ചെറുവത്തൂര്‍: നൃത്തം സപര്യയാക്കിയ ഏതൊരാളുടെയും മോഹമാണ് നവരാത്രി കാലത്ത് കൊല്ലൂരിലെ ജഗദംബികാ സന്നിധിയില്‍ നൃത്തം ചെയ്യണമെന്നത്. അതിയായി ആഗ്രഹിച്ചാലും ഉത്സവസമയത്തെ കൊല്ലൂര്‍ ക്ഷേത്രത്തിലെ തിരക്കുമൂലം പലര്‍ക്കും അത് സഫലമാക്കാന്‍ കഴിയാറില്ല.
എന്നാല്‍ ചെറുവത്തൂര്‍ കുട്ടമത്ത് പള്ളിയില്‍ ഭഗവതി ക്ഷേത്ര മാതൃസമിതിയിലെ വീട്ടമ്മമാരുള്‍പ്പെടെയുള്ള പത്തംഗ സംഘം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നൃത്തശില്പം അവതരിപ്പിച്ച് ഭക്തരുടെ കൈയടി നേടി.
ചെറുവത്തൂര്‍ പള്ളിയില്‍ ഭഗവതി ക്ഷേത്ര പരിധിയിലെ വീട്ടമ്മമാരും റിട്ട. അധ്യാപികമാരും അധ്യാപികയും ഉള്‍പ്പെടുന്ന സംഘത്തിനാണ് കൊല്ലൂരിലെ നവരാത്രി ഉത്സവവേദിയില്‍ ചിലങ്കയണിയാന്‍ അവസരം ലഭിച്ചത്.
ജാനകി ശ്രീധരന്, ആശാ ബാലന്, രമ്യ ധനേഷ്, ജയ വേണുഗോപാല്‍, സുമതി കൃഷ്ണന്, ബിന്ദു, രേണുക കുഞ്ഞിക്കണ്ണന്, സതി രത്നാകരന്, രമ കരുണാകരന്, ആശ ഡി.നമ്പ്യാര്‍ എന്നിവരാണ് നൃത്തപ്പെരുമയുമായി വേദിയിലെത്തിയത്. എല്ലാവരും 50 നും 65 നുമിടയില്‍ പ്രായമുള്ളവരാണ്.
ഗണപതി സ്തുതിയോടെ ആരംഭിച്ച് ദേവിയെ വര്‍ണിക്കുന്ന വരികള്‍ക്കാണ് ഇവര്‍ ചുവടുവെച്ചത്. സുരേന്ദ്രന് പട്ടേനയുടെ ശിക്ഷണത്തിലായിരുന്നു നൃത്തപഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: