കൊച്ചി: അപകീര്‍ത്തികരമായ രീതിയിലോ ഭീഷണിപ്പെടുത്തി പണം വാങ്ങിയോ സിനിമാ റിവ്യു നടത്തിയാല്‍ കേസെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത് ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്ത് സിനിമാ റിവ്യുവുമായി ബന്ധപ്പെട്ട നല്കിയ പ്രത്യേക പ്രോട്ടോക്കോളിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിജിപി പ്രോട്ടോക്കോള്‍ സമര്‍പ്പിച്ചത്.
അപകീര്‍ത്തികരമായ രീതിയിലുള്ള റിവ്യുകള്‍ സൈബര്‍ കേസിന്റെ പരിധിയില്‍ വരും. പലപ്പോഴും വ്യാജ ഐഡികളില്‍ നിന്നാണ് അപകീര്‍ത്തികരമായ കമന്റുകളും മറ്റും ഉണ്ടാകുന്നത്. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുന്നതിന് പരിമിതിയുണ്ട്, ഡിജിപി അറിയിച്ചു.
എന്നാല്‍ നെഗറ്റീവ് റിവ്യൂവിന് തടസമില്ലെന്നും ഭീഷണിയും പണമാവശ്യപ്പെടുന്നതുമെല്ലാമാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. നെഗറ്റീവ് റിവ്യൂകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് മുബീന് റൗഫ് നല്കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്. സിനിമകള്‍ റിവ്യു ചെയ്തു തകര്‍ക്കുന്നതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: