തിരുവനന്തപുരം: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ ഡൗണ്‍ഹില്‍ മത്സരത്തില്‍ ചൈനീസ് തായ്‌പേയ്‌ക്കും തായ്‌ലാന്‍ഡിനും സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം ഡൗണ്‍ഹില്‍ വിഭാഗത്തില്‍ നാലു ഫൈനലുകളാണ് നടന്നത്.
പുരുഷന്മാരുടെ എലൈറ്റ് വിഭാഗത്തില്‍ തായ്‌പേയ് റൈഡര്‍ ഷെങ്ഷാന്‍ ചിയാനും വനിതകളുടെ എലൈറ്റ് ഡൗണ്‍ഹില്ലില്‍ തായ്‌ലാന്റിന്റെ വിപാവീ ഡികാബല്ലസും സ്വര്‍ണം നേടി. പാറക്കെട്ടുകള്‍ നിറഞ്ഞ ചെങ്കുത്തായ ട്രാക്കിലൂടെ ഒന്നര കിലോമീറ്ററോളം ദൂരം രണ്ടു മിനിറ്റും 20 സെക്കന്‍ഡും കൊണ്ട് മറികടന്നാണ് ഷെങ് ഷാന്‍ ചിയാന്‍ സ്വര്‍ണം നേടിയത്. രണ്ടു മിനിട്ടും 43 സെക്കന്‍ഡും കൊണ്ടാണ് വനിതാ റൈഡര്‍ വിപാവീ ഡികാബല്ലസ് സ്വര്‍ണത്തിലേക്ക് പാഞ്ഞെത്തിയത്.
പുരുഷവിഭാഗത്തില്‍ തായ്‌ലാന്റിന്റെ മെതാസിറ്റ് ബൂണ്‍സനെ വെള്ളിയും ഇന്‍ഡോനേഷ്യയുടെ റെന്‍ഡി വെറെര സഞ്ജയ വെങ്കലവും സ്വന്തമാക്കി. വനിതകളില്‍ വെള്ളിയും വെങ്കലവും ഇന്തോനേഷ്യന്‍ റൈഡര്‍മാര്‍ക്കാണ്. മിലതുല്‍ കഖിമ വെള്ളിയും റിസ്‌കാ അമേലിയ അഗസ്റ്റിന വെങ്കലവും നേടി. ഇന്ത്യയുടെ വനിതാറൈഡര്‍ ഹമോം ഉര്‍ബശി ദേവി അഞ്ചാമതും അനിസ്സ ലാംറേ ഏഴാമതും ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: