക്കുന്ന പോരാട്ടത്തിന് ഇന്ന് ശ്രീലങ്ക. അഫ്ഗാനിസ്ഥാന് ആണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. രണ്ട് വമ്പന്‍ ടീമുകളെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസം അഫ്ഗാനുണ്ട്. രണ്ട് ടീമുകളും ഇതുവരെ കളിച്ച അഞ്ചില്‍ രണ്ടെണ്ണം ജയിച്ച് നാല് വീതം പോയിന്റുമായി നില്ക്കുന്നു. റണ്‍നിരക്കില്‍ ശ്രീലങ്ക അഫ്ഗാനെക്കാള്‍ മുന്നിലാണ്. നാലാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് തൊട്ടുതാഴെയാണ് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോഴേക്കും ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളായിരിക്കും സെമിയിലേക്ക് മുന്നേറുക. നെതര്‍ലന്‍ഡ്സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് വിജയവും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയോടെ മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാന്റെ സാധ്യതകള്‍ അവസാനിച്ചു. ഇംഗ്ലണ്ടിനും മുന്നേറാനുള്ള സാധ്യതകള്‍ ഏറെക്കുറേ ഇല്ലാതായിക്കഴിഞ്ഞു.
ഇതുവരെ കളിഞ്ഞ അഞ്ച് കളികളില്‍ അഫ്ഗാന് രണ്ട് കളികളില്‍ തോല്‍പ്പിച്ചത് കരുത്തരായ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും ആണ്. ഇംഗ്ലണ്ടിനെ 69 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ട് അവര്‍ ഇക്കൊല്ലത്തെ അട്ടിമറിക്ക് തുടക്കമിടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിലാണ് പാകിസ്ഥാനെ അഫ്ഗാന് തോല്‍പ്പിച്ചത്. പാകിസ്ഥാന് മുന്നില്‍ വച്ച മികച്ച ടോട്ടല്‍ അനായാസം പിന്തുടര്ന്ന് എട്ട് വിക്കറ്റിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: