തിരുവനന്തപുരം: ഒട്ടും ലൈംഗിക ചേഷ്ടയോടെയല്ല സുരേഷ് ഗോപി ആ പത്രപ്രവര്‍ത്തകയെ സ്പര്‍ശിച്ചതെന്ന് വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്കുമാര്‍.
സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൊച്ചാക്കാന്‍ നടത്തിയ സുരേഷ് ഗോപിയുടെ സ്ഥിരം ശൈലി മാത്രമാണ് അവിടെ സംഭവിച്ചതെന്നും അത് അഭിനയത്തിന്റെ ഭാഗമായി വന്നിട്ടുള്ള കാര്യമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് ഒരു ക്യാമ്പയില്‍ വേണ്ടെന്നും നികേഷ് കുമാര്‍ പറയുന്നു.
പൊലീസ് സുരേഷ് ഗോപിയെ വേട്ടയാടുന്നോ?
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ സുരേഷ് ഗോപിയെ വേട്ടയാടാന്‍ ശ്രമമെന്ന് അഭ്യൂഹം പരക്കുകയാണ്. കാരണം. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരാള്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി സ്പര്‍ശിച്ചു എന്ന കുറ്റമുള്ള വകുപ്പാണിത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പ്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
വൈകുന്നേരത്തോടെ മാധ്യമപ്രവര്‍ത്തകര്‍ ഏതാണ്ടെല്ലാവരും തന്നെ ലൈംഗികച്ചുവയോടെയല്ല സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ മേല്‍ സ്പര്‍ശിക്കുന്നത് എന്ന നിലപാടില്‍ എത്തിക്കഴിഞ്ഞു. അങ്ങിനെയിരിക്കെയാണ് ശക്തമായ വകുപ്പ് ഉപയോഗിച്ച് കേസെടുത്തിരിക്കുന്നത്. ഈ കേസ് വെച്ച് സുരേഷ് ഗോപിയെ രാഷ്‌ട്രീയമായി വേട്ടയാടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് അനുവദിക്കില്ലെന്ന് ബിജെപി നേതാവ് സുരേന്ദ്രനും ശോഭസുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകയ്‌ക്ക് അസ്വസ്ഥതയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കിയതായിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
അസാധാരണമായ തിടുക്കത്തോടെ വനിതാകമ്മീഷനും ഈ പ്രശ്നത്തില്‍ പൊലീസിനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇടത് മന്ത്രിസഭയിലെ വനിതാ മന്ത്രിമാരായ ബിന്ദുവും വീണാ ജോര്‍ജ്ജും പ്രതികരിച്ചിരുന്നു. പൊതുവെ മാധ്യമങ്ങളില്‍ ഇത് സജീവ വാര്‍ത്തയാക്കി നിര്‍ത്താനുള്ള ശ്രമമാണ് ഇടത് പക്ഷ ക്യാമ്പുകളില്‍ നിന്നും കണ്ടത്. മാപ്പു പറഞ്ഞതോടെ പ്രശ്നം അവസാനിച്ചെന്ന് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് സുരേന്ദ്രനും പ്രതകരിച്ചിട്ടും അതിനെ മറികടന്ന് പ്രശ്നം പൊലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.സുരേഷ് ഗോപി മാപ്പ് പറഞ്ഞുകഴിഞ്ഞു. ആ മാപ്പ് പോരാ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വേട്ടയാടാന്‍ ശ്രമിക്കുന്ന സൈബര്‍ വെട്ടുകിളിക്കൂട്ടത്തെ പിന്തുണയ്‌ക്കണോ എന്ന് നമ്മള്‍ ചിന്തിക്കണമെന്ന് മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: