കൊല്‍ക്കത്ത: റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണത്തില്‍ ബംഗാള്‍ വനം മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തി.
കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്റെ രണ്ട് ഫ്ലാറ്റുകളില്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
റേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ ബാകിബുര്‍ റഹ്മാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജ്യോതിപ്രിയ മല്ലിക്കിന്റെ പങ്ക് പുറത്തുവന്നത്. മന്ത്രിയുടെ പേഴ്സണന് സ്റ്റാഫ് അമിത് ഡേയുടെ നാഗര്‍ബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി. നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു. ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം. സംസ്ഥാനത്തെ ഭക്ഷ്യ വിതരണ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും ഒരുവിഭാഗം റേഷന്‍ വിതരണക്കാരുടെയും സഹായം ഇല്ലാതെ ക്രമക്കേടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: