ശശിതരൂര്‍ ദേശീയ നേതാവാണ്. അതുകൊണ്ടദ്ദേഹം എവിടെ ചെന്നാലും പറയുന്നതും ദേശീയ നയം അതുതന്നെയാകും. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിലും പറഞ്ഞത് അതുതന്നെ. ലീഗിലെ വലിയൊരു വിഭാഗത്തിനും പാലസ്തീനെക്കാള് താല്പര്യം ഹമാസിനോടാണ്. ഹമാസ് ഭീകരവാദികളാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് സഹിക്കാന്‍ പറ്റുമോ. മുഖ്യാതിഥിയായി പ്രസംഗിച്ച ശശിതരൂര്‍ ഹമാസിനെ തള്ളിപ്പറഞ്ഞത് ലീഗിന്റെ മനസ്സിലിരിപ്പ് നിശ്ചയമില്ലാതെയാണ്. വേദിയില്‍ നിന്നുതന്നെ ശശിക്ക് കിട്ടേണ്ടത് കിട്ടി. അതിന്റെ പ്രതികരണം ശശിയില്‍ നിന്നുമുണ്ടായി. ‘ഞാന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ ദേശീയ നയം’ പക്ഷേ കോണ്‍ഗ്രസിന്റെ ദേശീയ നേതാവാരാണ്. അധ്യക്ഷന്‍ പോലുമല്ലല്ലോ. രാഹുലല്ലെ. അദ്ദേഹം പറയുമോ ശശിതരൂര്‍ പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ ദേശീയ നയമെന്ന്. എങ്കില്‍ പറയട്ടെ വയനാട്ടില്‍ വന്ന്. ഹമാസ് ഭീകരസംഘടനയാണെന്ന്. അവരാണ് ആദ്യം ആക്രമിച്ചതെന്ന്. ചുണ്ടങ്ങ നല്കി വഴുതനങ്ങ വാങ്ങുകയായിരുന്നുവെന്ന്.
രാഹൂല്‍ വായ് തുറക്കണമെങ്കില്‍ ചുരുങ്ങിയത് നാലുവര്‍ഷമെങ്കിലും വേണമല്ലൊ. അതല്ലെ പുല്‍വാമ ഭീകരാക്രമണ സംഭവം സംബന്ധിച്ച ഒടുവിലത്തെ പ്രതികരണം തെളിയിക്കുന്നത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനെതിരെ മനുഷ്യബോംബാക്രണം 2019 ലായിരുന്നല്ലോ. 40 സിആര്‍പിഎഫ് ജവാന്മാര്ക്കാണ് ജീവഹാനിയുണ്ടായത്. പാക്കിസ്ഥാനിലെ ഭീകരവാദസംഘടനയായ ജയ്ഷെ മുഹമ്മദാണ് അക്രമം നടത്തിയത്. പത്ത് പന്ത്രണ്ട് ദിവസം 2019 ഫെബ്രുവരിയില്‍ അക്രമിസംഘം വാഹനത്തില്‍ കറങ്ങിയതായി അന്നത്തെ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്ക് തന്നെ പറയുന്നു. അയാളുമായുള്ള അഭിമുഖത്തിലാണ് അടുത്തിടെ രാഹുല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അത്രയും ദിവസം അക്രമിസംഘം കറങ്ങി നടക്കുമ്പോള്‍ ഇയാള്‍ എന്തെടുക്കുകയായിരുന്നു. ചെമ്മീന്‍ ഉണക്കുകയായിരുന്നോ? ഗവര്‍ണറായിരുന്ന വ്യക്തി അതില്ലാതായപ്പോള്‍ കോതയ്ക്ക് പാട്ട് എന്ന മട്ടിലായി.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതല്‍ ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികള്‍ 2015 ജൂലൈ മാസത്തില്‍ ഗുര്‍ദാസ്പൂര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു. പത്താന്‍കോട്ട് 2016ന്റെ തുടക്കത്തില്‍ ആക്രമണം നടന്നു. 2016ല്‍ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളില്‍ യഥാക്രമം, ഒമ്പതും എട്ടും സൈനികര്‍ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപില്‍ 2016 സെപ്തംബര്‍ മാസത്തിലുണ്ടായ ഒരു ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു-ശ്രീനഗര്‍ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങള്‍ ഏറെയും നടന്നത്. അന്നേരവും ഗവര്‍ണര്‍ മാലിക്ക് തന്നെ.
ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ സൈനികര്‍, 2019 ഫെബ്രുവരി 14ന്, 78 ബസ്സുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യന്‍ പ്രാദേശിക സമയം 3.30നോടുകൂടിയാണു സംഘം ജമ്മുവില്‍ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവര്‍ ശ്രീനഗറില്‍ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ വച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തല്‍ക്ഷണം 49 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഈ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദേ്യാഗത്തില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറേയും.
സൈനികര്‍ക്ക് ആദരമര്‍പ്പിക്കാനായി പുറപ്പെട്ട തന്നെ വിമാനത്താവളത്തില്‍ പൂട്ടിയിട്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ വെളിപ്പെടുത്തല്‍ അതും നാലും വര്‍ഷം കഴിഞ്ഞ്. സൈനികരുടെ മൃതദേഹങ്ങള്‍ എത്തുന്നതറിഞ്ഞു ദല്‍ഹി പാലം വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയപ്പോള്‍ പോകരുതെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നിട്ടും വിമാനത്താവളത്തിലെത്തി. അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടു. മുറി വിട്ടു പുറത്തുപോകരുതെന്നായിരുന്നു നിര്‍ദേശം. പൂട്ടിയിട്ടെങ്കില്‍ മുറിയില്‍ നിന്ന് പുറത്തുപോകരുതെന്ന് പറയുന്നതെന്തിനാവോ? പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആ സമയത്തു വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ തനിക്ക് പൊരുതേണ്ടി വന്നതായും രാഹുല്‍ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ പറ്റുമോ? പൂട്ടിയിട്ടിട്ടും പൊരുതി ജയിച്ചുവോ?
സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ സത്യപാല്‍ മാലിക്കും അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. ചെറുതായാലും പാമ്പിന് വിഷമുണ്ടാകുമെന്ന ചൊല്ലുപോലെയാണ് മുന്‍ ഗവര്‍ണറുടെ മൊഴി വ്യക്തിമാക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നാണു സ്ഫോടകവസ്തുക്കള്‍ എത്തിയത്. വാഹനത്തിന്റെ െ്രെഡവറും മറ്റും മുന്‍പു പിടിയിലായിട്ടും സുരക്ഷാ ഏജന്‍സികള്‍ക്ക് അവരെ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഹനവ്യൂഹം കടന്നുപോകുന്ന റോഡിലേക്കുള്ള ഇടവഴികളൊന്നും തടഞ്ഞില്ല എന്നും മാലിക്ക് പറയുന്നു.
പുല്‍വാമ സംബന്ധിച്ച് തന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയായി നല്കരുതെന്നു ചാനലുകള്‍ക്കു നിര്‍ദേശമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടത് 10 ദിവസത്തോളം പ്രധാന വാര്‍ത്തയായെന്നും സത്യപാല്‍ മാലിക് പറഞ്ഞു. അതീഖിന്റെ കൊലപാതക വാര്‍ത്ത കണ്ടപ്പോള്‍ പുല്‍വാമ വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് താന്‍ സഹോദരിയോടു പറഞ്ഞുവെന്നു രാഹുല്‍ പറഞ്ഞപ്പോള്‍ വ്യക്തമാകുന്നത് ഇയാള്‍ ഒരു ദേശീയ നേതാവാണോ എന്നാണ്. പല്ലുകൊഴിഞ്ഞാലും ചെന്നായയുടെ ഇറച്ചിക്കൊതി തീരില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്തു പറയുമ്പോഴും കറങ്ങിത്തിരിഞ്ഞ് നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുകയാണ് ലക്ഷ്യം. കോഴിക്കെതിരായ അന്യായത്തില്‍ കുറുക്കന് ന്യായാധിപന് എന്ന മട്ടിലാണ് സത്യപാല്‍ മാലിക്കിനെ കൂട്ടുപിടിച്ചുള്ള നീക്കം. അദാനിക്കെതിരായ യുദ്ധം അവസാനിപ്പിച്ചോ എന്തോ? ഇന്‍ഡ്യാ മുന്നണിയിലെ ഘടകങ്ങളെല്ലാമെന്നവണ്ണം അദാനി വേട്ടക്കൊപ്പമില്ല എന്ന് തിരിച്ചറിഞ്ഞുകാണണം. കേരളമുഖ്യന് പിണറായിപോലും അദാനിക്കൊപ്പമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചടങ്ങില്‍ പ്രസംഗിക്കവെ അത് തെളിഞ്ഞു. പോര്‍ട്ടിലും എയര്‍പോര്‍ട്ടിലും അദാനി വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ച ഇടതുപക്ഷം രണ്ടും ഉപേക്ഷിച്ച സ്ഥിതിക്ക് രാഹുല്‍ നാവിട്ടടിച്ചിട്ടെന്തുകാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: