തിരുവനന്തപുരം: ടൂറിസത്തിന്റെ മറവില്‍ ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം. ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രം പറയുന്ന മൈക്രോസൈറ്റ് ‘ഇസ്ലാം ഇന്‍ കേരള’യ്ക്ക് ഖജനാവില്‍ നിന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ചത് 93.8 ലക്ഷം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണിത്. തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യംവച്ച പദ്ധതിയില്‍ കേരളത്തിലെ ഇസ്ലാമിന്റെ തുടക്കം, മസ്ജിദുകള്‍, അതിലെ വാസ്തുവിദ്യ, ജീവിത ശൈലി, സംസ്കാരം, ഇസ്ലാം കലാരൂപങ്ങള്‍, ഉറൂസുകള്‍ എന്നിവയെക്കുറിച്ചെല്ലാം മൈക്രോസൈറ്റില്‍ പ്രതിപാദിക്കാനാണ് നിര്‍ദേശം.
കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനെന്നാണ് ഭാഷ്യം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ‘ഇസ്ലാം ഇന്‍ കേരള’ വിഷയത്തില്‍ സര്‍ക്കാര്‍ മൈക്രോസൈറ്റ് തയാറാക്കുന്നുണ്ട്. ഇസ്ലാമിന്റെ കേരളത്തിലെ ചരിത്രം വിനോദ സഞ്ചാരികളെ അറിയിക്കുകയാണ് ഉദ്ദേശ്യം. എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഇതുമായി ബന്ധപ്പെട്ട സൈറ്റുകള്‍ തയാറാക്കും.
കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ഇസ്ലാമിന് പ്രധാന പങ്കുണ്ടെന്നാണ് മന്ത്രി റിയാസിന്റെ കണ്ടെത്തല്‍. ഇസ്ലാം മതത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിലൂടെ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് മന്ത്രി വിലയിരുത്തുന്നു. ഇതിലൂടെ മതപണ്ഡിതര്‍, ചരിത്രകാരന്മാര്, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വിദേശികള്‍ എന്നിവരെ കേരളത്തിലേക്ക് ആകര്‍ഷിക്കും. കേരളത്തില്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനം തുടങ്ങി ഇസ്ലാം വ്യാപാരികളുടെ വിവരങ്ങള്‍ വരെ സൈറ്റിലുണ്ടാകും.
ഇസ്ലാം മതത്തിന്റെ പ്രചാരണത്തിനായി വിനോദ സഞ്ചാരികള്‍ക്ക് കൈപ്പുസ്തകങ്ങള്‍ കൊടുക്കാന്‍ നീക്കമുണ്ട്. കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രം, മലബാര്‍ തീരത്തെ അവരുടെ ആദ്യ വാസ സ്ഥലങ്ങള്‍, കേരളത്തിലെ മുസ്ലിങ്ങളുടെ പാചക രീതി, മാപ്പിള പാചക രീതി, പേര്‍ഷ്യന്‍, യെമന്‍, അറബ് സ്വാധീനങ്ങള്‍, ജീവിത ശൈലി, മുസ്ലിം വിവാഹങ്ങള്‍, വിവാഹത്തിനു മുമ്പുള്ള ആചാരങ്ങള്‍, വിവാഹാനന്തര ചടങ്ങുകള്‍, ഇസ്ലാം വാസ്തുവിദ്യ തുടങ്ങിയവ മൈക്രോസൈറ്റിനോപ്പം കൈപ്പുസ്തകങ്ങളായും ഇറങ്ങും.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൈപ്പുസ്തകങ്ങള്‍ നല്‍കും. കേരളം ഇസ്ലാം സംസ്ഥാനമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമെന്ന് പരാതി ഉയരുന്നു. റിയാസിന്റെ ഇസ്ലാം പ്രീണനം സര്‍ക്കാരിലും വിവാദമായി. ഇസ്ലാം പ്രസിദ്ധീകരണങ്ങള്‍ക്കു വഴിവിട്ട് ടൂറിസം ഫണ്ടില്‍ നിന്നു പരസ്യയിനത്തില്‍ ലക്ഷങ്ങള്‍ കൊടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: