ഇസ്ലാമാബാദ്: ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിച്ചതിന് പാകിസ്ഥാനില്‍ അദ്ധ്യാപകനെക്കൊണ്ട് മാപ്പുപറയിപ്പിച്ചു. പരിണാമസിദ്ധാന്തം തെറ്റാണെന്ന് ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്ന അദ്ധ്യാപകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഒരു സംഘം ആത്മീയനേതാക്കള്‍ അദ്ധ്യാപകനെക്കൊണ്ട് മാപ്പപേക്ഷ വായിപ്പിക്കുകയായിരുന്നു. ബന്നുവിലെ സര്‍ക്കാര്‍ കോളജിലെ സുവോളജി വിഭാഗം അദ്ധ്യാപകന്‍ ഷേര്‍ അലിക്കാണ് മാപ്പപേക്ഷിക്കേണ്ടി വന്നത്. ഇസ്ലാമികതത്വങ്ങള്‍ക്ക് വിരുദ്ധമായ, പരിണാമസിദ്ധാന്തം ഉള്‍പ്പെടെയുള്ള ശാസ്ത്രീയവും യുക്തിപരവുമായ എല്ലാ ആശയങ്ങളും തെറ്റാണ്. സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ താണവരാണ്, എന്നാണ് അദ്ധ്യാപകന്‍ പേപ്പര്‍ നോക്കി വായിച്ചത്. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള അനാവശ്യ ഇടപെടലുകള്‍ അനുവദനീയമല്ലെന്നും മൂന്ന് പേജുള്ള മാപ്പപേക്ഷയില്‍ പറയുന്നു.
മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രമണിയാത്ത സ്ത്രീകളെ പിന്തുണച്ച് ഇസ്ലാം മതത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഷേര്‍ അലി പ്രസംഗിച്ചരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാപ്പപേക്ഷയ്‌ക്ക് നിര്‍ബന്ധിതനായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഷേര്‍ അലി ദുരാചാരം പ്രചരിപ്പിച്ച് ഇസ്ലാമിനെതിരെ സംസാരിക്കുന്നതായി മതനേതാക്കള്‍ വിമര്‍ശനവുമായെത്തിയിരുന്നു. അതേസമയം, മതനേതാക്കളുടെ സ്വാധീനം രാജ്യത്തുടനീളം പിടിമുറുക്കുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: