ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാന്‍ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി. ജി. ശ്രീദേവി മുമ്പാകെ ഏപ്രില്‍ 17ന് ആരംഭിച്ച സാക്ഷിവിസ്താരം അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരത്തോടെയാണ് പൂര്‍ത്തിയാക്കിയത്.
മൂന്ന് മജിസ്‌ട്രേറ്റുമാര്‍, ഒരു ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട്, അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍, ഒമ്പത് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ആറ് ഫോറന്‍സിക് സര്‍ജന്‍മാര്‍, രണ്ട് വിരലടയാള വിദഗ്ധര്‍, ആര്‍ടിഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അഞ്ച് വില്ലേജ് ഓഫിസര്‍മാര്‍, നാല് പഞ്ചായത്ത് സെക്രട്ടറിമാര്‍, അമ്പലപ്പുഴ തഹസില്‍ദാര്‍, എറണാകുളം ജില്ല ജയില്‍ സൂപ്രണ്ട്, നാല് മൊബൈല്‍ സേവന ദാതാക്കളുടെ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരെയും കൊല്ലപ്പെട്ട രണ്‍ജീതിന്റെ അമ്മ, ഭാര്യ, മകള്‍, സഹോദരന്‍ എന്നിവരുള്‍പ്പെടെ 156 സാക്ഷികളെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ വിസ്തരിച്ചത്.
പ്രതികളുടെ യാത്രാവിവരങ്ങളും മറ്റും ഗൂഗിള്‍ മാപ്പ് സഹായത്തോടെ അപഗ്രഥിച്ച രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 697 രേഖകളും 112 തൊണ്ടി സാധനങ്ങളും കോടതി തെളിവില്‍ സ്വീകരിച്ചു. പ്രതികളെ കോടതി ചോദ്യം ചെയ്യുക തുടങ്ങിയ നടപടികളാണ് ഇനിയുള്ളത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: