തിരുവനന്തപുരം: കേരളീയത്തിലെ ധൂര്‍ത്തിന് പിന്നാലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല സദസ് പരിപാടിക്കും ധൂര്‍ത്ത്. മന്ത്രിമാര്‍ക്ക് മണ്ഡലങ്ങളില്‍ സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് രൂപമാറ്റം വരുത്തുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കരുതല്‍ ധനം ഉപയോഗിച്ച് നേരത്തെ വാങ്ങിയ ബസാണ് മോടിപിടിപ്പിക്കുന്നത്.
ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാരിന്റെ നേട്ടം ജനങ്ങളില്‍ എത്തിക്കാനുള്ള മണ്ഡല സദസിന് വീണ്ടും ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത്.
നവം. 18 മുതല്‍ ഡിസം. 24 വരെയാണ് പരിപാടി. 18 ന് മഞ്ചേശ്വരത്ത് മണ്ഡല സദസ് പരിപാടിക്ക് തുടക്കംകുറിക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്താനാണ് പരിപാടി.
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസാണ് മന്ത്രിമാര്‍ക്കായി രൂപമാറ്റം വരുത്തുന്നത്. ബസില്‍ എസിയും ഉന്നത നിലവാരത്തിലുള്ള സീറ്റുകളുമടക്കം സജ്ജീകരിക്കുന്നുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ കെഎസ്ആര്‍ടിസിക്കായി പുതിയ ബസുകളൊന്നും വാങ്ങിയിട്ടില്ല.
പുതിയ ബസ് ഇല്ലാത്തതിനാലാണ് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നത്. സ്വിഫ്റ്റ് ബസുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് കിഫ്ബിയുടെ വ്യവസ്ഥയുണ്ട്. ഇതടക്കം ലംഘിച്ചാണ് മന്ത്രിമാരുടെ യാത്ര.
58 ദിവസമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട്. ജീവനക്കാര്‍ കഴിഞ്ഞ ദിവസം സമരം ആരംഭിച്ചതിനുശേഷമാണ് 20 കോടി സര്‍ക്കാര്‍ നല്‍കിയത്. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടത്തുന്ന കേരളീയം പരിപാടിക്കും കോടികളാണ് ചെലവഴിക്കുന്നത്. 27.12 കോടി രൂപയുടെ ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്കി. പരസ്യ പ്രചാരണത്തിന് മാത്രം 3.98 കോടിയാണ് ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: